ഇന്ന് ഇന്ത്യയ്ക്ക് ടോസ് ലഭിച്ചപ്പോൾ ബോളിങ് തിരഞ്ഞെടുക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ തങ്ങൾക്ക് ബാറ്റിംഗ് തന്നെ മതിയെന്നും ആ വെല്ലുവിളി തങ്ങൾ ഇഷ്ടപെടുന്നു എന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.
അദ്ദേഹം എന്താണോ പറഞ്ഞത് അതിനെ ശരിവെക്കുന്ന ഇന്ത്യൻ ബാറ്റർമാരെയാണ് ജോഹന്നാസ്ബർഗിൽ കാണാൻ സാധിച്ചത്. സഞ്ജുവും അഭിഷേകുമാണ് പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തന്നെ പുറത്താക്കിയ ജാൻസനെതിരെ ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു കോട്സിയ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ തന്നെ സ്വത സിദ്ധമായ ശൈലിയിലേക്ക് വന്നു.
മറുവശത്താവട്ടെ അഭിഷേകും ഫുൾ ഫ്ലോയിൽ എത്തിയപ്പോൾ ഇന്ത്യൻ സ്കോറിലേക്ക് ബൗണ്ടറി മഴ പെയ്തിറങ്ങി തുടങ്ങി. ഏത് ബോളർ ഏത് ലെങ്ത് എറിഞ്ഞാലും ഒന്നും നോക്കാതെ ഇരുവരും എതിരാളികളെ ആക്രമിച്ചു. പിന്നാലെ 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് മടങ്ങി. അടുത്തത് തിലകിന്റെ വരവ്.
അവസാന മത്സരത്തിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ തിലക് സഞ്ജുവിനൊപ്പം ചേർന്നതോടെ സിക്സറുകളുടെ മഴയാണ് കാണാൻ കഴിഞ്ഞത് . സിംഗിൾ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാഴ്ചയായി മാറി . ഇരുവരും മത്സരിച്ച് റൺ നേടിയതോടെ ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ കഷ്ടമായി. ഒടുവിൽ ആവനാഴിയിലെ മുഴുവൻ അസ്ത്രവും ഉപയോഗിച്ച സൗത്താഫ്രിക്കൻ നായകൻ മാർക്രം കാണികളെ കൊണ്ട് വരെ പന്തെറിയിപ്പിക്കാൻ തയാറായി നിൽക്കുന്ന രീതിയിലാണ് നിന്നത്.
ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യ 283/1 എന്ന സ്‌കോർ നേടി – ബംഗ്ലാദേശിനെതിരെ 297/6 എന്ന സ്‌കോറിന് ശേഷം ടി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ.