“കുട്ടി സിംഗിളാണോ?” യുവതികൾക്ക് സമൂഹത്തില്‍ പതിവായി ഈ ചോദ്യം നേരിടേണ്ടിവരാറുണ്ട്. പ്രത്യേകിച്ച് മുപ്പതുകൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്ന സ്ത്രീകളെ കുറിച്ചുള്ള വിലയിരുത്തൽ ഏകാന്തത, ദുരിതം, ഒറ്റപ്പെടൽ, നിർഭാഗ്യം എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് സമൂഹം പതിവാക്കിയിരിക്കുന്നത്. ജീവിതം സിംഗിളായി ആസ്വദിക്കുന്നവരെ പരിഹസിക്കുന്ന പ്രവണതയും സമൂഹത്തിൽ വ്യാപകമാണ്. സെലിബ്രിറ്റികളും ഇത്തരം ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഇരയാകാറുണ്ട്.
എന്നാൽ സിംഗിളായി ജീവിക്കുന്നവരെയാണ് ഏറ്റവും സന്തോഷവാന്മാരായി പുതിയ പഠനം വിശേഷിപ്പിക്കുന്നത്. സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം, പങ്കാളികളുള്ള സ്ത്രീകളെയും സിംഗിളായ പുരുഷന്മാരെയും അപേക്ഷിച്ച് സിംഗിളായ സ്ത്രീകൾ കൂടിയ സന്തോഷം അനുഭവിക്കുന്നവരാണെന്നാണ് കണ്ടെത്തൽ.
റിലേഷന്ഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവങ്ങൾ, ജീവിതത്തിൽ അനുഭവപ്പെടുന്ന സംതൃപ്തി എന്നിവയിലെല്ലാം ഉയർന്നതോതിലാണ് സിംഗിളായ സ്ത്രീകളെന്ന് പഠനം വ്യക്തമാക്കുന്നു. അവിവാഹിതരായ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലേക്കുള്ള ആഗ്രഹം കുറഞ്ഞതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
“സിംഗിള്‍ഹുഡ്” ഒരുപ്രധാനമായ ജീവിത സ്ഥിതിയാണെന്ന് സമൂഹം അംഗീകരിക്കാത്തത് വലിയ പ്രശ്നമാണെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020നും 2023നും ഇടയിൽ നടത്തിയ 10 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പഠനത്തിന്റെ ഭാഗമാക്കി. 18 മുതൽ 75 വയസുവരെ പ്രായമുള്ളവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്. സിംഗിളായവരുടെയും പങ്കാളികളുള്ളവരുടെയും മാനസികാവസ്ഥകളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇത്തരമൊരു പഠനത്തിലേക്ക് എത്തിയത്.
സിംഗിളായി ജീവിതം ആസ്വദിക്കുന്നവരിൽ നിന്ന് സമൂഹം മാറ്റിനോക്കുന്ന സമീപനമാണ് സിംഗിള്‍ഹുഡ് സംബന്ധിച്ച തെറ്റിദ്ധാരണകൾക്കും പരിഹാസങ്ങൾക്കും കാരണമാകുന്നത്. ഈ ധാരണകളെ നിഷേധിക്കുകയും സിംഗിളായവരുടെ അനുഭവങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ഈ പുതിയ പഠനം.