സിട്രോൺ ഇന്ത്യ 2024-ലെ നവീകരിച്ച C3 എയർക്രോസ് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. 8.49 ലക്ഷം രൂപ മുതലാണ് തുടക്കവില. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾക്കൊള്ളുന്ന ഈ മോഡൽ യു, പ്ലസ്, മാക്സ് എന്ന മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.
വാഹനത്തിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഓഫർ ചെയ്യുന്നു. നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ പരമാവധി 82PS പവറും 115Nm ടോർക്കും സൃഷ്ടിക്കുന്നു. ഇത് യു, പ്ലസ് വകഭേദങ്ങളിൽ മാത്രമേ ലഭ്യമാകൂ. ടർബോ പെട്രോൾ എൻജിൻ 109PS പവറും 190Nm ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിനിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്.
പുതിയ C3 എയർക്രോസ് മെച്ചപ്പെടുത്തിയ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർ-ഫോൾഡിംഗ് ഓആർവിഎമ്മുകൾ, ക്ലൈമറ്റ് കൺട്രോൾ ഉള്ള ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, റിയർ എസി വെൻ്റുകൾ, സോഫ്റ്റ്-ടച്ച് ഇൻസ്ട്രുമെൻ്റ് പാനൽ എന്നിവയോടൊപ്പം 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഉൾക്കൊള്ളുന്നു. കൂടാതെ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിയർവ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.
സുരക്ഷയ്ക്കായി പുതിയ മോഡലിൽ ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സവിശേഷതകളും ദൃഢമായ സുരക്ഷാ സൗകര്യങ്ങളുമായി പുതിയ C3 എയർക്രോസ് എസ്‌യുവി വിപണിയിൽ സജീവ സാന്നിധ്യം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.