സൈനിക അഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്- ഫയർ സൈനിക അഭ്യാസത്തിനിടെ ആണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് പതിച്ചു. സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിലാണ് പതിച്ചത്.
പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2 കെഎഫ് 16 യുദ്ധ വിമാനങ്ങളിൽ നിന്ന് എട്ട് ബോംബുകളാണ് നഗരത്തിലെ ജനവാസ മേഖലയിലേക്ക് പതിച്ചത്. രണ്ട് കെട്ടിടങ്ങളും ആരാധനാലയത്തിൻ്റെ ഒരു ഭാഗവും ഒരു ട്രക്കും തകർന്നു. പരിക്കേറ്റ 15 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
പൈലറ്റ് തെറ്റായ നിർദ്ദേശം നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദക്ഷിണ കൊറിയൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു നാശനഷ്‌ടങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുമെന്ന് വ്യോമസേനയും അറിയിച്ചു.
അടുത്തയാഴ്‌ച ആരംഭിക്കാനിരിക്കുന്ന വാർഷിക സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയും യുഎസ് സേനയും തങ്ങളുടെ ആദ്യത്തെ സംയുക്ത ലൈവ്- ഫയർ അഭ്യാസങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.