കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഇനി ബഹിരാകാശ സാറ്റ്‌ലൈറ്റുകള്‍ തന്നെ ഉപയോഗിക്കാനാകും. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയുന്നതിന് സഹായകരമാകും.
ആര്‍എംഐടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നതനുസരിച്ച്, മണല്‍, വെള്ളം, പ്ലാസ്റ്റിക് എന്നിവയില്‍ പ്രകാശം എങ്ങനെയാണ് പ്രതിഫലനം നടത്തുന്നതെന്ന് വിശകലനം ചെയ്ത് ഒരു ഉപഗ്രഹ ഇമേജറി ടൂള്‍ ഗവേഷകര്‍ വികസിപ്പിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി വിക്ടോറിയയിലെ ഒരു ബീച്ചില്‍ വിവിധ തരം 14 ഇനം പ്ലാസ്റ്റിക് നിക്ഷേപിച്ചുകൊണ്ട് ഉപഗ്രഹ ഡാറ്റയിലൂടെ ഇവ തിരിച്ചറിയാനുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
മുൻപ്, കടലില്‍ ഒഴുകിനടക്കുന്ന വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ഭൂനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ബീച്ചുകളിലെ മണലില്‍ അടിഞ്ഞുകൂടിയ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്താന്‍ സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമായാണ് പുതിയ സാങ്കേതികവിദ്യയെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. മെയ്റിന്‍ പൊല്യൂഷന്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുതിയ ഉപഗ്രഹ സാങ്കേതികവിദ്യ ബീച്ചുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും സഹായകരമാകുമെന്ന് വിശദീകരിക്കുന്നു.
600 കിലോമീറ്ററിലധികം ഉയരത്തില്‍ ബഹിരാകാശത്തില്‍നിന്ന് ബീച്ചുകളില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് തിരിച്ചറിയാന്‍ പുതിയ ഉപഗ്രഹ ഇമേജറി സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് ആര്‍എംഐടി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യയെ കാട്ടുതീ കണ്ടെത്താനും മാപ്പിംഗ് ചെയ്യാനുമുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ക്കും വിപുലീകരിച്ചിരിക്കുകയാണെന്നും ആര്‍എംഐടി ഗവേഷകര്‍ വ്യക്തമാക്കി.