രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി ശക്തമാകുന്നു. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്ന് രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുർജർ വിഭാഗം ഭീഷണി ആവർത്തിച്ചു.
മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരാട്ടം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുറുകുകയാണ്. ശേഷിക്കുന്ന ഒരു വർഷവും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് ശക്തമാക്കുന്നു.ഹൈക്കമാൻഡ് നീട്ടിയ ദേശീയ അധ്യക്ഷ സ്ഥാനം നിരസിച്ച ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായിട്ടില്ല. ഡിസംബർ വരെ കാത്തിരിക്കാനാണ് സച്ചിൻ പൈലറ്റിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.
നിലവിൽ മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തന്‍റെ നിലപാട് രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടേതടക്കം ആവശ്യം സച്ചിന്‍ വിഭാഗം എഐസിസിക്ക് മുന്‍പിലുമെത്തിച്ചിട്ടുണ്ട്.സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്ന് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കിയിട്ടുണ്ട്.