5 July 2024

രമേഷ് പിഷാരടിയുടെ കത്തിൽ അമ്മയുടെ മീറ്റിംഗ് വിവാദങ്ങൾ കൊഴുക്കുന്നു

പത്ര മാധ്യമങ്ങളിൽ ഞാൻ പരാജയപ്പെട്ടു എന്ന രീതിയിൽ വരുന്ന വാർത്തകൾ നമുക്ക് ഒഴിവാക്കാമായിരുന്നു. അതും എന്നേക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ.

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാളാകണം വിജയിയെന്നു ചൂണ്ടിക്കാട്ടി നടൻ രമേഷ് പിഷാരടി ‘അമ്മ’ നേതൃത്വത്തിനു കത്തു നൽകി. ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക്യൂട്ട‌ീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതു ചൂണ്ടിക്കാട്ടിയാണു രമേഷിന്റെ കത്ത്.

വോട്ടു കുറഞ്ഞവർക്കായി താൻ മാറി നിൽക്കേണ്ടി വന്നതു ജനഹിതം റദ്ദു ചെയ്യുന്നതിനു തുല്യമാണെന്നു കത്തിലുണ്ട്. തനിക്കു വോട്ടു ചെയ്തവർ പലരും വോട്ട് പാഴായതിനെപ്പറ്റി പരാതിപ്പെടുന്നു. ഈ സാഹചര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിൽ നോമിനേഷൻ പിൻവലിക്കാൻ തയാറാകുമായിരുന്നു. ഇതു പരിഹാരം ആവശ്യമുള്ള സാങ്കേതികപ്രശ്നമാണെന്നും സ്ത്രീസംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടനാഭേദഗതി വേണമെന്നും പിഷാരടി ആവശ്യപ്പെട്ടു. താൻ മാറി നിൽക്കേണ്ടി വന്ന സാഹചര്യം മനസ്സിലാക്കാതെ മാധ്യമങ്ങളിൽ താൻ പരാജയപ്പെട്ടു എന്ന രീതിയിൽ വാർത്ത വന്നതു തിര‍‍ഞ്ഞെടുപ്പിനു ശേഷം ‘അമ്മ’ പുറത്തുവിട്ട പത്രക്കുറിപ്പിൽ കാര്യങ്ങൾ യഥാവിധി വ്യക്തമാക്കാത്തതിനാലാണ്–പിഷാരടി പറഞ്ഞു.

രമേശ് പിഷാരടിയുടെ കത്തിന്റെ പൂർണരൂപം:

‘‘ഞാൻ രമേശ് പിഷാരടി, ഗൗരവമേറിയ ഒരു ആശയം പുതിയ ഭാരവാഹികളുമായി പങ്കുവയ്ക്കുന്നതിനാണ് ഔദ്യോഗികമായി ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥി ആയിരിക്കണം വിജയി. അപ്പോൾ മാത്രമേ അത് ജനങ്ങളുടെ തീരുമാനം ആകു. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും; അയാളെക്കാൾ വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറികൊടുക്കയും ചെയേണ്ടി വരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്ല്യമാണ്.

നമ്മുടെ സംഘടനയുടെ ബൈലോ പ്രകാരം ഭരണ സമിതിയിൽ കുറഞ്ഞത് 4 സ്ത്രീകൾ എങ്കിലും ഉണ്ടായിരിക്കണം എന്നുള്ളത് കൊണ്ട്; ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നേക്കാൾ വോട്ട് കുറവുള്ളവർക്കു വേണ്ടി ഞാൻ മാറി നിൽകേണ്ട സാഹചര്യം ഉണ്ടായി. അതിൽ പരാതിയോ പരിഭവമോ ഇല്ല. എന്നാൽ എനിക്കു വോട്ട് ചെയ്ത പലരും അവരുടെ വോട്ട് പാഴായതിനെക്കുറിച്ചു പരാതി പറയുമ്പോൾ ഉത്തരമില്ലാത്ത അവസ്ഥ ആണ് വന്നിട്ടുള്ളത്. മേലിൽ ഈ അവസ്ഥ ഉണ്ടാകാതിരിക്കണം.

പത്ര മാധ്യമങ്ങളിൽ ഞാൻ പരാജയപ്പെട്ടു എന്ന രീതിയിൽ വരുന്ന വാർത്തകൾ നമുക്ക് ഒഴിവാക്കാമായിരുന്നു. അതും എന്നേക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. ‘അമ്മ’ തിരഞ്ഞെടുപ്പിനു ശേഷം കൊടുത്ത പ്രസ് റിലീസിൽ ഈ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വം ആയിരുന്നു. സംഘടനയ്ക്ക് ഉള്ളിലുള്ളവർക്കു പോലും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയാത്ത പക്ഷം പൊതുജനത്തിനെയും മാധ്യമങ്ങളേയും പഴി പറയുകയും സാധ്യമല്ല,

  1. നേരത്തെ ഇത് വ്യകത്മാക്കിയിരുന്നെങ്കിൽ ഞങ്ങൾ പുരുഷന്മാരിൽ ആരെങ്കിലുമൊരാൾ നോമിനേഷൻ പിൻവലിക്കാൻ തയാറായിരുന്നു. അങ്ങനെയെങ്കിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു
  2. വനിതകൾക്കു വേണ്ടി 4 സീറ്റുകൾ നീക്കി വയ്ക്കുകയാണ് സംവരണം നടപ്പിലാക്കാനുള്ള എളുപ്പവഴി. അവിടെ പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക .
  3. മറ്റൊരു സ്ത്രീ സ്ഥാനാർഥി ജയിച്ചിരുന്നെങ്കിൽ ഈ പ്രശ്ന‌ങ്ങൾ ഉണ്ടാകില്ലായിരുന്നു എന്നും, ബൈലോയിൽ എല്ലാകാര്യങ്ങളും നേരത്തെ വ്യകത്മാക്കിയിരുന്നു എന്നും ന്യായം പറയാമെങ്കിലും ‘ജനാധിപത്യം ‘ എന്ന വാക്ക് അതിന്റെ പൂർണ അർഥത്തിൽ നടപ്പിലാക്കുവാൻ മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പുതിയ സമിതിയോട് അഭ്യർഥിക്കുന്നു.

എന്റെ സ്ഥാനത്ത് മറ്റൊരാൾക്കായിരുന്നു ഈ അവസ്ഥ വന്നത് എങ്കിലും ഭരണ സമിതിക്കു ഉള്ളിൽ നിന്നുകൊണ്ട് ഇതേ കാര്യങ്ങൾ ഞാൻ പറയുമായിരുന്നു. ഇതൊരു പരാതിയായി പരിഗണിക്കേണ്ടതില്ല. പരിഹാരമാവശ്യമുള്ള ഒരു സാങ്കേതിക പ്രശനം ആണ്. സ്ത്രീ സംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവും ആയ ബൈലോ അമെൻമെന്റ് നടത്തണം എന്ന് കൂടെ അവശ്യപ്പെടുന്നു. വിജയിച്ചവർക്കു ആശംസകൾ, വോട്ട് ചെയ്തവർക്ക് നന്ദി. ‘അമ്മ’യോടൊപ്പം ബഹുമാനപൂർവം.’’

കത്ത് പുറത്ത് വിട്ടതിനു ശേഷം വീണ്ടും അമ്മയുടെ മീറ്റിംഗ് വിവാദങ്ങൾ കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരെ അപമാനിച്ചത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ആണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News