പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25-ലധികം പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്‌തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാക്കിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ- താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തു. പാക്കിസ്ഥാൻ താലിബാൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമായ മേഖലയാണിത്.
കഴിഞ്ഞ നവംബറിൽ ഒരു സുരക്ഷാ പോസ്റ്റിൽ നടന്ന ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 12 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.