| ശ്രീകാന്ത് പികെ
ഒരു ശരാശരിയൊ അതിൽ താഴെയോ പ്രകടനം കാഴ്ച വെക്കുന്ന അഭിനേതാവാണ് ഉണ്ണി മുകുന്ദൻ. മസിൽ പെരുപ്പിച്ച ഫിറ്റ്നസ് ശരീരം ചില വേഷങ്ങൾക്ക് ഗുണമായി ഭവിക്കുമ്പോഴും മലയാളത്തിന്റെ വർത്തമാന റിയലിസ്റ്റിക് സിനിമാ സങ്കല്പനങ്ങളിലെ ഭൂരിഭാഗം കഥാപാത്രങ്ങളോടും മാറി നിൽക്കുന്ന ഒരു ശരീര പ്രകൃതം കൂടിയാണത്. എന്നാൽ അയാളുടെ സമകാലികരായ, പെർഫോമൻസ് നിലവാരത്തിൽ ഉണ്ണി മുകുന്ദനോട് താരതമ്യപ്പെടുത്താവുന്ന അനേകം നായക നടന്മാർ ഫീൽഡ് ഔട്ട് ആവുകയോ അല്ലെങ്കിൽ വേഷങ്ങൾക്കായി സ്ട്രഗിൾ ചെയ്യുകയോ ചെയ്യുമ്പോൾ ഉണ്ണി മുകുന്ദൻ മലയാളത്തിൽ നിരന്തരം സിനിമകൾ ലഭിക്കുകയും സ്വയം സിനിമകൾ നിർമ്മിക്കുകയും സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ബ്രാന്റായി മാറി കഴിഞ്ഞു.
ജനം ടിവി എന്ന സംഘപരിവാർ ചാനൽ എങ്ങനെയാണോ കേരള പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൊടുങ്ങനെ ഇടം കണ്ടെത്തിയത് ഏതാണ്ട് അതേ നിലയിലാണ് ഉണ്ണി മുകുന്ദൻ മലയാള സിനിമാ മേഖലയിലും പ്രേഷകർക്കിടയിലും തന്റെതായ സ്പെയ്സ് കണ്ടെത്തിയത്.
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയുടെ സാമാന്യ ഇടങ്ങളിൽ നിന്ന് എന്നും പുറത്ത് നിർത്തിയ ബിജെപി എന്ന പാർടിയും സംഘപരിവാർ എന്ന അവരുടെ ആശയ സംഘടനയും നല്ലൊരു കാലം വരെ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ നിന്നും പൊതു സാംസ്‌കാരിക ധാരകൾക്കും പുറത്തായിരുന്നു. ലെഫ്റ്റ് -സെൻട്രൽ റൈറ്റ് – ലിബറൽ ആശയക്കാരും അവരുടെ അപ്പോളജിസ്റ്റുകളും കേരളത്തിന്റെ വിവിധ മുഖ്യധാരാ ചാനലുകളുടെ എഡിറ്റോറിയൽ താല്പര്യങ്ങളിൽ അധീശത്വം പുലർത്തി പോന്നപ്പോൾ, അപ്പോഴും പത്ത് ശതമാനത്തിലധികം ഫാർ റൈറ്റ് വിങ്ങിന്റെ കോർ വോട്ട് ബാങ്കുള്ള സംഘപരിവാറുകാർക്ക് തങ്ങളുടെ അഭിപ്രായങ്ങളുടെ മാനിഫെസ്റ്റേഷനു വേണ്ടി നേരിട്ടൊരു സ്പെയ്സ് അപ്രാപ്യമായി നിന്നു. അവിടേക്കാണ് ജനം ടിവി അവതരിക്കുന്നത്.
നീണ്ട കാലം ആ ഒരു ഫ്രസ്റ്റേഷനിൽ നിന്നിരുന്ന ആ ഒരു കൂട്ടം മുഴുവൻ ഒറ്റയടിക്ക് ജനം ടിവിയുടെ പ്രക്ഷകരും വിപണനക്കാരും പ്രയോക്താക്കളുമായി മാറി. ഒരു സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് പോലും റേറ്റിങ്ങിൽ ജനം ടിവിയോട് മത്സരിക്കേണ്ടി വന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവും കോർപ്പറേറ്റ് മാനേജ്‌മെന്റുമുള്ള വൻ കിട ചാനലുകൾക്ക് ലഭിക്കുന്ന പരസ്യം ജനം ടിവിക്കും ലഭിച്ചു തുടങ്ങി. ഇന്നും ഭൂരിപക്ഷ മലയാളികൾ പുച്ഛത്തോടെ ഓരത്ത് നിർത്തുന്ന ജനം ടിവി അവരുടെ ടാർഗറ്റ് ഓഡിയൻസിനെ കൂടെ നിർത്തി പല ചാനലുകൾക്കും ഏറെ മുന്നിലാണ്.
പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ നന്ദനം എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പിലൂടെ വളരെ സാധാരണ നിലയിൽ തന്റെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദൻ മല്ലു സിംഗ്, വിക്രമാദിത്യൻ തുടങ്ങിയ രണ്ടു മൂന്ന് മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ മാത്രമാണ് എടുത്ത് പറയത്തക്ക കനം തോന്നിക്കുന്ന വേഷങ്ങളും വിജയ ചിത്രങ്ങളും ചെയ്തത്. അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി പരിശോധിച്ചാൽ ഒറ്റയ്ക്ക് തോളിലേറ്റിയ ചിത്രങ്ങളുടെ പരാജയ ശതമാനം തൊണ്ണൂറിന് മേലെ വരുമായിരിക്കും. അങ്ങനെയൊരു ഘട്ടത്തിൽ മലയാളത്തിന്റെ മുഖ്യധാരാ സിനിമാ മേഖലയിൽ നിന്ന് രണ്ടാം നിരയിലേക്ക് ഉപ നായക കഥാപാത്രമായി മാറേണ്ടിയിരുന്ന ഉണ്ണി മുകുന്ദന്റെ ശുക്രൻ തെളിയുന്നത് മൂന്നാല് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന്റെ സംഘപരിവാർ പക്ഷപാദിത്വം പരസ്യമായതോട് കൂടിയാണ്.
