പഴയ കാലത്ത് ചേളാരിയിൽ വിമാന താവളമുണ്ടായിരുന്നു. കേരളത്തിലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലായിരുന്നു ചേളാരി വിമാന താവളം. ആ പ്രദേശം ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കമ്പനിയുടെ കൈവശത്തിലാണ്.
വിമാനം ഇറങ്ങുന്നതിന് മുമ്പ് ഇവിടുത്തെ നാഷണൽ ഹൈവേയിലെ ഗതാഗതം തടഞ്ഞിരുന്നു. ഒറ്റ എഞ്ചിനുള്ള വിമാനങ്ങളാണ് ഇവിടെ അക്കാലത്ത് ഇറങ്ങിയിരുന്നത്. വിമാനം ഇറങ്ങിയാൽ അതിന് ചുറ്റും ഒരു കയർ കെട്ടി പ്രവേശനം നിരോധിച്ചിരുന്നു.
ഇന്ദിരാഗാന്ധിയും മകൻ രാജീവ് ഗാന്ധിയും ചേർന്ന് ഇവിടെ വിമാനം ഇറങ്ങിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയും കുടുംബവും തിരൂരങ്ങാടി യതീംഖാന സന്ദർശിക്കാൻ വന്നപ്പോഴും ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധി പ്രധാന മന്ത്രിയായപ്പോൾ രണ്ടുതവണയും ചേളാരിയിൽ ഇറങ്ങിയിട്ടുണ്ട്.
1969 ജനുവരി 17ന് ഹിന്ദു പബ്ലിക്കേഷന്സിൻ്റെ ഉടമസ്ഥതയിലുള്ള Douglas C-47A VT-DTH എന്ന കാർഗോ വിമാനം ഇവിടെ തകർന്നു. പത്രക്കെട്ടുകൾ ചേളാരിയിൽ ഇറക്കി തിരിച്ചു പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന വൈമാനികനും സഹ വൈമാനികനും മരണമടഞ്ഞു. ഇത് കേരളത്തിലുണ്ടായ ആദ്യ കാലത്തെ ഒരു ദുരന്തമായിരിരുന്നു.
റൺവെ അടച്ചതോടെ വിമാനങ്ങളുടെ വരവ് നിലച്ചു. പിന്നീട് ഇവിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽ.പി.ജി പ്ലാന്റ് നിലവിൽ വന്നു.