| ശ്രീകാന്ത് പികെ
ഒരു പക്ഷേ എസ് ഡി പി ഐ ഇത്രക്ക് പച്ചക്ക് യുഡിഎഫ് – ന് വേണ്ടി വോട്ട് ചോദിച്ചിറങ്ങുന്ന ഇലക്ഷൻ മലയാളികൾ കാണുന്നത് ഇതാദ്യമായിട്ടായിരിക്കും. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മുതൽ ഈ കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വരെ ഒളിഞ്ഞും തെളിഞ്ഞും എസ് ഡി പി ഐ കോൺഗ്രസ് – യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം പേരിൽ പോസ്റ്റർ അടിച്ചിറക്കി മഹല്ലുകൾ കേന്ദ്രീകരിച്ച് പള്ളിയിലെ ജുമാ നിസ്കാരത്തിന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി എസ് ഡി പി ഐ പരസ്യമായി ക്യാമ്പയിൻ ചെയ്യുന്ന ആദ്യ തെരഞ്ഞെടുപ്പാകും ഇത്.
വർഗ്ഗീയ വാദികളുടെ പിന്തുണ വേണ്ട എന്ന് പറയുന്ന കോൺഗ്രസ് എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് പറയുമോ എന്ന് കോൺഗ്രസ് പ്രതിനിധികളോട് ചോദിക്കുന്ന നാലോളം വീഡിയോ ക്ലിപ്പുകൾ കണ്ടു. ലോക്കൽ യൂത്ത് കോൺഗ്രസ് നേതാവിനോട് മുതൽ ജ്യോതികുമാർ ചാമാക്കാലയോടും എന്തിന് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനോട് നേരിട്ടും ചോദിച്ചു. ഒരൊറ്റയാൾ പോലും എസ് ഡി പി ഐ വോട്ടുകൾ വേണ്ട വേണ്ട എന്ന് പറയാൻ ധൈര്യപ്പെട്ടില്ല.
റിപ്പോർട്ടർ ചാനൽ പരിപാടിയിൽ മാദ്ധ്യമ സംഘം രാഹുൽ മാങ്കൂട്ടത്തിലിനോട് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയാമോ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോഴും, ചായക്ക് ചൂട് പോരാ, ബണ്ണിന് നല്ല ടേസ്റ്റുണ്ട് എന്നൊക്കെ പറഞ്ഞ് മെഴുകുകയാണ് അയാൾ ചെയ്തത്. വർഗ്ഗീയതയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. എസ് ഡി പി ഐ യുടെ കൂടെ ചേർന്നാണ് കോൺഗ്രസ് വർഗ്ഗീയതയെ തോൽപ്പിക്കാൻ പോകുന്നത്.
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്ന അന്ന് നടത്തിയ പ്രസംഗത്തിൽ നല്ലൊരു പങ്ക് പോപ്പുലർ ഫ്രണ്ടിനെതിരായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ പേരുള്ള ആളായിരുന്നു ഞാനെന്ന് പറഞ്ഞ വാര്യർ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾക്ക് ജാമ്യം ലഭിച്ചത് ആർ.എസ്.എസുമായുള്ള കൂട്ട് കച്ചവടമാണെന്നും പറയുകയുണ്ടായി. പക്ഷേ നിരോധിക്കപ്പെട്ട ശേഷം എക്സ് ആയ പോപ്പുലർ ഫ്രണ്ടുകാരും സീനിയർ എസ്.ഡി.പി.ഐക്കാരുമാണ് സന്ദീപ് വാര്യരെ അടുത്ത ഖലീഫ ഉമർ ആക്കാനായി കഷ്ടപ്പെടുന്ന ടീം.
ഒരു കൈ, മുസ്ലീങ്ങളെ കഴുത്തിൽ ടയറിട്ട് കത്തിച്ച് വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തവനും, മറു കൈ, ഇസ്ലാമിക വർഗ്ഗീയവാദികൾക്കും ഒരു പോലെ കൊടുക്കുന്ന കോൺഗ്രസ് യാതൊരു ചോദ്യങ്ങളും അഭിമുഖീകരിക്കാതെ കേരള പൊതു സമൂഹത്തിന് മുന്നിൽ ഇളിച്ചു നിക്കുന്നു. ഷാഫി പറമ്പിലിന് ധർമ്മരാജൻ 4 കോടി രൂപ കൈമാറി എന്ന് കെ. സുരേന്ദ്രൻ പല തവണ ആവർത്തിച്ചു, വെല്ലു വിളിച്ചു. ഒരക്ഷരം കൊണ്ട് ഷാഫി അതിനോട് പ്രതികരിച്ചിട്ടില്ല.