സംഘപരിവാർ പക്ഷപാദിത്വം എന്നത് കേവലം ബിജെപിയോടൊ നരേന്ദ്ര മോദിയോടൊ ഉള്ള അനുഭാവമല്ല, അങ്ങനെയുള്ള അനേകം പേർ സിനിമാ മേഖലയിൽ കാണും. എന്നാൽ സാംസ്‌കാരികമായി ആ ആശയ ധാരയോട് ഉൾ ചേർന്ന് നിൽക്കുന്ന വീരാട് ഹിന്ദുവിന്റെ ആൽഫാ മെയിൽ ‘ശരീരത്തിന്റെ രാഷ്ട്രീയം’ കൂടി മുന്നോട്ട് വയ്ക്കാൻ പറ്റുന്ന ഒരു തികഞ്ഞ നായകനായി അയാളെ നേരത്തെ പറഞ്ഞ ഫ്രസ്റ്റേറ്റഡ് ഫാർ റൈറ്റ് വിംഗ് ഏറ്റെടുത്തു. സോഷ്യൽ മീഡിയക്കകത്തും പുറത്തും അയാൾ നടത്തിയ പരാമർശങ്ങൾ ആ റൈറ്റ് വിംഗ് ഹിന്ദുത്വ ഗ്രൂപ്പിന്റെ ഫനാട്ടിക്ക് മൂഡിന് ഉദ്ധീപനം നൽകി. വിശേഷിച്ച് സംഘപരിവാറുകാർ ശത്രു പക്ഷത്ത് നിർത്തുന്ന എറണാകുളം കേന്ദ്രമാക്കിയ അവർ മട്ടാഞ്ചേരി മാഫിയ എന്നാക്ഷേപിക്കുന്ന നവ സിനിമാ പ്രവർത്തകരും, ദിലീപ് ഒഴിച്ചു വച്ച ഇടത്തിലേക്ക് പ്രിത്വിരാജിന്റെ മലയാള സിനിമാ നിർമ്മാണ – വിതരണ മേഖല കൈപ്പിടിയിലാക്കിയ വളർച്ചയും പഴയ തിരുവനന്തപുരം കൂട്ടായ്മയുടെ തളർച്ചയ്ക്കുമൊക്കെയിടയിൽ.
സംഘപരിവാർ ബുദ്ധിജീവികളോ അവരെ വിറ്റ് ജീവിക്കുന്ന കോർപ്പറേറ്റുകളോ ആരായാലും അവർ ഉണ്ണി മുകുന്ദന്റെ ഈ ഇമേജിലൊരു കച്ചവട സാധ്യത കണ്ടു. അവർ അയാളുടെ പേരിൽ പണമിറക്കി ഇൻവെസ്റ്റ് ചെയ്തു, ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു , സംഘപരിവാറിന്റെ സാംസ്‌കാരിക ആശയങ്ങൾ വിതരണം ചെയ്യാനുള്ള കഥാ പരിസരങ്ങൾ അയാളുടെ നായകത്വത്തിൽ സിനിമകളായി പുറത്തിറങ്ങുന്നു. അയാൾ വെറും മൂന്ന് വർഷത്തിനുള്ളിൽ ഒരു ബ്രാന്റായി മാറി കഴിഞ്ഞു.
ഉണ്ണി മുകുന്ദന്റെ ഒടുവിലിറങ്ങിയ സിനിമ കാണുക എന്നത് ഒരു ദൗത്യമാണെന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള അനേകം പേരെ കൊണ്ട് നല്ല നിലയിൽ മാർക്കറ്റ് ചെയ്യിക്കുന്നു. നാഷണൽ നിലയിൽ തന്നെയുള്ള സിനിമാ നിരൂപകരെ കൊണ്ട് വിഷയം സംസാരിപ്പിക്കുന്നു. മേജർ രവിയെ സെറ്റിൽ വച്ച് തല്ലിയ കാലത്ത് പോലും ഉണ്ടാകാതിരുന്ന ഹീറോ വൽക്കരണം ചുരുക്കം സമയം കൊണ്ട് നിർമ്മിച്ചെടുക്കുന്നു.
അങ്ങനെ ആരുടെയെങ്കിലും മാർക്കറ്റിങ് കൊണ്ട് മാത്രം സിനിമയൊ നടനോ അധിക കാലം രക്ഷപ്പെടില്ല എന്നൊക്കെ സിനിമയെ ഗൗരവകരമായി സമീപിക്കുന്നവർ പറയുമായിരിക്കും. പക്ഷേ കൾട്ടുകൾ ചിലപ്പോൾ ക്വാളിറ്റിയെ അതിജീവിക്കും. സംഘികൾ ഇന്റസ്ട്രിയിലെ ഒരു പൊളിറ്റിക്കൽ ഐക്കണാക്കി മാറ്റിയ ഉണ്ണി മുകുന്ദൻ വരും കാലത്ത് കൂടുതൽ ശക്തനാകാൻ തന്നെയാണ് സാധ്യത.