16 December 2024

ഇന്ന് മം​ഗല്യം നാളെ വൈധവ്യം: ‘കൂവാ​ഗം’; അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം

ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി കൂവാഗം ഉത്സവത്തിൻ്റെ ആദ്യ 13 ദിവസങ്ങളിൽ നടക്കുന്ന വാർഷിക സൗന്ദര്യമത്സരമാണ് മിസ് കൂവാഗം. വിവിധ വേഷങ്ങളിൽ അതി സുന്ദരികളായി തിരുനങ്കൈമാർ വേദിയിലെത്തും.

|വേദനായകി

ചുറ്റും പൊട്ടി ചിതറിയ കുപ്പി വളകൾ, അറുത്തെറിഞ്ഞ താലി ചരടുകൾ, ചതഞ്ഞരഞ്ഞ മുല്ല പൂക്കൾ… ഒന്നിരുട്ടി വെളുത്തപ്പോൾ അവർ അരവാന്റെ വിധവകളായി. കൈകളിലെ വളകളും, കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാഞ്ഞുകഴിഞ്ഞു. പട്ടുപുടവ മാറ്റി കുളിച്ച് വെള്ളയുടുത്ത് പുറത്തേക്ക്.. ഇനി 365 ദിവസങ്ങൾ, തമിഴ് മാസമായ ചിത്തിരൈ വരെ കാത്തിരിക്കണം, അരവാന്റെ ഒറ്റ ദിവസത്തെ വധുവാകാൻ…

തമിഴ് കലണ്ടറിലെ ചിത്തിരൈ മാസം, ഇം​ഗ്ലീഷ് കലണ്ടറിൽ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസം.. തമിഴ്നാട്ടിലെ വില്ലുപുരത്ത് എന്തെന്നില്ലാത്ത തിരക്കായിരിക്കും. ​ബസുകളിലും സ്വകാര്യ വാഹനങ്ങളിലും അവർ അവിടേക്ക് ഒഴുകിയെത്തും. തിരുനങ്കൈമാരാൽ വീഥികൾ നിറയും. ഗ്രാമത്തിലെ ചെറിയ ലോ‍ഡ്ജുകളിലൊക്കെ വലിയ തിരക്കായിരിക്കും. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ പല കോണുകളിൽ നിന്നുപോലും ട്രാന്സ്ജെൻഡർ സമൂഹം ഇവിടേക്ക് ഒഴുകിയെത്തും. ​

അവരുടെ ഒത്തുചേരലിന് പിന്നിൽ ഒരെയൊരു ലക്ഷ്യം മാത്രം കൂവാഗം കുത്താണ്ടർ കോവിലിലെ 18 ദിവസം നീണ്ടു നിൽക്കുന്ന കൂവാ​ഗം ഉത്സവം. ആ ഉത്സവം ഭ​ഗവാൻ അരവാന്റെ ഉത്സവമാണ്. അരവാന്റെ മണവാട്ടികളാകാൻ നൂറുകണക്കിന് അരവാണികൾ വില്ലുപുരത്തെത്തും. വർഷാ വർഷം മുടങ്ങാതെ നടക്കുന്ന ഈ ഉത്സവത്തെ കുറിച്ച് നിരവധി വ്യാകരണങ്ങൾ പ്രചരിക്കാറുണ്ട്. കേട്ടുകേൾവിക്കപ്പുറം ഈ ഉത്സവം സമൂഹത്തിൽ തിരസ്കരണം നേരിടേണ്ടി വരുന്ന അനുനിമിഷം സ്വന്തം അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ ശബ്ദം ഉയർത്തേണ്ടിവരുന്ന അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം കൂടിയാണ്.

കൂവാഗം ഉത്സവം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉത്സവമാണ്. ഇവിടുത്തെ കുത്താണ്ടർ കോവിലിലെ പ്രതിഷ്ഠ അരവാനാണ് (മഹാഭാരതത്തിലെ പാണ്ഡവരിൽ അർജുനന് നാഗരാജകുമാരിയായ ഉലൂപിയിൽ ജനിച്ച പുത്രൻ). ഇരവനെന്നും കുത്താണ്ടർ എന്നും അരവാൻ അറിയപ്പെടുന്നു. ചരിത്രപരമായ വേരുകൾ, സാംസ്കാരിക പ്രാധാന്യം മുതലായവയാൽ ഇന്ന് ഈ ഉത്സവത്തെ LGBTQIA + അവകാശങ്ങളുടെ പ്രതീകമായി മാറ്റിയിട്ടുണ്ട്.

