പരാജയപ്പെട്ടതോ തകർന്നതോ ആയ ബന്ധങ്ങൾക്ക് ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളുടെ നിറം നൽകുന്ന “അസ്വസ്ഥമാക്കുന്ന പ്രവണത”യെ തിങ്കളാഴ്‌ച സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഈ കാര്യത്തിൽ ക്രിമിനൽ നീതിന്യായ സംവിധാനത്തിൻ്റെ ദുരുപയോഗം ആശങ്കാജനകമാണെന്നും അത് അപലപിക്കപ്പെടണമെന്നും പറഞ്ഞു.
ഒരു ബലാത്സംഗ കേസിൽ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത്, എല്ലാ വഷളായ ബന്ധങ്ങളെയും ബലാത്സംഗ കുറ്റകൃത്യമാക്കി മാറ്റുന്നത് കുറ്റകൃത്യത്തിൻ്റെ ഗൗരവത്തെ നിസാരമാക്കുക മാത്രമല്ല, പ്രതിയുടെ മേൽ മായാത്ത കളങ്കവും ഗുരുതരമായ അനീതിയും വരുത്തിവെക്കുന്നു എന്നാണ്.
ഏറ്റവും ഗുരുതരമായ തരത്തിലുള്ള കുറ്റകൃത്യമായ ബലാത്സംഗം, യഥാർത്ഥ ലൈംഗിക അതിക്രമം, നിർബന്ധം അല്ലെങ്കിൽ സ്വതന്ത്ര സമ്മതത്തിൻ്റെ അഭാവം എന്നിവ നിലനിൽക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ ചുമത്താവൂ എന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹത്തിൽ കലാശിക്കാത്തതിൻ്റെ പേരിൽ മാത്രം, ഒരു ബന്ധത്തിനിടയിൽ ഉണ്ടാകുന്ന ശാരീരിക അടുപ്പത്തെ ബലാത്സംഗ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു. എന്നാൽ വിശ്വാസം ലംഘിക്കപ്പെടുകയും അന്തസ് ലംഘിക്കപ്പെടുകയും ചെയ്യുന്ന യഥാർത്ഥ കേസുകളോട് നിയമം സംവേദന ക്ഷമതയുള്ളത് ആയിരിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
“പരാജയപ്പെട്ടതോ തകർന്നതോ ആയ ബന്ധങ്ങൾക്ക് കുറ്റകൃത്യത്തിൻ്റെ നിറം നൽകുന്ന അസ്വസ്ഥത ഉളവാക്കുന്ന പ്രവണത ഈ കോടതി നിരവധി തവണ ശ്രദ്ധിച്ചിട്ടുണ്ട്,” -എന്ന് അത് പറഞ്ഞു.
2024 ഓഗസ്റ്റിൽ ഛത്രപതി സംഭാജിനഗർ നഗരത്തിൽ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഔറംഗാബാദിലെ ബോംബെ ഹൈക്കോടതി തള്ളിയ 2025 മാർച്ചിലെ ഉത്തരവിനെതിരെ ഒരാൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്.
വിവാഹത്തിൻ്റെ വ്യാജ കാരണം പറഞ്ഞ് പുരുഷൻ ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന പരാതിക്കാരിയുടെ വാദത്തെ അടിസ്ഥാനമാക്കിയാണ് കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
“ശാരീരിക സുഖങ്ങൾക്കായി മാത്രം പ്രതി നമ്പർ 2 സ്ത്രീയെ വശീകരിച്ച് അപ്പീൽക്കാരൻ (പുരുഷൻ) അപ്രത്യക്ഷനായ ഒരു കേസല്ല ഇപ്പോഴത്തെ കേസ് എന്ന് ഞങ്ങൾ കണ്ടെത്തി. മൂന്ന് വർഷത്തോളം ആ ബന്ധം തുടർന്നു, ഇത് ഗണ്യമായ ഒരു കാലഘട്ടമാണ്,” -അതിൽ പറയുന്നു.
