| സാന്റി
താനൂർ ബോട്ട് ദുരന്തം സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചുള്ള വിനോദ സഞ്ചാരത്തിന്റെ അനന്തര ഫലമാണ്. 18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേ കാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേ കാൽ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്.. ഒരാൾ പോലും ജാക്കറ്റ് ധരിച്ചിരുന്നില്ല. ഫിഷിങ് ബോട്ട് രൂപകല്പന മാറ്റി വിനോദ സഞ്ചാരത്തിനു ഉപയോഗിച്ചതാണെന്നും കേൾക്കുന്നു.
ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിത്. ആരാണ് ഇതിനു സർവീസ് അനുമതി കൊടുത്തത്? അപകടം ഉണ്ടായ ശേഷമല്ല, സുരക്ഷയെ കുറിച്ചു ചിന്തിക്കേണ്ടത്. വിലപ്പെട്ട 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരം ഒരിക്കലും മരിച്ചവർക്ക് പകരം ആവില്ല. അത്ര മേൽ ഹൃദയഭേദകമാണ് ഈ ദുരന്തം.
ബോട്ട് പുറപ്പെട്ട് ഏകദേശം 300 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അപകടമുണ്ടായെന്നാണ് വിവരം. ആദ്യം ഇടത്തോട്ട് ചെരിഞ്ഞ ബോട്ട് പിന്നീട് മുങ്ങിത്താഴുകയായിരുന്നു. ബോട്ടിന്റെ ഒരു ഭാഗം ചരിഞ്ഞതോടെ കുറച്ചുപേര്‍ പുഴയിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിഭ്രാന്തിയില്‍ ആളുകള്‍ നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞതാകാമെന്നാണ് നിഗമനം.
അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇനി ഒരാഴ്ച്ച കാലത്തേക്ക് സർക്കാർ സംവിധാനങ്ങളെല്ലാം ഉറക്കത്തിൽ നിന്നും ഉണർന്നു പ്രവർത്തിക്കും , റെയ്‌ഡുകളും ലൈസൻസ് റദ്ദാക്കലുകളുടെയും ഒരു നീണ്ട പട്ടിക തന്നെ കാണാം .. ചാനലുകളിൽ ചർച്ചകളുടെ ബഹളമായിരിക്കും. സർക്കാരും വകുപ്പും ചേർന്ന് അപകടങ്ങൾ ഒഴിവാക്കാനായി ബോട്ടുകളുടെ രാത്രിയാത്ര നിരോധിക്കാൻ സാധ്യതയുണ്ട്, കുറഞ്ഞ പക്ഷം ബോട്ടുകളുടെ കളറെങ്കിലും മാറ്റാനുള്ള ഉത്തരവിറക്കും.
ഒരാഴ്ച്ച കഴിയുമ്പോൾ എല്ലാം വീണ്ടും പഴയരീതിയിലാകും സർക്കാരും വകുപ്പുകളും വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും. എന്നിട്ട് അടുത്തൊരു ദുരന്തത്തിന് വേണ്ടി കാത്തിരിക്കും. ഒന്ന് ഉണർന്ന് പ്രവർത്തിക്കാനായി.
നിയമാനുസൃതമുള്ള പരിശോധനകൾ നടത്താതെയും ലൈസൻസ് നേടാതെയും നിയമം അനുശാസിക്കുന്ന പാസഞ്ചർ കപ്പാസിറ്റിയ്ക്ക് മുകളിൽ ആളുകളെ കയറ്റുന്നതുമാണ് മിക്ക ബോട്ടപകടങ്ങളുടെയും കാരണം. നാട്ടിൽ നിയമങ്ങൾ ഇല്ലാത്തതല്ല, നിയമങ്ങൾ അനുസരിക്കാത്തതാണ് മുഖ്യ പ്രശ്നം.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നിയമം അനുസരിക്കുന്നതിനെ കുറിച്ച് വാചാലമാകുകയും ദുരന്ത അനുഭവങ്ങൾ വിസ്മൃതിയിലേക്ക് ആകുമ്പോൾ നിയമ ലംഘനങ്ങൾ തുടർക്കഥയാകുന്ന സ്ഥിതി മാറണം… പൊതു ജന സുരക്ഷയ്ക്കായി ഉള്ള നിയമങ്ങൾ അത് റോഡ് നിയമങ്ങൾ ആയാലും ജലഗതാഗത നിയമങ്ങൾ ആയാലും കെട്ടിട നിർമ്മാണ – തൊഴിൽ ഇടങ്ങളിലായാലും കർശനമായി പാലിക്കപ്പെടണം.























