| ടി മുരളി
ഓജസ് ഈഴവൻ . വീഡിയോയിൽ ആ കുട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഈഴവർ എന്നത് ഒരു ജാതി പേരാണെന്ന് തെറ്റിദ്ധരിക്കുന്നതാണ് കുഴപ്പം. കാരണം, ഈഴവർ എന്നാൽ ഒരു ജാതി പേരല്ല. 2300 വർഷം മുമ്പ് മുതൽ, ശ്രീലങ്കയിൽ നിന്ന് വന്ന ബുദ്ധമത പ്രചാരകരായ ഭിക്ഷുക്കൾക്ക് താമസ സൗകര്യം, യോഗം നടത്താനുള്ള പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായ എഴുത്ത് പള്ളിക്കൂടങ്ങൾ എന്നിവ നിർമ്മിച്ചു കൊടുത്തവരും, ഭിക്ഷുക്കളിൽ നിന്നും ബുദ്ധമതം സ്വീകരിച്ചവരുമായ അക്കാലത്തെ സമ്പന്നരായ പുലയ പ്രമാണികളായ മലയാളികളെയാണ് ബൗദ്ധർ എന്ന അർത്ഥത്തിൽ ഈഴവർ എന്ന് വിളിച്ചിരുന്നത്.
കേവലം ആയിരം വർഷം മുമ്പ്, അതായത് പത്താം നൂറ്റാണ്ട് മുതലാണ് കേരളത്തിൽ ബ്രാഹ്മണ സവർണ മതം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ജാതി പേരുകൾ അടിച്ചേൽപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തിൽ ആദ്യമായി ഉണ്ടായ ജാതി പേര് നായർ എന്നാണ്.
ബുദ്ധമതക്കാരായ ഈഴവരുടെ തറവാട് കളരികളിൽ നിന്നും സൈനിക സുരക്ഷാ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്തുനിന്നും വന്ന സവർണ്ണമത ആശയക്കാർ കൂലി പട്ടാളക്കാരായി സൈനിക സുരക്ഷാ ആവശ്യങ്ങൾക്കായി വിളിച്ചുകൊണ്ടുപോയ ബൗദ്ധ / ഈഴവ കളരികളിലെ ചേകോന്മാർക്ക് ബ്രാഹ്മണ പൗരോഹിത്യം നൽകിയ ഒരു ഉദ്യോഗപ്പേരായിരുന്നു നായർ എന്നത്.
ഇങ്ങനെ നായർ ഉദ്യോഗസ്ഥന്മാരായിത്തീർന്ന ഈഴവ ചേകവന്മാർ തങ്ങളുടെ വീടുകളിലേക്കും കളരികളിലേക്കും തിരിച്ചു പോകാതെ സവർണ്ണമത പക്ഷത്തെ ശൂദ്ര ഗൃഹങ്ങളിൽ സ്ഥിരതാമസം ഉറപ്പിച്ചതിനെ തുടർന്നാണ് കേരളത്തിലെ ആദ്യ സവർണ്ണ ജാതിയായ നായർ എന്ന ജാതിപ്പേര് ഉണ്ടാകുന്നത് എന്നു പറയാം.
അതുകൊണ്ടുതന്നെ മനുഷ്യത്വരഹിതവും തിന്മ നിറഞ്ഞതുമായ സവർണ്ണ മതത്തെ റദ്ദു ചെയ്യാൻ ബുദ്ധമത പാരമ്പര്യം ഉള്ളവർ എന്ന അർത്ഥമുള്ള ഈഴവർ, തീയ്യർ, നാടാർ , അരയർ, അരിയൻ, ആശാരി, ആചാര്യൻ, ഭട്ടൻ, ഭട്ടരിയൻ, നമ്പുധീരൻ , അമ്പല ഭട്ടൻ, ബൗദ്ധൻ തുടങ്ങിയ ബൗദ്ധ പേരുകൾ മലയാളികൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ വ്യക്തമായ ബുദ്ധമത ചരിത്ര ബോധവും മനുഷ്യസ്നേഹപരമായ സംസ്കാരവും നന്മയും സത്യസന്ധതയും ഉണ്ടായിരിക്കണമെന്നു മാത്രം. അല്ലാത്തപക്ഷം അവരും സവർണ്ണ മതക്കാരായി അധപ്പതിച്ച്, ജീർണിച്ച്, തിന്മയായി, ജാതി വർഗീയ ദുരഭിമാനികളായി ലോകത്തിനുതന്നെ ഭീഷണിയായിത്തീരും.