കൂവാഗത്തിൻ്റെ ചരിത്രപരമായ ഉത്ഭവം

ഹൈന്ദവ പുരാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണ് കൂവാഗത്തിൻ്റെ ചരിത്രപരമായ ഉത്ഭവം. മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ വിജയിക്കുന്നതിനായി യുദ്ധത്തിന്റെ പതിനെട്ടാം നാൾ ഉത്തമനായ ഒരു യോദ്ധാവിനെ ബലിക്കൊടുക്കണമായിരുന്നു. 32 ലക്ഷണങ്ങളുള്ള ഉത്തമനായ വ്യക്തിയെ വേണമായിരുന്നു നരബലി നൽകാൻ. നാല് യോദ്ധാക്കൾക്ക് മാത്രമായിരുന്നു അതിന് യോ​ഗ്യത. ശല്യ, അരവാൻ, അർജുനൻ, കൃഷ്ണൻ. കൃഷ്ണൻ സമ്മതം അറിയിച്ചെങ്കിലും അർജുനന്റെ മകനായ അരവാൻ ക‍‍‍ൃഷ്ണനെ പിന്തിരിപ്പിച്ച് ഉദ്യമം സ്വയം ഏറ്റെടുത്തു. എന്നാൽ അരവാൻ കൃഷ്ണനോട് മൂന്ന് വരങ്ങൾ ആവശ്യപ്പെട്ടു.

യുദ്ധമുഖത്തെ വീരമരണമായിരുന്നു ആദ്യത്തെ ആവശ്യം, മരണശേഷവും കുരുക്ഷേത്ര യുദ്ധം പൂർണമായും കാണണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം, മൂന്നാമതായി അരവാൻ ആവശ്യപ്പെട്ടത് ഒരു ദിവസമെങ്കിലും വിവാഹിതനായി ജീവിക്കണമെന്നതായിരുന്നു. ആദ്യ രണ്ട് വരങ്ങൾ അനായാസം കൃഷ്ണൻ സാധിച്ചുകൊടുക്കാമായിരുന്നുവെങ്കിലും മൂന്നാമത്തെ വരം സാധിച്ചു നൽകുക അത്ര എളുപ്പമായിരുന്നില്ല.

അരവാനെ വിവാഹം കഴിക്കാൻ തയാറാകുന്ന പക്ഷം ജീവിതകാലമത്രയും വിധവയായി ജീവിക്കേണ്ടി വരുമെന്ന് അറിയമായിരുന്നതിനാൽ ഒരു സ്ത്രീയും അതിന് തയാറായില്ല. ഒടുവിൽ ഭ​ഗവാൻ ശ്രീകൃഷ്ണൻ മോഹിനി അവതാരമെടുത്ത് അരവാന്റെ വധുവായി. ശരീരം 32 കഷണങ്ങളായി ഛോദിക്കപ്പെട്ട് അരവാൻ കാളി ദേവിക്ക് ബലിയായി മാറി. കാളി പാണ്ഡവരെ അനുഗ്രഹിക്കുകയും യുദ്ധത്തിൽ വിജയിപ്പിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

നേരം പുലരുമ്പോൾ കാത്തിരിക്കുന്നത് വൈധവ്യം

കുത്താണ്ടർ കോവിലിൽ ചിത്തിരൈ മാസത്തിലെ ഉത്സവത്തിനെത്തുന്ന ട്രാൻസ്‌ജെൻഡറുകളും ആഘോഷത്തിനും വിശ്വസത്തിനും അരവാനെ സംബന്ധിച്ച ഈ ഐതിഹ്യമാണ് പിൻബലം. ഒരു ദിവസമെങ്കിൽ ഒരു ദിവസം അരവാന്റെ വധുവാകാനാണ് ഓരോ തിരുനങ്കൈയും വില്ലുപുരത്തെത്തുന്നത്. അരവാ‍ന്റെ വധു എന്ന അർഥത്തിൽ ഇവരെ അരവാണികൾ എന്നും വിളിക്കാറുണ്ട്. നേരം പുലരുമ്പോൾ കാത്തിരിക്കുന്നത് വൈധവ്യമാണെന്ന ബോധ്യത്തിൽ തന്നെയാണ് ഓരോ അരവാണിയും വധുവേശം അണിയുന്നത്.

