അപേക്ഷ പോലും സ്വീകരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ച കൊച്ചു വേലായുധന് നൽകിയ വാഗ്‌ദാനം സിപിഐഎം പാലിച്ചു. 75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഐഎം അദ്ദേഹത്തിന് മനോഹരമായ വീടൊരുക്കിയത്.
2025 സെപ്‌തംബർ 13 -നാണ് കലുങ്ക് സംവാദം എന്ന പേരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിലേക്ക് കൊച്ചു വേലായുധനെ ഉൾപ്പെടെ ക്ഷണിച്ചത്. ഒറ്റമുറി വീട്ടിൽ കഷ്‌ടപ്പെട്ട് കഴിയുന്ന തനിക്ക് വീട് നിർമ്മിക്കാൻ സഹായിക്കണമെന്ന് വയോധികനായ കൊച്ചു വേലായുധൻ അപേക്ഷ നൽകി.
എന്നാൽ അപേക്ഷ അടങ്ങിയ കവർ പൊട്ടിച്ചു പോലും നോക്കാൻ തയ്യാറാകാതെ ‘ഇതൊന്നും എംപിയുടെ പണിയല്ല’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ തുറന്നടിച്ചുള്ള മറുപടി. ഇത് വലിയ വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ അടക്കം സുരേഷ് ഗോപിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു.
പൊതുവേദിയിൽ അവഹേളിതനായ കൊച്ചു വേലായുധനെ അന്ന് രാത്രി തന്നെ പുള്ളിലെ വീട്ടിൽ ചെന്ന് സിപിഐഎമ്മിന്‍റെ പിന്തുണ തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്‌ദുൽ ഖാദർ അറിയിച്ചിരുന്നു. വീട് നിർമ്മിച്ചു നൽകുമെന്ന വാഗ്‌ദാനവും നൽകി. ചേർപ്പിലെ സിപിഐഎം ആവേശത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. രണ്ടു മാസവും 15 ദിവസവും കൊണ്ട് അവർ നിർമ്മാണം പൂർത്തീകരിച്ച് പറഞ്ഞ വാക്ക് പാലിച്ചു.
ഇനി അവശേഷിക്കുന്നത് മിനുക്കു പണികൾ മാത്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഗൃഹപ്രവേശം നടത്താൻ ഉടൻ കഴിയും. വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ജില്ലാ സെക്രട്ടറി പുള്ളിലെത്തി.
പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗം പികെ ഷാജൻ, ഏരിയാ സെക്രട്ടറി എഎസ് ദിനകരൻ, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ കെകെ അനിൽകുമാർ, വിആർ ബിജു, കെ ഗോപി, കെഎസ് മോഹൻദാസ്, അഡ്വ. ഷേകേഷ് , ഷില്ലി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.























