ഒരു വിവാഹം കായലിന് നടുവിൽ തുറന്ന വേദിയിൽ. തുറന്ന വേദിയിൽ വിവാഹം എന്നത് ഇന്നിപ്പോൾ സാധാരണമായി കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ കായലിന് നടുവിലായി ഒരു വിവാഹം നടക്കുന്നത് ആദ്യമായിരിക്കും.
കഴിഞ്ഞദിവസം ആലപ്പുഴ കായലിന് നടുവിലായാണ് ഈ വിവാഹം നടന്നത്. നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന്‍ ആയ ഹരിത അനിലായിരുന്നു നവവധു. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്‍.
വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപം ഒരുങ്ങിയത് വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ്. ഈ വെറൈറ്റി വിവാഹത്തിൻ്റെ ചിത്രങ്ങൾ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
വഞ്ചിപ്പാട്ടിൻ്റെയും കലാരൂപങ്ങളുടെയും അകമ്പടിയൊടെ ആണ് വധൂവരന്മാര്‍ മണ്ഡപത്തിലേക്ക് എത്തിയത്. കേരളത്തിൻ്റെ പാരമ്പര്യ കലകളും നൃത്തരൂപങ്ങളും ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കോര്‍ത്തിണക്കിയായിരുന്നു വിവാഹത്തിൻ്റെ ചടങ്ങുകൾ നടന്നത്.
വിദേശികളടക്കം എഴുന്നൂറോളം അതിഥികളാണ് വിവാഹത്തിന് പങ്കെടുത്തത്. ഡല്‍ഹി പൊലീസില്‍ സീനിയര്‍ ഫോറന്‍സിക് സയന്റിസ്റ്റായ ഹരിത അനിൽ നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റനാണ്.























