വര്‍ഗീയതക്ക് എതിരെ രാജ്യത്ത് വിശാല മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രമേയം സിപിഐഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യകണ്‌ഠേന അംഗീകരിച്ചു. പാര്‍ട്ടിയുടെ സ്വതന്ത്ര കരുത്ത് വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും രാഷ്ട്രീയ പ്രമേയം പറയുന്നു.
എട്ട് മണിക്കൂറോളം നീണ്ട വിശദമായ ചര്‍ച്ചയാണ് രാഷട്രീയ പ്രമേയത്തിന് മേല്‍ നടന്നത്. 174 ഭേദഗതികള്‍ പരിഗണനക്ക് വന്നു. ദേശീയ സാര്‍വദേശീയ വിഷയങ്ങളിലെ നിലപാടുകളില്‍ വ്യക്തത വരുത്തുന്ന ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. പ്രകാശ് കാരാട്ടിൻ്റെ മറുപടിക്ക് ശേഷം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.
വര്‍ഗീതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരെ പ്രക്ഷോഭങ്ങളും പ്രചാരണ പരിപാടികളും ശക്തമാക്കാന്‍ പ്രമേയം ആഹ്വാനം ചെയ്യുന്നു. വര്‍ഗീയതക്കെതിരെ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും.
പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കും. ദരിദ്രരുടെ ഉന്നമനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിച്ച ശേഷം പിബി അംഗം പിവി രാഘവലു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ടിന് മേല്‍ ശനിയാഴ്‌ച ചര്‍ച്ച നടക്കും.