കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ്പിലാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പിൻ്റെ വാദം തള്ളിയ നാട്ടുകാർ ഓഫീസ് അടിച്ചുതകർത്തു. മേഖലയിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.
സംഭവത്തിൻ്റെ പശ്ചാത്തലം
ഇന്ന് പുലർച്ചെയോടെയാണ് ചാമരാജ്നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനകത്ത് നാടിനെ നടുക്കിയ വെടിവെയ്പ്പുണ്ടായത്. ഹാനൂരിലെ തൊമ്മിയാർ പാളയം സ്വദേശികളായ അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മൂന്നുപേരും കാട്ടിൽ വേട്ടയ്ക്ക് എത്തിയവരാണെന്നും, ഇവരിൽ നിന്ന് തോക്കും മാനിൻ്റെ ഇറച്ചിയും പിടിച്ചെടുത്തെന്നുമാണ് വനംവകുപ്പിൻ്റെ വിശദീകരണം. എന്നാൽ വനംവകുപ്പിൻ്റെ ഈ ആരോപണം നാട്ടുകാരും ബന്ധുക്കളും പൂർണ്ണമായും തള്ളിക്കളഞ്ഞു.
പ്രതിഷേധവും സംഘർഷാവസ്ഥയും
വനംവകുപ്പിൻ്റെ നടപടി കൊലപാതകമാണെന്ന് ആരോപിച്ചും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നാണ് ഇവരുടെ നിലപാട്.
റോഷാകുലരായ ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്തു. സമരം കൂടുതൽ അക്രമാസക്തമാകാതിരിക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് നിലവിൽ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.