നൂറ്റാണ്ടുകളായി, തമിഴ്‌നാട്ടിലെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും ട്രാൻസ്‌ജെൻഡർ സമൂഹം അരവാൻ്റെ ത്യാഗത്തിൻ്റെ കഥ അവരുടെ സ്വന്തം അനുഭവങ്ങളിൽ പ്രതിഫലിപ്പിക്കുകയാണ്. പ്രണയത്തിൻ്റെയും ത്യാഗത്തിൻ്റെയും നഷ്ടത്തിൻ്റെയും സമാനതകളിൽ വിശ്വസിച്ച് അരവാൻ്റെ ത്യാഗത്തിൻ്റെ ആത്മീയ പിൻഗാമികളായി അദ്ദേഹത്തിൻ്റെ ജീവിതത്തെയും സ്വന്തം പോരാട്ടങ്ങളെയും സ്മരിക്കാനുള്ള ഒരു മാർഗമായി കൂവാ​ഗം ഉത്സവം അവർ ആഘോഷിക്കുന്നു. അവസാന മൂന്നു ദിവസമാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിൻ്റെ ആദ്യ ദിവസം, കൂവാഗം ക്ഷേത്രത്തിൽ ഭക്തർ ഒത്തുകൂടുന്നു, അവിടെ അരവാൻ പ്രതിഷ്ഠയുണ്ട്. ദർശനത്തോടെ ഉത്സവത്തിന്റെ ഭാ​ഗമായി മാറുന്നു.

ക്ഷേത്ര ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന അരവാൻ്റെ പ്രതിഷ്ഠ രൂപം അദ്ദേഹത്തിൻ്റെ അറുത്ത ശിരസ്സ് മാത്രമാണ്. കടും ചുവപ്പ് ചായം പൂശിയ മുഖവും നെറ്റിയിൽ വൈഷ്ണവ ടികയും, ഇത് ശ്രീകൃഷ്ണനോടുള്ള അദ്ദേഹത്തിൻ്റെ ഭക്തിയുടെ പ്രതീകമാണ്. ഉത്സവം ആരംഭിക്കുമ്പോൾ ഭക്തർ കോവിൽ ശുചീകരിക്കുകയും അരവാന്റെ രൂപത്തിന് ചായം പൂശി മനോഹരമാക്കുകയും ചെയ്യുന്നു. ദിവസങ്ങളോളം പാട്ടും കുമ്മിയടിയുമായി ക്ഷേത്ര പരിസരം സജീവമായിരിക്കും.

തിരുനങ്കൈമാരും അരവാനും തമ്മിലുള്ള വിവാഹം, അരവാന്റെ മരണം, അരവാണികളുടെ വൈധവ്യം എന്നിവയാണ് അവസാന മൂന്നുദിവസത്തെ ആചാരങ്ങൾ. ഇതാണ് കൂവാ​ഗം ഉത്സവത്തിന്റെ പ്രധാന സംഭവങ്ങളും. ഒരു പ്രതീകാത്മക വിവാഹ ചടങ്ങോടെയാണ് അവസാന ദിവസങ്ങളിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്, കോവിലിന് ചുറ്റും ധാരാളം അഗ്നിഹോമകുണ്ഡങ്ങളുണ്ടായിരിക്കും.

