ഇന്ത്യയിൽ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ അമേരിക്ക അവരുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി വഴി 2012ല്‍ 21 മില്ല്യണ്‍ ഡോളര്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി.
ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി അനുവദിച്ച 21 മില്ല്യണ്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ധനസഹായം നിര്‍ത്തലാക്കിയതായി കഴിഞ്ഞ ദിവസം യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്) അറിയിച്ചിരുന്നു.
‘‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും കുഴപ്പത്തിലാക്കാനും വിദേശ ധനസഹായം സ്വീകരിച്ച ശക്തികള്‍ ആരൊക്കെയാണെന്ന്’’ വാർത്താ സമ്മേളനത്തില്‍ സംസാരിക്കവെ ബിജെപി എംപി സുധാന്‍ഷു ത്രിവേധി കോണ്‍ഗ്രസിനോട് ചോദിച്ചു. ദി ഇൻ്റെര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറള്‍ സിസ്റ്റംസ് എന്ന സംഘടന 2011ല്‍ ഇന്ത്യന്‍ സ്ഥാപനമായ ഇന്ത്യ ഇൻ്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ഷന്‍ മാനേജ്‌മെന്റുമായി ഒരു കരാറില്‍ ഒപ്പുവെച്ച് അദ്ദേഹം ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ്.
‘‘ജോര്‍ജ് സോറോസിൻ്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ള കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്ട്രെങ്തനിംഗ് എന്ന സംഘടനയില്‍ നിന്നാണ് പിന്തുണ ലഭിച്ചത്. ഈ സംഘടന യുഎസ്എഐഡി വഴി ഇന്ത്യയില്‍ അര ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. അതിന് ശേഷം പ്രതിവര്‍ഷം 3.5 ലക്ഷം ഡോളര്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നു,’’ -ത്രിവേദി ആരോപിച്ചു.
നേരത്തെ ഐഎഫ്ഇഎസും (International Foundation for Electoral Systems) ഇസിഐയും(Election Commission of India) തമ്മില്‍ ഒപ്പുവെച്ച ഒരു ധാരണാപത്രം ബിജെപി ഏറ്റെടുക്കുകയും അന്നത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ ഖുറേഷി ഈ വിദേശ ഫണ്ടിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.
‘‘ജോര്‍ജ് സോറോസിൻ്റെയും അങ്കിള്‍ സാമിൻ്റെയും(കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ) വീക്ഷണങ്ങള്‍ സമാനമാണ്. സാം പിത്രോഡ എന്ത് പറഞ്ഞാലും… വരികള്‍ സാം പിത്രോഡയുടേത് ആണെന്നും സംഗീതം സോറോസും കോണ്‍ഗ്രസും ചേര്‍ന്നാണ് രചിച്ചിരിക്കുന്നതെന്നും തോന്നും. ഇന്‍ഡി സഖ്യകക്ഷികള്‍ സിംഫണി വായിക്കുകയാണ്,’’ -ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
‘ബാഹ്യ ഇടപെടല്‍’ ആരോപിച്ച് ബിജെപി
ഡോജിൻ്റെ പ്രഖ്യാപനം പുറത്തു വന്നതിന് പിന്നാലെ ബിജെപി വിഷയത്തോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി ബിജെപി ആരോപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടി ആവര്‍ത്തിച്ച് ഉന്നയിച്ച ആരോപണമാണിത്. കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിന് ഇതിന് ബന്ധമുള്ളതായും അവര്‍ ആരോപിച്ചിരുന്നു.
‘‘ഇതില്‍ ആര്‍ക്കാണ് നേട്ടം. തീര്‍ച്ചയായും ഭരണകക്ഷിക്ക് അല്ലെന്ന് ഉറപ്പുണ്ട്,’’ -ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗം തലവന്‍ അമിത് മാളവ്യ ആരോപിച്ചു. ‘‘കോണ്‍ഗ്രസിൻ്റെയും ഗാന്ധിമാരുടെയും അറിയപ്പെടുന്ന സഹപ്രവര്‍ത്തകനായ സോറോസാണ് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വീണ്ടും നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അന്ന് എസ്.വൈ ഖുറേഷി നയിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ‘മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുന്ന’ ഒരു കരാറില്‍ ഒപ്പുവെച്ചതായും’’ -അദ്ദേഹം ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഖുറേഷി രംഗത്തെത്തി. ‘‘ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി വഴി ധനസഹായം നല്‍കുന്നതിനായി 2012ല്‍ ഞാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു എന്ന തരത്തിൽ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ യാതൊരു വിധ വസ്‌തുതയുമില്ല,’’ -ഖുറേഷി വ്യക്തമാക്കി.
2010 ജൂലൈ മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവിൽ എസ്.വൈ ഖുറേഷി ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.