വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോ മെഡിക്കല്‍ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തില്‍ കേരള ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
വയനാട് തലപ്പുഴ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാറാണ് ഇതില്‍ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിൻ്റെ ട്രയല്‍ എന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാര്‍ച്ച് 20 മുതല്‍ 22 വരെ ‘ഉദ്യമ’ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്.
വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ആര്‍ത്തവ സൈക്കിള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിൻ്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന. ആരോഗ്യ വകുപ്പിൻ്റെ അനുമതി ഇല്ലാതെയാണ് നീക്കം.
മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലെ സ്ത്രീകളില്‍ ഇത് പരീക്ഷിക്കുക എന്ന തരത്തിലുള്ള നീക്കമാണ് ഇപ്പോൾ നടന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ഈ ഡിവൈസ് വിതരണം ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കോളേജ് ജീവനക്കാരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലും ഇതുമായി ബന്ധപ്പെട്ട പോസ്റ്ററിലും ഇത് ട്രയല്‍ ആണെന്ന തരത്തില്‍ സ്ഥിരീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ജിനിയറിങ് കോളജ് ആദ്യം സമീപിച്ചത് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയാണ്. മാനന്തവാടി ട്രൈബല്‍ ഡെവലമെന്റ് ഓഫീസറെയാണ് സമീപിച്ചത്. ട്രൈബല്‍ വകുപ്പ് ഇതില്‍ ഒമ്പത് നിബന്ധനകള്‍ വച്ചിരുന്നു.
ആരോഗ്യ വകുപ്പിൻ്റെ അനുമതി വേണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട നിബന്ധന. എന്നാല്‍ ഒരു കമ്മറ്റി കൂടാതെ അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ആരോഗ്യ വകുപ്പ് സ്വീകരിച്ചു. അനുമതി നല്‍കിയില്ല. കൃത്യമായ അനുമതി വേണമെന്നിരിക്കേ ഇവര്‍ ഊരുകളിലേക്ക് ഉള്‍പ്പടെ പോയി വിഷയത്തില്‍ സര്‍വേയടക്കം നടത്തി.
കോളജ് അധികൃതര്‍ ഇതിൻ്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നാണ് മനസിലാക്കുന്നത്. എവിടെയിരുന്നും ഡിവൈസിൻ്റെ നിര്‍മാതാക്കള്‍ക്ക് ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കാം എന്നതാണ് ഇതിലെ അപകടം.