ജയിലില്‍ കഴിയുന്ന തടവുകാരന് മകളുടെ വിവാഹം വെര്‍ച്ച്വലായി കാണുന്നതിനുള്ള അവസരം ഒരുക്കി ദുബായ് പോലീസ്. വിവാഹിതയാകുന്ന മകളെ കാണാനും അനുഗ്രഹിക്കാനുമുളള ആഗ്രഹം ബോധ്യപ്പെടുത്തിയ തടവുകാരൻ്റെ അഭ്യര്‍ത്ഥനയെ അനുസരിച്ച് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ജയിലില്‍ ഒരുക്കിയായിരുന്നു ഇത് നടപ്പിലാക്കിയത്.
ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെൻ്റാണ് തടവുകാരൻ്റെ മാനുഷിക ആഗ്രഹം പരിഗണിച്ച് നടപടി കൈക്കൊണ്ടത്. തടവുകാരുടെ മാനസികവും വൈകാരികവുമായ ക്ഷേമം കണക്കിലെടുത്താണ് അവരുടെ പ്രിയപ്പെട്ടവരുമായി സംവദിക്കാനുള്ള അവസരം പോലീസ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുടുംബത്തിൻ്റെ അഭ്യർത്ഥനയെ കൂടി പരിഗണിച്ച് ഓണ്‍ലൈനിലൂടെ തടവുകാരന് മകളുടെ വിവാഹം കാണാന്‍ സാധിച്ചു. ഇത്തരം അവസരം ഒരുക്കിയതിന് ദുബായ് പോലീസിനോട് നന്ദിയുണ്ടെന്ന് തടവുകാരന്‍ പ്രതികരിച്ചു.
തടവുകാരുടെ മാനസിക ആരോഗ്യവും കുടുംബ ബന്ധങ്ങളും സംരക്ഷിക്കുന്നതിന് ദുബായ് പോലീസ് പ്രത്യക പരിഗണന നല്‍കുന്നുവെന്ന് മേജർ ജനറല്‍ അലി അൽജുല്‍ഫാർ വ്യക്തമാക്കി. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ തടവുകാര്‍ക്ക് തെറ്റുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള മനോബലവും പോസിറ്റീവ് മനോഭാവവും നല്‍കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.