ആപ്പിൾ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ഇന്ത്യയിലെത്തി ‘കമല’യായി. മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ലോറീൻ പ്രയാഗ്‌രാജിൽ ശനിയാഴ്‌ച രാത്രി 40 അംഗ സംഘത്തോടൊപ്പം ക്യാമ്പിലെത്തി.
കുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്‌നാനം ചെയ്യാനുമെത്തിയ ലോറീൻ പവൽ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും സ്വീകരിച്ചു.
ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കാണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.
61-കാരിയായ ലോറീൻ മൂന്നാഴ്‌ച ഉത്തർപ്രദേശിൽ ഉണ്ടാകും. “കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും ഗംഗയിൽ സ്‌നാനം ചെയ്യും.” -ലോറീൻപറഞ്ഞു
തറയിൽ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്‌ത ആഹാരമോ മറ്റ് തീർത്ഥാടകർ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവർഗങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.
മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് പ്രയാഗ്‌രാജിൽ സമാപിക്കും. 12 വർഷത്തിൽ ഒരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സർക്കാർ വിപുലമായ സുരക്ഷാ നടപടികളാണ് ആഘോഷത്തിന് സ്വീകരിച്ചിരിക്കുന്നത്.