സോളാപൂരിൽ റോഡ് നിർമ്മാണത്തിനായി അനധികൃതമായി മണ്ണെടുപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് നടന്ന അന്വേഷണത്തിൽ ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിൽ തർക്കമുണ്ടായി. ഉദ്യോഗസ്ഥയെ ഉപമുഖ്യമന്ത്രി അജിത് പവാർ ഫോണിൽ പരസ്യമായി ശാസിച്ചതിന്റെ വിഡിയോ വൈറലായതിൽ വിവാദം കത്തുകയാണ്.
എ.എസ്.പിയായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെയാണ് ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ പരസ്യമായി ശാസിച്ചത്. സോലാപുരിലെ കർമല ഗ്രാമത്തിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി മണ്ണ് ഖനനം നടത്തുന്നുണ്ടെന്ന പരാതിയിലാണ് എ.എസ്.പി അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്.
തുടർന്ന് ഇവിടെയുണ്ടായിരുന്ന എൻസിപി നേതാവ് ബാബ ജഗ്താപ്, ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിളിച്ച് ഫോൺ അഞ്ജനയ്ക്ക് കൈമാറി. പിന്നാലെയാണ് വാക്കുതർക്കമുണ്ടായത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും ഖനനം തടയുന്ന നടപടി നിർത്തിവെയ്ക്കണമെന്നുമാണ് അജിത് പവാർ ആവശ്യപ്പെട്ടത്.
എന്നാൽ അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയാതിരുന്ന അഞ്ജന, തന്റെ നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഉപമുഖ്യമന്ത്രി, ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. അഞ്ജനയുടെ നമ്പറും വാങ്ങി. ഇതിനുശേഷം അഞ്ജനയെ വിഡിയോ കോളിൽ വിളിച്ച ഉപമുഖ്യമന്ത്രി, പൊലീസ് നടപടികൾ നിർത്തിവെയ്ക്കാനും, കൂടാതെ തഹസിൽദാറിനോട് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. അജിത് പവാർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ പാർട്ടിയിലെ ‘കള്ളന്മാരെ’ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ‘‘നിങ്ങൾ ഒരു ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയാണ്. അച്ചടക്കമില്ലായ്മ താൻ സഹിക്കില്ലെന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. പിന്നെ എന്താണ് ഇത്? അതും സ്വന്തം പാർട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കാൻ. മിസ്റ്റർ പവാർ, നിങ്ങളുടെ അച്ചടക്കബോധം എവിടെ? നിയമവിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഖജനാവിനെ വഞ്ചിക്കുന്നതിനാണ്. നിങ്ങൾ ധനമന്ത്രിയാണ്. എന്നിട്ടും നിങ്ങൾ അത് ചെയ്തു.’’– ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം വിവാദത്തിന് പിന്നാലെ പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തിയിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനും എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘സോലാപുരിലെ പൊലീസ് ഉദ്യോഗസ്ഥയുമായുള്ള ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടു. നിയമപാലകരെ തടസ്സപ്പെടുത്തുക എന്നതല്ല, മറിച്ച് സ്ഥിതിഗതികൾ ശാന്തമായിരിക്കുകയും കൂടുതൽ വഷളാകാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. നമ്മുടെ പൊലീസ് സേനയോടും അതിലെ ഉദ്യോഗസ്ഥരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. വ്യത്യസ്തതയോടും ധൈര്യത്തോടും കൂടി സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ, നിയമവാഴ്ചയെ എല്ലാറ്റിനുമുപരി ഞാൻ വിലമതിക്കുന്നു. സുതാര്യമായ ഭരണത്തിന് ഞാൻ ഉറച്ചുനിൽക്കുന്നു. മണൽ ഖനനം ഉൾപ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയമപ്രകാരം കർശനമായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പാക്കും’’– അജിത് പവാർ എക്സിൽ കുറിച്ചു.
വിഡിയോ മനഃപൂർവ്വം ചോർത്തിയതാണെന്ന് എൻസിപി എംപി സുനിൽ തത്കറെ പറഞ്ഞു. നടപടി നിർത്താൻ അജിത് പവാർ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷേ പാർട്ടി പ്രവർത്തകരെ സമാധാനിപ്പിക്കാൻ ഉദ്യോഗസ്ഥനെ ശകാരിച്ചിരിക്കാമെന്നും സുനിൽ തത്കറെ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനിടെ, അഞ്ജന കൃഷ്ണയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചില എൻസിപി പ്രവർത്തകരും രംഗത്തെത്തി. അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി എംഎൽഎ മോൽ മിത്കരി യുപിഎസിക്ക് കത്തയച്ചിരിക്കുകയാണ് ഇപ്പോൾ.
അഞ്ജന കൃഷ്ണയെക്കുറിച്ച് അറിയാം
കേരളത്തിലെ തിരുവനന്തപുരം ജീല്ലയിലെ മലയിൻകീഴ് സ്വദേശിയാണ് വി.എസ്.അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയാണ് വി.എസ്.അഞ്ജന കൃഷ്ണ സർവീസിലേക്ക് പ്രവേശിക്കുന്നത്. മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥയായ അഞ്ജന, നിലവിൽ സോളാപുർ ജില്ലയിലെ കർമലയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആണ്.
മലയിൻകീഴ് ആൽത്തറ ദേവൂസിൽ ടെക്സ്റ്റൈൽ ബിസിനസുകാരനായ വി.ആർ.വിജുവിന്റെയും സിവിൽ ജുഡീഷ്യറി ഉദ്യോഗസ്ഥയുമായ എൽ.സീനയുടെയും മകളാണ് അഞ്ജന കൃഷ്ണ. തിരുവനന്തപുരം പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിലാണ് അഞ്ജന പഠിച്ചത്. നീറമൺകര എൻഎസ്എസ് കോളേജിൽ നിന്നാണ് അഞ്ജന കണക്കിൽ ബിരുദം നേടിയത്. പൊലീസ് ഓഫീസറാകണമെന്ന ആഗ്രഹം നേടിയെടുക്കാൻ നാല് തവണയാണ് അഞ്ജന സിവിൽ സർവീസ് പരീക്ഷ എഴുതിയത്.























