ക്രിസ്റ്റഫർ നോളൻ്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കും. അതും എത്ര വർഷങ്ങൾ ആണെങ്കിലും. ഓരോ സിനിമയിലൂടെയും കാഴ്‌ചക്കാരെ ഞെട്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ക്രിസ്റ്റഫർ നോളൻ്റെ അടുത്ത ചിത്രമായ ‘ദി ഒഡീസി’യുടെ ടാഗ്‌ലൈൻ “എ ജേർണി ബിഗിൻസ്” എന്നതാണ്. എന്നാൽ ആരാധകർ ആ ചിത്രത്തിനൊപ്പമുള്ള അവരുടെ യാത്രയും ഇത്ര പെട്ടെന്ന് തുടങ്ങുമെന്ന് കരുതിക്കാണില്ല.
യൂണിവേഴ്‌സൽ പിക്ചേഴ്‌സ് ആക്ഷൻ ഇതിഹാസം വലിയ സ്‌ക്രീനിൽ എത്തുന്നതിന് ഒരു വർഷം മുമ്പ് 2025 ജൂലൈ 17ന് ‘ദി ഒഡീസി’യുടെ ഐമാക്‌സ് ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. ഐമാക്‌സ് 70 എംഎം സ്‌ക്രീനുകളുള്ള സിനിമാ തിയേറ്ററുകളിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ. നിശ്ചിത ഷോ ടൈമുകളുടെ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ വിൽപന ആരംഭിച്ചിരിക്കുന്നത്. മറ്റ് ഫോർമാറ്റുകളുടെയും സ്‌ക്രീനിംഗുകളുടെയും ടിക്കറ്റുകൾ സിനിമയുടെ റിലീസ് തീയതിയോട് വളരെ അടുത്ത് വിൽപ്പനക്ക് എത്താൻ സാധ്യതയുണ്ട്.
ഒരു സ്റ്റുഡിയോ ഇത്രയും നേരത്തെ ടിക്കറ്റുകൾ വിൽപ്പനക്ക് വെക്കുന്നത് അപൂർവമാണ്. എന്നാൽ 2023ൽ പുറത്തിറങ്ങിയ “ഓപ്പൺ ഹൈമർ” എന്ന ചിത്രത്തിൻ്റെ തുടർച്ചയായ നോളൻ്റെ സിനിമാറ്റിക് ചിത്രത്തിനായുള്ള പ്രതീക്ഷ വളരെ കൂടുതലാണ്. ആഗോളതലത്തിൽ 975 മില്യൺ ഡോളർ കളക്ഷൻ നേടുകയും മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ നേടുകയും ചെയ്‌തതോടെ നോളൻ്റെ ബോക്‌സ് ഓഫീസ് കളക്ഷൻ കൂടുതൽ മികച്ചതായി ഈ ചിത്രം സ്ഥിരീകരിച്ചു.
‘ദി ഒഡീസി’യുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ യൂണിവേഴ്‌സലിൻ്റെ മാർക്കറ്റിംഗ് വിഭാഗം ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. ‘ജുറാസിക് വേൾഡ് റീബർത്ത്’, ‘സൂപ്പർമാൻ’ എന്നിവയുടെ പ്രദർശനത്തിന് മുന്നോടിയായി ‘ദി ഒഡീസി’യുടെ ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ട്രെയിലർ അടുത്തിടെ പുറത്തു വന്നിരുന്നു. ടീസറിൻ്റെ എച്ച്ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ടീസറിൻ്റെ ഒറിജിനൽ പതിപ്പ് ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ഹോമറിൻ്റെ ഗ്രീക്ക് ഇതിഹാസമായ ‘ദി ഒഡീസി’യുടെ ഒരു അനുകരണമാണിത്. ‘മാറ്റ് ഡാമൺ’ ഇറ്റാക്കയിലെ രാജാവായ ഒഡീസിയസിൻ്റെ വേഷത്തിൽ അഭിനയിക്കുന്നു. കൂടാതെ ട്രോജൻ യുദ്ധത്തിന് ശേഷം അദ്ദേഹത്തിൻ്റെ ദീർഘവും അപകടകരവുമായ വീട്ടിലേക്കുള്ള തിരിച്ചു വരവ് ഇവിടെ വിവരിക്കുന്നു. താരനിബിഡമായ ഈ ചിത്രത്തിൽ ഒഡീസിയസിൻ്റെ മകൻ ടെലിമാക്കസ് ആയി ടോം ഹോളണ്ട്, ആനി ഹാത്ത്വേ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, ജോൺ ബെർന്താൽ എന്നിവരും ഉൾപ്പെടുന്നു.
പൂർണമായും ഐമാക്‌സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 2026 ജൂലൈ 17-നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. 24 പുസ്‌തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ‘ഒഡീസി’ ക്ലാസിക് ഇതിഹാസം.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























