ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാനുമായുള്ള സംഘർഷത്തിനിടെ ബിഎസ്എഫ് ജവാൻ രാംബാബു പ്രസാദ് വീരമൃത്യു വരിച്ചു. ബീഹാറിലെ സിവാനിലെ വാസിൽപൂരിലെ താമസക്കാരനായിരുന്നു അദ്ദേഹം. 2018ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന രാംബാബു, ജമ്മു കാശ്‌മീരിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ ആയിരുന്നു സേവനം അനുഷ്‌ഠിച്ചിരുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ, തിങ്കളാഴ്‌ച അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 പ്രവർത്തിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ബുധനാഴ്‌ച വൈകുന്നേരത്തോടെ മൃതദേഹം ജവാൻ്റെ ഗ്രാമത്തിൽ എത്തിക്കും.
രാംബാബുവിൻ്റെ ഭാര്യ നാലുമാസം ഗർഭിണിയാണ്. അഞ്ജലിയും രാംബാബുവും 2024 ഡിസംബർ 14-നാണ് വിവാഹിതരായത്. അഞ്ജലി എയർ ഇന്ത്യയിൽ ആണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്‌ച രാവിലെ 11 മണിവരെ ഇരുവരും തമ്മിൽ ഫോൺ സംഭാഷണം ഉണ്ടായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.
അതിർത്തിയിൽ വെടിനിർത്തൽ നിലവിൽ വരുമ്പോൾ ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെന്നും ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ഭാര്യാപിതാവ് പറയുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിച്ചാൽ ഭാര്യയെ കാണാമെന്ന് രാംബാബു പറഞ്ഞിരുന്നു. എന്നാൽ പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാതെ ആ ധീരജവാൻ യാത്രയായത് ഹൃദയം തകരുന്ന വേദനയായി തീരുന്നു.
ബിഎസ്എഫ് ജവാൻ രാംബാബു സിങ്ങിൻ്റെ രക്തസാക്ഷിത്വത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ഒരു ലക്ഷം രൂപ ഓണറേറിയം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം അന്ത്യകർമ്മങ്ങൾ സംസ്ഥാന സർക്കാർ പോലീസ് ബഹുമതികളോടെ നടത്തും.