പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്‌മീരിലെ സോനാമാര്‍ഗ് തുരങ്കപാത തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്‌തു. ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും പങ്കെടുത്തു.
തുരങ്കപാതയുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ശേഷം തുരങ്കത്തിൻ്റെ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. പ്രശസ്‌തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദ കേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
സോനാമാര്‍ഗ് തുരങ്കപാത
ജമ്മു കാശ്‌മീർ സോനാമാര്‍ഗ് തുരങ്കത്തിന് 12 കിലോമീറ്ററാണ് ദൈര്‍ഘ്യം. മൊത്തം 2700 കോടി രൂപയാണ് ചെലവ്. പ്രധാന സോനാമാര്‍ഗ് തുരങ്കം, ഒരു എഗ്രസ് തുരങ്കം (പുറത്തേക്കുള്ള വഴി), അപ്രോച്ച് റോഡുകള്‍ എന്നിവ അടങ്ങുന്നതാണ് ഈ തുരങ്ക പാത.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8650 അടി ഉയരത്തിലാണ് തുരങ്കപാത സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിനും സോനാമാര്‍ഗിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും സുഗമമായ യാത്ര ഉറപ്പുവരുത്താന്‍ തുരങ്കപാത സഹായിക്കും. ലേയുമായാണ് ഇത് ബന്ധിപ്പിക്കുന്നത്.
വര്‍ഷം മുഴുവനും ഇവിടേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ പാത സഹായിക്കുന്നു. ഇത് ശൈത്യകാലത്തെ വിനോദസഞ്ചാരം, സാഹസിക കായിക വിനോദങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പ്രാദേശിക വരുമാനം വര്‍ധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള പാതകള്‍ ഒഴിവാക്കാനും തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാനും തുരങ്കപാത സഹായിക്കും. മെച്ചപ്പെട്ട കണക്ടിവിറ്റിയിലൂടെ ഈ പ്രദേശത്തേക്ക് ചരക്കുകളും ഉദ്യോഗസ്ഥരെയും എളുപ്പത്തില്‍ എത്തിക്കാമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് ഗുണം ചെയ്യും.
2028 ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്ന് കരുതുന്ന സോജില തുരങ്കപാത ഉള്‍പ്പെടുന്ന വലിയ സംരംഭത്തിൻ്റെ ഭാഗമാണ് സോനാമാര്‍ഗ് തുരങ്കം. രണ്ട് തുരങ്കങ്ങളും പ്രവര്‍ത്തനക്ഷമം ആകുന്നതോടെ കാശ്‌മീരിലേക്കുള്ള ഗതാഗതം ഗണ്യമായി മെച്ചപ്പെടും. ഈ തുരങ്കപാത വരുന്നതോടെ ലേയ്ക്കും ശ്രീനഗറിനുമിടയിലുള്ള ദൂരം 49ല്‍ നിന്ന് 43 കിലോമീറ്ററായി കുറയും. അതേസമയം, യാത്രാ വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്നത് 70 കിലോമീറ്ററായി വര്‍ധിക്കുകയും ചെയ്യും.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.