യുഎഇയില്‍ വിരമിച്ചവരുടെ സൗകര്യത്തിനായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ദ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോർട് സെക്യൂരിറ്റിയാണ് 55 വയസിന് മുകളിലുള്ളവര്‍ക്ക് 5 വർഷത്തേക്ക് താമസ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
ഈ വിസയ്ക്ക് 55 വയസിന് മുകളിലുള്ള, യുഎഇയിലോ മറ്റ് രാജ്യങ്ങളിലോ കുറഞ്ഞത് 15 വർഷം ജോലി ചെയ്ത വ്യക്തികൾക്ക് അപേക്ഷിക്കാം. അർഹതയ്‌ക്കായി ചില സാമ്പത്തിക മാനദണ്ഡങ്ങളുമുണ്ട്. അപേക്ഷിക്കുന്നവർക്ക് 1 ദശലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകയോ സമ്പാദ്യമോ ഉണ്ടായിരിക്കണം. അതല്ലെങ്കിൽ, യുഎഇയിൽ താമസിക്കുന്നവർക്ക് 15,000 ദിർഹം മാസവരുമാനമോ വാർഷിക വരുമാനം 1.80,000 ദിർഹമോ ഉണ്ടായിരിക്കണം.
യുഎഇയ്ക്ക് പുറത്തുള്ളവർക്ക് 20,000 ദിർഹം മാസവരുമാനം ഉണ്ടായിരിക്കണം. സമ്പാദ്യത്തിന്റെ കാര്യമാവുമ്പോൾ, 1 ദശലക്ഷം ദിർഹം മൂല്യമുള്ള തുക 3 വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റായോ അല്ലെങ്കിൽ 500,000 ദിർഹം മൂല്യമുള്ള ഫിക്സഡ് ഡിപ്പോസിറ്റും 500,000 ദിർഹം മൂല്യമുള്ള വസ്തുവും ഉണ്ടായാലും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, അപേക്ഷയ്ക്ക് ഒരു ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ആവശ്യമാണ്.
വിസയ്ക്ക് യുഎഇ പാസ് വഴി എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം. യുഎഇ പാസിൽ ലോഗിൻ ചെയ്ത്, യുഎഇ ഐഡി താമസ വിസ സേവനം തിരഞ്ഞെടുക്കുക. വിവരങ്ങൾ നൽകുകയും ഫീസ് അടക്കുകയും ചെയ്യാം. അംഗീകൃത ഡെലിവറി കമ്പനികൾ വഴിയുള്ള ഐഡി കാർഡ് സ്വീകരിച്ച് വിസ പ്രക്രിയ പൂർത്തിയാക്കാം. സ്മാർട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഈ വിസയ്ക്ക് അപേക്ഷിക്കാം, എന്നാൽ വിസയ്ക്കായി യുഎഇ ഐഡി നിർബന്ധമാണ്.
അഞ്ചു വർഷത്തേക്ക് അനുവദിക്കുന്ന ഈ വിസ, കാലാവധി കഴിയുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്ക് പുതുക്കാൻ കഴിയും. വിശ്രമജീവിതത്തിനായുള്ള മികച്ച സൗകര്യങ്ങളോടെ യുഎഇയിൽ തുടരാനുള്ള അവസരമാണ് പുതിയ വിസ നൽകിയിരിക്കുന്നത്. ഇത് ജോലിയിൽ നിന്ന് വിരമിച്ച വിദേശ പൗരന്മാരെ, അവരുടെ ജീവിത പങ്കാളികളെയും ആശ്രിതരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.