ദീര്‍ഘകാലം പങ്കാളിയില്ലാതെ ജീവിക്കുന്നത് ആരോഗ്യപരമായും സാമ്പത്തികമായും പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സൈക്കോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍, വിവാഹിതരായവരേക്കാള്‍ ഒറ്റയ്ക്കുള്ളവര്‍ക്ക് ജീവിതത്തില്‍ സംതൃപ്തിയില്ലായ്മ കൂടിയെന്നാണ് കണ്ടെത്തല്‍.
ഓരോ വര്‍ഷവും പ്രായം കൂടുന്നതിനനുസരിച്ച്, ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് വൈകാരിക വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതായും പഠനം വ്യക്തമാക്കുന്നു. പരസ്പര ആശ്രയത്വം പ്രായം കൂടുമ്പോള്‍ അനിവാര്യമാകുന്നുവെന്നും ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ മറ്റുള്ളവരുമായി ആരോഗ്യമുള്ള ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത് അത്യാവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
യൂറോപ്പില്‍ താമസിക്കുന്ന 77,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത്തരം കണ്ടെത്തലുകള്‍. ജീവിതത്തില്‍ പങ്കാളികളില്ലാത്തവരും ഉള്ളവരുമായ വ്യക്തികളുടെ സ്വഭാവ സവിശേഷതകളില്‍ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. ദീര്‍ഘകാലം ഒറ്റയ്ക്ക് ജീവിക്കുന്നവരെക്കാളും പങ്കാളികളുള്ളവര്‍ക്ക് സാമൂഹിക ഇടപെടലുകളില്‍ മെച്ചമാണ് കാണുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.
അതേസമയം, പങ്കാളിയില്ലാത്ത സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ജീവിത സംതൃപ്തിയില്‍ മുന്നിലാണെന്നും പഠനം വ്യക്തമാക്കുന്നു. യുവകാലത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നു തോന്നുന്നവരില്‍ പോലും പ്രായം കൂടുന്നതിനനുസരിച്ച് മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.