ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി.
രാവിലെ 11:59ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തിയ ശ്രീലങ്കൻ എയർലൈൻസിൻ്റെ UL122 വിമാനത്തിലാണ് സമഗ്രമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയത്.
പഹൽഗാമിൽ നിന്നുള്ള ആറ് പ്രതികൾ വിമാനത്തിൽ ഉണ്ടെന്ന് ഇന്ത്യൻ അധികൃതർ ശ്രീലങ്കയെ അറിയിച്ചിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്ക് പ്രതികൾ എത്തിയതായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ പോലീസ്, ശ്രീലങ്കൻ വ്യോമസേന, വിമാനത്താവള സുരക്ഷാ യൂണിറ്റുകൾ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തിയതായി പ്രാദേശിക റിപ്പോർട്ടുകൾ. എന്നാൽ സംശയിക്കപ്പെടുന്ന ആരെയും കണ്ടെത്തിയില്ല.
ചെന്നൈ ഏരിയ കൺട്രോൾ സെൻ്റെറിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി എയർലൈൻ അറിയിച്ചു. ചെന്നൈയിൽ എത്തിയ ഉടനെ വിമാനം വിശദമായി പരിശോധിക്കുകയും തുടർന്ന് കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ചെയ്‌തുവെന്ന് ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു.
ഏപ്രിൽ 22 ന് ജമ്മു കാശ്‌മീരിലെ പഹൽഗാമിലെ മനോഹരമായ ബൈസരൻ പുൽമേട്ടിൽ പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികൾ ഒരു നേപ്പാൾ വിനോദ സഞ്ചാരിയും ഒരു പോണി റൈഡ് ഓപ്പറേറ്ററും ഉൾപ്പെടെ 26 സാധാരണക്കാരെയാണ് കൂട്ടക്കൊല ചെയ്‌തത്.
രാജ്യത്തെ പ്രമുഖ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന് ചുമതല.
ഇന്ത്യ പാകിസ്ഥാനെതിരെ വേഗത്തിൽ നടപടിയെടുക്കുകയും സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്‌തു. ഈ കരാർ പ്രകാരം സിന്ധു നദിയിൽ നിന്നുള്ള വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാനോ വഴിതിരിച്ചു വിടാനോ ഡൽഹിക്ക് കഴിയും. ഇത് ആ രാജ്യത്തെ ഒരു പ്രധാന ജലവിതരണ സ്രോതസ്സിനെ തടസപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയും വരുന്ന പാഴ്‌സലുകളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ പാകിസ്ഥാൻ കപ്പലുകൾ നങ്കൂരമിടുന്നത് വിലക്കിയിട്ടുണ്ട്. പാകിസ്ഥാൻ പൗരന്മാരുടെ വിസകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഇന്ത്യൻ മണ്ണ് വിടാൻ ചൊവ്വാഴ്‌ച വരെ സമയപരിധി നൽകിയിരുന്നു.
ഇതിന് മറുപടിയായി, സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തി. കൂടാതെ, ഇരുരാജ്യങ്ങളും വാഗ- അട്ടാരി ക്രോസിംഗ് അടച്ചുപൂട്ടുകയും നയതന്ത്ര ബന്ധങ്ങൾ തരംതാഴ്ത്തുകയും ചെയ്തു.