| പികെ സുരേഷ്‌കുമാർ
” നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സയൻസിനെ പ്രമോട്ട് ചെയ്യാൻ കഴിയണം.എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്…, വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നായിരുന്നു.ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം ആണ്. പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ട് പിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്സ് എന്നെഴുതുന്നത് തെറ്റും പുഷ്പക വിമാനം എന്നത് ശെരിയും ആകുന്നത്.
ചിലർ കല്യാണകഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതെ വന്നാൽ ട്രീറ്റ്മെന്റിന് പോകും, അതാണ് ഐ വി എഫ്.അതിന്റെ പ്രത്യേകത ചിലപ്പോ ട്വിൻസ് ഉണ്ടാകും,ചിലപ്പോ ത്രിപ്പിൾസ് ഉണ്ടാകും.അതിന്റെ പ്രത്യേകത അതാണ്.അവര് പറയുന്നു ഇത് നേരത്തേയുള്ളതാ…അതാണ് കൗരവപ്പട.കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
മെഡിക്കൽ സയൻസ് കൂടുതൽ കൂടുതൽ മൈക്രോ ആയി.സെർജ്ജറി പ്ലാസ്റ്റിക് സർജ്ജറി ആയി.പ്ലാസ്റ്റിക് സർജ്ജറി മെഡിക്കൽ സയൻസിന്റെ പുതിയ കണ്ട് പിടിത്തം ആണ്.ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സർജറി പണ്ടേയുള്ളത് ആണെന്നാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയണം.”
ഹിന്ദുത്വവാദികൾ മുതൽ സുകുമാരൻ നായരെ വരെ പ്രകോപിപ്പിക്കുന്ന, സ്പീക്കർ എ എൻ ഷംസീർന്റെ വിദ്യാജ്യോതി സ്ലേറ്റ് ‘ എന്ന ശാസ്ത്ര പരിപാടിയിൽ സ്കൂളിലെ കുട്ടികളോട് പ്രസംഗിച്ചതിന്റെ ചുരുക്കമാണിത്. മിത്തല്ല, ശാസ്ത്രമാണ് വലുതെന്ന് ചിന്തിക്കുന്ന മനുഷ്യർ കുറഞ്ഞ് വരുന്ന വർത്തമാന കാലത്ത് ഈ വിഷയത്തിൽ ഷംസീറിനൊപ്പം നിൽക്കുക എന്നതിന്, ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്നൊരു നിലപാട് കൂടിയുണ്ട്.