ഹോണറബിൾ മാഡം ദിവസമൊന്ന് വച്ച് ഓരോ ആരോപണം പറയുന്ന കാലത്ത് യൂത്തന്മാരെ കൂട്ടി നാട്ടിൽ അക്രമ സമരം നടത്തിയ നേതാവായിരുന്നു ഷാഫി. എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നായിരുന്നു അന്ന് മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇപ്പോൾ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ആവർത്തിച്ച് ഒരേ ആരോപണം ഉന്നയിച്ചിട്ടും ഷാഫിക്ക് അത്തരം ചോദ്യങ്ങളൊന്നും നേരിടേണ്ട ബാധ്യതയില്ല.
നൂറ്റാണ്ടുകളുടെ പോരാട്ട ഫലമായി കേരളം ആർജിച്ച നവോത്ഥാന മൂല്യങ്ങൾ പൂട്ടിയിട്ട എല്ലാ ജാതി – മത – പിന്തിരിപ്പൻ ശക്തികളേയും കേരളത്തിന്റെ പൊതു സാമൂഹ്യ ധാരയിലേക്ക് വീണ്ടും തുറന്നിട്ടതാണ് കോൺഗ്രസിന്റെ വിമോചന സമരത്തിന്റെ സംഭാവന. അതിന് ശേഷം ശബരിമല പ്രക്ഷോഭമെന്ന പേരിൽ വിശ്വാസികളുടെ വികാരത്തെ ചൂഷണം ചെയ്തു വീണ്ടും ഇത്തരം പിന്തിരിപ്പൻ കൂട്ടത്തിന് സ്വീകാര്യതയുണ്ടാക്കി. ഇപ്പോൾ ജമാ അത്തെ ഇസ്ലാമി – എസ് ഡി പി ഐ പോലെയുള്ള വർഗ്ഗീയ – തീവ്രവാദ സംഘടനകളേയും കേവല ലാഭങ്ങൾക്കായി കൂടെ കൂട്ടി സ്വീകാര്യതയുണ്ടാക്കി കൊടുത്ത് കോൺഗ്രസും ലീഗും ചെയ്യുന്ന ദ്രോഹം കേരളത്തിലെ ജനങ്ങളോട് മുഴുവനുമാണ്.
എസ്.ഡി.പി.ഐ – ആർ.എസ്.സ് പിന്തുണ വേണ്ട എന്ന് സി.പി.ഐ.(എം) ആവർത്തിച്ചു പറയുമ്പോൾ എന്ത് കൊണ്ട് കോൺഗ്രസ് അത് പറയുന്നില്ല എന്ന് ചോദിച്ചപ്പോൾ ഒരു കോൺഗ്രസ് സുഹൃത്ത് പറഞ്ഞത്, കിട്ടില്ല എന്ന് ഉറപ്പുള്ള വോട്ടുകൾ വേണ്ടെന്ന് പറയാൻ എളുപ്പമാണല്ലോ എന്നാണ്. അപ്പോൾ എസ് ഡി പി ഐ സംഘി വോട്ടുകൾ സ്വാഭാവികമായി ആർക്ക് കിട്ടില്ല എന്നും , ആർക്കാണ് കിട്ടുക എന്നും കോൺഗ്രസുകാർക്ക് നന്നായി ഉറപ്പുണ്ട്.
അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നിൽ എസ് ഡി പി ഐ, വെൽഫയർ പാർടികളെ യുഡിഎഫ് മുന്നണിയിലെടുത്താൽ കുറച്ച് കൂടി ഭംഗിയാകും. സന്ദീപ് വാര്യർ സംഭാവന കൊടുക്കാൻ പോകുന്ന സ്ഥലത്ത് നിർമ്മിക്കുന്ന ആർ.എസ്.എസ് കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് എസ് ഡി പി ഐ നേതാക്കൾ മുഖ്യാഥിതികൾ ആകട്ടെ. സ്നേഹത്തിന്റെ ചായക്കടയിൽ വർഗ്ഗീയത ചമ്മി പോകട്ടെ.. നെന്മകൾ പരക്കട്ടെ.