| പ്രജിത്ത് ഉലൂജി
പണ്ട്, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർക്ക് ജോലി ചെയ്തതിനുള്ള കൂലി ചോദിക്കാൻ അവകാശമില്ലായിരുന്നു. ചോദിച്ചവരൊക്കെയും തമ്പുരാന്റെ ഗുണ്ടകളുടെ ചവിട്ടേറ്റ് കണ്ടത്തിലെ ചെളിയിൽ വീണിരുന്നു. പാവങ്ങൾ ജൻമി ഔദാര്യമായി തരുന്നത് വാങ്ങി ഏറാൻ മൂളി കഴിഞ്ഞിരുന്ന കാലത്ത് പാടത്തിന്റെ വരമ്പിലൊരു ചുവന്ന കൊടിയുയർന്നു. അധ്വാനിക്കുന്ന മനുഷ്യർക്ക് സംഘടിക്കാനും മുഷ്ടി ചുരുട്ടാനും, കൂലി ചോദിച്ചു വാങ്ങാനും അവരെയത് പ്രാപ്തരാക്കി.
ചുവന്ന കൊടി പിടിച്ചവരുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ഭൂപരിഷ്കരണം നടപ്പിലാക്കി പാവപ്പെട്ടവരെ പണിയെടുക്കുന്ന മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടിയപ്പോൾ ആ മണ്ണിൽ സ്വർണം വിളയിക്കാനും, അതിലൊരു കൂര ഉയർത്താനും അവന് സാധിച്ചു. അന്നൊരുക്കിയ നിലത്താണ് നമ്മളിന്ന് നിവർന്ന് നിൽക്കുന്നത്.
അവസരങ്ങളുടെ പുതിയൊരു വാതിൽ തുറന്ന് മരുഭൂമി വിളിച്ചപ്പോൾ, പണയമായി വെക്കാൻ അവർക്ക് പറമ്പിന്റെ ആധാരം കയ്യിലുണ്ടായിരുന്നു. വലിയ സ്വപ്നങ്ങളുമായി പറന്നവർ പിറന്ന നാടിനെ പുതുക്കി പണിതു. നാടു വളർന്നു, നാടൊട്ടുക്കും സഹകരണ സംഘങ്ങളും. അതിലെ കൊടുക്കൽ വാങ്ങലുകളിലൂടെ അഭിമാനത്തോടെ മലയാളിയും വളർന്നു.
ജാതിയിലുയർന്നവനും പണമുള്ളവനും മാത്രം പ്രാപ്യമായ വിദ്യാഭ്യാസത്തെ എല്ലാവർക്കും എത്തിപ്പിടിക്കാൻ പാകത്തിൽ ഒരു വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റുകാർ ദീർഘദർശനം ചെയ്തു. അക്ഷരമെഴുതാൻ ആളുകളെ പഠിപ്പിച്ച്, സാക്ഷരതാ പ്രസ്ഥാനം നാടു നീളെ നടന്നു, നൂറു വയസുകാരിയും നാലാം ക്ലാസ് തുല്യതയെഴുതുന്ന നാടായി കേരളം മാറി. മുക്കിന് മുക്കിന് വായനശാലകൾ ഉയർന്നപ്പോൾ പഠനമെന്നത് മരണം വരെ തുടരുന്ന നൈരന്തര്യമെന്ന് ഈ നാട് പഠിച്ചു.
നടന്നെത്താവുന്ന ദൂരത്തിൽ സ്കൂളുകളും, ഒരു പഞ്ചായത്തിൽ തന്നെ മൂന്നും നാലും ഹൈസ്കൂളുകളും, അതു വഴി സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നൽകി, അവരുടെ വയറെരിയാതിരിക്കാൻ ഉച്ചക്കഞ്ഞി നൽകി കേരളം കുഞ്ഞു മക്കളെ ചേർത്തു പിടിച്ചു. നാടൊട്ടുക്കും പടർന്നു നിൽക്കുന്ന അംഗൻവാടികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വഴി ശിശു-ആരോഗ്യമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾ ഉയർന്നു വന്നു.
കീശ ചോരാതെ ഏതൊരാൾക്കും പ്രാഥമിക ചികിത്സ ഉറപ്പു വരുത്തുന്ന നാടായി കേളം മാറി. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള, സ്ത്രീ പുരുഷ അനുപാതത്തിൽ സ്ത്രീകൾ മുന്നിലുള്ള, ആയുർദൈർഘ്യത്തിൽ ലോക നിലവാരമുള്ള ഹ്യൂമൺ ഡെവലപ്മെൻറ് ഇൻഡക്സിൽ രാജ്യത്ത് നമ്പർ വണ്ണായി കേരളം കുതിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യമുള്ള, സ്ത്രീകളുടെ അന്തസിന്റെയും സാമൂഹ്യക്ഷേമ മികവിന്റെയും തിലകക്കുറിയായ കുടുംബശ്രീയുള്ള, ജനസംഖ്യയുടെ മൂന്നിലൊന്നും ക്ഷേമപെൻഷൻ ഗുണഭോക്താവാകുന്ന, ചെയ്യുന്ന ജോലിക്ക് കൂലി അന്തസോടെ ചോദിച്ചു വാങ്ങാൻ കഴിയുന്ന, അഭിമാനബോധത്തോടെ തൊഴിലാളിക്ക് സംഘടിക്കാൻ കഴിയുന്ന ക്ഷേമ സമൂഹമായി കൊച്ചു കേരളം മാതൃകയായി.
വിലക്കയറ്റം പിടിച്ചു നിർത്താൻ പാവപ്പെട്ടവന്റെ അടുപ്പ് പുകയാൻ മാവേലി സ്‌റ്റോറുകളിൽ ന്യായവിലയും, റേഷൻ കടവഴി അരിയുമെത്തിച്ച് പട്ടിണിക്കിടാതെ ഒരു നാടിനെ കാക്കാമെന്ന് കേരളം കാട്ടി തന്നു.
വർഗ്ഗീയതയെ പടിക്കപ്പുറം നിർത്തുന്ന, വിശപ്പിനും കണ്ണീരിനും മതഭേദമോ, പ്രളയത്തിനും കൊറോണക്കും ജാതിഭേദമോ ഇല്ലെന്ന് ലോകത്തെ പഠിപ്പിക്കുന്ന നാടായി കേരളം മാറി.
നിറഗർഭിണ്ണി പ്രസവത്തിന് തലേന്ന് കൊയ്യാൻ പോയി, പ്രസവം കഴിഞ്ഞ് ചോരക്കുഞ്ഞിനെയും കൊണ്ട് പിറ്റേന്ന് തന്നെ പാടത്തിറങ്ങേണ്ടി വന്ന കാലത്തു നിന്നും പെണ്ണിന് ആറ് മാസം ശമ്പളത്തോട് കൂടി പ്രസവാവധി ലഭിക്കുന്ന കാലത്തിലേക്ക് നമ്മൾ നടന്നു നീങ്ങിയത് ഒറ്റ രാത്രി കൊണ്ടല്ല. കേരള മോഡൽ ഒരു തുടർച്ചയാണ്.