ഇത്തരം കേസുകളിൽ, ഒരു ബന്ധം സജീവമായിരിക്കെ ഉണ്ടാകുന്ന ശാരീരിക അടുപ്പത്തെ, ആ ബന്ധം വിവാഹത്തിൽ കലാശിക്കാത്തതിൻ്റെ പേരിൽ ബലാത്സംഗ കുറ്റകൃത്യമായി ഭൂതകാലാടിസ്ഥാനത്തിൽ മുദ്രകുത്താൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
നമ്മുടേത് പോലുള്ള ഒരു രാജ്യത്ത് വിവാഹ സ്ഥാപനത്തിന് സാമൂഹികവും സാം,സംസ്‌കാരികവുമായ ആഴത്തിലുള്ള പ്രാധാന്യം ഉള്ള സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെന്ന് കോടതി പറഞ്ഞു.
വിശ്വാസലംഘനവും അന്തസ് ലംഘിക്കപ്പെട്ടതുമായ യഥാർത്ഥ കേസുകളോട് നിയമം സംവേദന ക്ഷമതയുള്ളത് ആയിരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ, പഴയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ൻ്റെ (ബലാത്സംഗത്തിനുള്ള ശിക്ഷ) സംരക്ഷണ പരിധി യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വെറും ഔപചാരികതയായി ചുരുങ്ങിപ്പോകും.
“അതേസമയം, ഈ തത്വത്തിൻ്റെ പ്രയോഗം വിശ്വസനീയമായ തെളിവുകളിലും മൂർത്തമായ വസ്‌തുതകളിലും അധിഷ്‌ഠിതമായിരിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളിലോ ധാർമ്മിക അനുമാനങ്ങളിലോ അല്ല,” -എന്ന് അത് പറഞ്ഞു.
എഫ്‌ഐആറിൻ്റെ ലളിതമായ വായനയിൽ തന്നെ കക്ഷികൾ തമ്മിലുള്ള ബന്ധം വാസ്‌തവത്തിൽ പരസ്‌പര സമ്മതത്തോടെ ഉള്ളതാണെന്ന് വെളിപ്പെടുത്തിയതായി ഹൈക്കോടതി മനസിലാക്കിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
ഈ കേസിൽ പരാതിപ്പെട്ട പ്രവൃത്തികൾ, ആ സമയത്ത് സ്വമേധയാ ഉള്ളതും സന്നദ്ധവുമായ ഒരു ബന്ധത്തിൻ്റെ പരിധിക്കുള്ളിലാണ് നടന്നതെന്ന് അതിൽ പറയുന്നു.
“ഇത്തരം വസ്‌തുതകളിൽ പ്രോസിക്യൂഷൻ തുടരുന്നത് കോടതി സംവിധാനത്തിൻ്റെ ദുരുപയോഗത്തിൽ കുറഞ്ഞതല്ല,” -കേസിൽ സമർപ്പിച്ച എഫ്‌ഐആറും കുറ്റപത്രവും റദ്ദാക്കിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
അത് അപ്പീൽ അനുവദിക്കുകയും ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു.
പ്രോസിക്യൂഷൻ്റെ വാദം പ്രകാരം, സ്ത്രീ തൻ്റെ ഭർത്താവിനെതിരെ പരാതി നൽകുകയും പിന്നീട് ജീവനാംശം/ പരിപാലനം ആവശ്യപ്പെട്ട് അയാൾക്കെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്‌തു.
പ്രസ്‌തുത നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്, പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകയായ അപ്പീലന്റിനെ അവർക്ക് പരിചയപ്പെടുത്തി എന്നും, കുറച്ചു കാലത്തിനുള്ളിൽ അവർ തമ്മിൽ അടുത്ത ബന്ധം വളർന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആ പുരുഷൻ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം അവൾ ആ വിവാഹാഭ്യർത്ഥന നിരസിച്ചുവെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ ഗർഭിണിയായി എന്ന് അവകാശപ്പെട്ടു. ഗർഭം അലസിപ്പിക്കുകയും പിന്നീട് വിവാഹത്തിന് നിർബന്ധിച്ചപ്പോൾ പുരുഷൻ വിസമ്മതിക്കുകയും ചെയ്‌തു.
-ഉറവിടം: പിടിഐ, Credit: ചിത്രീകരണം- ഡൊമിനിക് സേവ്യർ /rediff.com