അരവാണികൾക്ക് പൂജാരികൾ താലി ചാർത്തുന്നു. ഈ ആചാരം അരവാനും മോഹിനി ദേവിയും തമ്മിലുള്ള വിവാഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ പുരാണത്തിൽ അരവാന് നിഷേധിക്കപ്പെട്ട സ്നേഹവും സഹവാസവും അരവാണി സമൂഹത്തിന് ലഭിക്കണമെന്ന ആഗ്രഹവും ഉത്സവത്തിനുണ്ട്. താലി കഴുത്തിൽ വീഴുന്നതോടെ സന്തോഷ സൂചകമായി അരവാണികൾ വിവിധ കൂട്ടങ്ങളായി കുമ്മിയടിക്കും.

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ താലി സ്വീകരിക്കുന്ന അരവാണിക്ക് നേരം പുലർന്നാൽ അത് വൈധവ്യത്തിന്റയും വിലാപത്തിന്റെയും മണിക്കൂറുകളാകും. തൊട്ടടുത്ത ദിവസം അരവാന്റെ പ്രതിഷ്ഠയുമായി ഭക്തർ ഘോഷയാത്ര നടത്തും. ശേഷം അരവാന്റെ താലി ചാർത്തപ്പെട്ട തിരുനങ്കൈമാർ അഴുക്കളം എന്ന ‘വിലാപഭൂമി’യിൽ ഒത്തുകൂടുന്നു. ഘോഷയാത്ര അവിടെ എത്തുമ്പോൾ അരവാന്റെ പ്രതിമയിൽ നിന്ന് പുഷ്പമാലകളും അലങ്കാരങ്ങളും നീക്കം ചെയ്യപ്പെടും. യുദ്ധക്കളത്തിൽ അരവാൻ ശരീരം ഛേദിക്കപ്പെട്ട് മരണപ്പെടുന്നതിന്റെ പ്രതീകമാണിത്.

ഇതോടെ അരവാണികൾ കൈകളിലെ വളകൾ പൊട്ടിച്ചെറിയും. കഴുത്തിലെ താലി കത്തിക്കൊണ്ട് അറുത്തുമുറിച്ചു കളയും. തലയിലെ മുല്ലപ്പൂവും നെറ്റിയിലെ സിന്ദൂരവും മായും. പിന്നെ മോഹിനിയെപ്പോലെ അരവാന്റെ വിയോ​ഗത്തിൽ ഓരോ അരവാണിയും നെഞ്ചുപ്പൊട്ടി കരയും. കോവിലിന് ചുറ്റുമുള്ള പൂഴിമണ്ണിൽ പൊട്ടിച്ചിതറിയ കുപ്പി വളകളും കീറിമുറിച്ച താലി ചരടുകളും വാടിയ മുല്ലപ്പൂക്കളും മാത്രം അവശേഷിക്കും. സമൂഹത്തിൻ്റെ തിരസ്‌കരണം മൂലം പലപ്പോഴും അനുഭവപ്പെടുന്ന വേദനയും സങ്കടങ്ങളുമെല്ലാം അരവാണികളുടെ കണ്ണീരിലുണ്ട്. ശേഷം പട്ടുപുടവ മാറ്റി വെള്ളയുടുത്ത് ഓരോ തിരുനങ്കൈയും അരവാന്റെ വിധവയായി മാറും. ഈ വൈധവ്യം പ്രതീകാത്മകവും താത്കാലികവും മാത്രമാണ്.

സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യം

കൂവാഗം ഉത്സവം ഇന്ത്യയിലെ LGBTQIA+ കമ്മ്യൂണിറ്റിക്ക്, പ്രത്യേകിച്ച് അരവാണി സമൂഹത്തിന് സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യമുള്ള ചടങ്ങാണ്. കൂവാഗം സാംസ്‌കാരിക ആവിഷ്‌കാരത്തിനുള്ള ഒരു പ്രധാന വേദിയായാണ് അവർ കാണുന്നത്, അവിടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ആരെയും ഭയപ്പെടാതെ പാടാനും നൃത്തം ചെയ്യാനും കഴിയും. അവരുടെ യഥാർത്ഥ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാനും അവർക്ക് അഭിമാനവും സന്തോഷവും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇവിടെ അവസരം ലഭിക്കുന്നു. സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവരുടെ കരുത്തിൻ്റെയും പ്രകടനമാണ് ഈ ഉത്സവം.

