പുതിയ ആദായനികുതി ബിൽ 2025 കേന്ദ്ര സർക്കാർ ഓഗസ്റ്റ് 11 തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കും. ഈ ബില്ലിനെ കുറിച്ച് വിപുലമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇത് മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച പാർലമെൻ്റെറി സെലക്ട് കമ്മിറ്റി നിരവധി പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കമ്മിറ്റിയുടെ വിശദമായ 4,584 പേജുള്ള റിപ്പോർട്ടിൽ ആകെ 566 നിർദ്ദേശങ്ങൾ/ ശുപാർശകൾ അടങ്ങിയിരിക്കുന്നു. അതിൽ 285 ശുപാർശകൾ നികുതി സമ്പ്രദായം ലളിതവും വ്യക്തവുമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പുതിയ ആദായനികുതി ബിൽ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന കമ്മിറ്റിയുടെ പത്ത് പ്രധാന ശുപാർശകൾ ഈ ലേഖനത്തിൽ നോക്കാം.
- നിർവചനങ്ങൾ വ്യക്തമാക്കൽ
ബില്ലിലെ നിർവചനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചു. അതുവഴി അവ്യക്തത (ആശയക്കുഴപ്പം) നീക്കം ചെയ്യാനും നിലവിലുള്ള നികുതി സംവിധാനവുമായി ഇത് കൂടുതൽ മികച്ച രീതിയിൽ യോജിപ്പിക്കാനും കഴിയും. ഇത് നികുതിദായകർക്ക് നിയമങ്ങൾ മനസിലാക്കുന്നത് എളുപ്പമാക്കും.
- ആദായ നികുതി റീഫണ്ട് നിയമ മാറ്റം
വൈകി ഐടിആർ (ആദായനികുതി റിട്ടേൺ) ഫയൽ ചെയ്‌താൽ റീഫണ്ട് നൽകരുതെന്ന നിയമം നീക്കം ചെയ്യണമെന്ന് കമ്മിറ്റി ഒരു പ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചു. പഴയ ബില്ലിൽ, റീഫണ്ടിനായി കൃത്യസമയത്ത് ഐടിആർ ഫയൽ ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ നികുതിദായകർക്ക് ആശ്വാസം ലഭിക്കുന്നതിനായി ഈ നിയമം നീക്കം ചെയ്യാൻ ശുപാർശ ചെയ്‌തിട്ടുണ്ട്.
- സെക്ഷൻ 80M ലെ ഭേദഗതി
ഇൻ്റെർ- കോർപ്പറേറ്റ് ഡിവിഡന്റുകളിലെ കിഴിവ് കൈകാര്യം ചെയ്യുന്ന പുതിയ ബില്ലിലെ ക്ലോസ് 148 (സെക്ഷൻ 80M) ൽ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക നികുതി നിരക്ക് ലഭിക്കുന്ന കമ്പനികൾക്കാണ് ഈ നിർദ്ദേശം പ്രത്യേകിച്ചും.
- സീറോ ടിഡിഎസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നു
നികുതിദായകർക്ക് സീറോ ടിഡിഎസ് (ഉറവിടത്തിൽ നികുതി കിഴിവ്) സർട്ടിഫിക്കറ്റ് ലഭിക്കാൻ അനുവദിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്. ഇത് അനാവശ്യ നികുതി കിഴിവുകളിൽ നിന്ന് നികുതിദായകർക്ക് ആശ്വാസം നൽകും.
- എം.എസ്.എം.ഇ.യുടെ നിർവചനത്തിലെ മാറ്റം
സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങളുടെ നിർവചനം എംഎസ്എംഇ നിയമപ്രകാരം നിർമ്മിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നികുതി നിയമങ്ങൾ പാലിക്കുന്നത് എളുപ്പമാക്കും.
- അഡ്വാൻസ് റൂളിംഗ് ഫീസുകളെ കുറിച്ചുള്ള വ്യക്തത
അഡ്വാൻസ് റൂളിംഗ് ഫീസുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്‌തിട്ടുണ്ട്. ഇത് നികുതിദായകർക്ക് നിയമങ്ങളെ കുറിച്ച് മികച്ച ഗ്രാഹ്യം നൽകുകയും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുകയും ചെയ്യും.
- പ്രൊവിഡന്റ് ഫണ്ട് ടിഡിഎസ് നിയമങ്ങൾ
പ്രൊവിഡന്റ് ഫണ്ടിലെ ടിഡിഎസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തതയും ലളിത വൽക്കരണവും കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്. ഇത് ജീവനക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നികുതി നിയമങ്ങൾ മനസിലാക്കാൻ സഹായിക്കും.
- ലോവർ ടാക്‌സ് സർട്ടിഫിക്കറ്റ്
താഴ്ന്ന നികുതി സർട്ടിഫിക്കറ്റിനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നികുതി കിഴിവുകൾ കുറക്കുന്നതിന് നികുതിദായകർക്ക് ഇത് സഹായകരമാകും.
- ശിക്ഷാ അധികാരങ്ങളിലെ മാറ്റം
പിഴകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനും അനാവശ്യമായ കാഠിന്യം കുറക്കുന്നതിനുമായി ബില്ലിൽ മാറ്റങ്ങൾ ശുപാർശ ചെയ്‌തിട്ടുണ്ട്. ഇത് നികുതിദായകരുടെ മേലുള്ള അനാവശ്യ സമ്മർദ്ദം കുറക്കും.
- നികുതി നിരക്കുകളിൽ മാറ്റമില്ല
നികുതി നിരക്കുകളിൽ മാറ്റം വരുത്താൻ ശുപാർശ ചെയ്‌തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചില റിപ്പോർട്ടുകളിൽ ദീർഘകാല മൂലധന നേട്ട (LTCG) നികുതി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കമ്മിറ്റി ഇത് സംബന്ധിച്ച് ഒരു നിർദ്ദേശവും നൽകിയില്ല.























