പാക് അധീന കാശ്‌മീരിൽ വെള്ളപ്പൊക്കം. ഝലം നദിയിലെ ജലനിരപ്പ് ഉയർന്ന് സ്ഥിതികൾ രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ആളുകൾ വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഭരണകൂടം ജനങ്ങളോട് മാറി താമസിക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്.
വെള്ളം കയറി നിരവധി മേഖലകളിൽ നാശനഷ്‌ടമുണ്ടായിട്ടുണ്ട്. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പാകിസ്ഥാൻ ആരോപിച്ചു.
പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കാശ്‌മീർ അശാന്തമായി തുടരുകയാണ്. ജമ്മു കാശ്‌മീരിൽ വീണ്ടും വെടിവെപ്പുണ്ടായി. പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്ന് പ്രകോപനമില്ലാതെ ഇന്ത്യൻ സൈന്യത്തിന് നേരെ വെടിവെച്ചു. ടുടുമാരി ഗാലി, റാംപൂർ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി സൈന്യം അറിയിച്ചു.
പഹല്‍ഗാം ഭീകര ആക്രമണത്തിൻ്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ആഭ്യന്തര മന്ത്രാലയം ഏല്‍പ്പിച്ചിരുന്നു. ഇതിൻ്റെ ഔദ്യോഗികമായ അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി. കേസ് രജിസ്റ്റര്‍ ചെയ്‌ത് എന്‍ഐഎ അന്വേഷണം ആരംഭിക്കും.
പ്രാദേശിക പൊലീസില്‍ നിന്നും കേസ് ഡയറിയും എഫ്‌ഐആറും എന്‍ഐഎ ശേഖരിക്കും. നേരത്തെ എന്‍ഐഎ സംഘം പഹല്‍ഗാമിൽ ഉണ്ടായിരുന്നു. സംഭവസ്ഥലം അവര്‍ പരിശോധിക്കുകയും ചെയ്‌തു. എന്‍ഐഎയുടെ ഫോറന്‍സിക്ക് സംഘവും പഹല്‍ഗാമിലുണ്ട്. ഊർജിത അന്വേഷണങ്ങളാണ് നടക്കുന്നത്.