മിസ് കൂവാഗം

ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി കൂവാഗം ഉത്സവത്തിൻ്റെ ആദ്യ 13 ദിവസങ്ങളിൽ നടക്കുന്ന വാർഷിക സൗന്ദര്യമത്സരമാണ് മിസ് കൂവാഗം. വിവിധ വേഷങ്ങളിൽ അതി സുന്ദരികളായി തിരുനങ്കൈമാർ വേദിയിലെത്തും. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ മികവുപുലർത്തുന്നയാളെ മിസ് കൂവാഗമായി തിരഞ്ഞെടുക്കും.

LGBTQIA+ അവകാശങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ ഉൾക്കൊള്ളലിൻ്റെയും മനസ്സിലാക്കലിൻ്റെയും ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ് കൂവാഗം. പൊതുരംഗത്തും നിയമമേഖലയിലും ഭിന്നലിംഗക്കാരുടെയും അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവരുടെയും പോരാട്ടങ്ങളിലേക്കും ഉത്സവം ശ്രദ്ധ ആകർഷിക്കുന്നു. കൂവാഗം ഉത്സവം പ്രത്യാശയുടെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമാണെങ്കിലും, വർഷങ്ങളായി, സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നും ഇവർക്ക് എതിർപ്പ് നേരിടേണ്ടി വരാറുണ്ട്.

Share

More Stories

‘വാനപ്രസ്ഥ’ത്തിലൂടെ മലയാള സിനിമയിൽ വന്ന സാക്കീര്‍ ഹുസൈന്‍

0
കഴിഞ്ഞ ദിവസം അന്തരിച്ച തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കീര്‍ ഹുസൈന് മലയാള സിനിമയുമായി വലിയ ബന്ധമുണ്ട്. അദ്ദേഹം കേരളത്തെയും കേരളത്തിലെ സംഗീത ആസ്വാദകരെയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത മോഹൻലാൽ...

ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തി

0
സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് എന്ന യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചു . വിവാദത്തിലെ സത്യം തെളിയും വരെ തങ്ങൾ ഇനി വീഡിയോകൾ ചെയ്യില്ലെന്ന്...

‘നിലച്ചൂ, ആ തബല നാദം’; സാക്കിർ ഹുസൈൻ ഇനി ഓർമകളിൽ

0
വാഷിങ്ടണ്‍: പ്രശസ്‌ത തബല വാദകൻ സാക്കിർ ഹുസൈൻ (73) ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന്‌ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്‌ച അദ്ദേഹം അന്തരിച്ച വിവരം വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു....

അപൂർവ തിരഞ്ഞെടുപ്പ് ചരിത്രം; പുരാതന ഗ്രീസിലെ ആദ്യകാല വോട്ടിംഗ്

0
ജനാധിപത്യം സ്ഥാപിച്ചതിൻ്റെ ബഹുമതി പുരാതന ഗ്രീക്കുകാർക്കാണ് (ജനങ്ങൾ, ഡെമോകൾ, ക്രാറ്റോസ്, റൂൾ എന്നതിൻ്റെ ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്ക്) കൂടാതെ അക്ഷരാർത്ഥത്തിൽ "ജനങ്ങളാൽ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. ആദ്യകാലങ്ങളിൽ മിക്ക നഗര-...

‘കാർത്തിക് മഹാദേവൻ്റെ ക്ഷേത്രം’; സംഭാലിൽ കാർബൺ ഡേറ്റിംഗിനായി ആർക്കിയോളജിക്കൽ വഴങ്ങി

0
വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ പൂട്ടിയിട്ടിരുന്ന ക്ഷേത്രം വീണ്ടും തുറന്ന് ദിവസങ്ങൾക്ക് ശേഷം ഭസ്‌മ ശങ്കർ ക്ഷേത്രത്തിൻ്റെ കാർബൺ ഡേറ്റിംഗിന് സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക്...

ആയിരത്തോളം യൂണിറ്റുകൾ മലബാറിൽ; വിവാദ മെക് സെവൻ കൂട്ടായ്‌മ എന്താണ്?

0
ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി.സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക്- 7 അഥവാ മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിഹാരം...

Featured

More News