2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്‌ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030-ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തും. 2022-ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ.
2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. 2034-ലെ ലോകകപ്പ് നടത്താൻ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ മാത്രമാണ് മുന്നോട്ടു വന്നിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
രാജ്യാന്തര തലത്തിൽ കായിക മേഖലയിൽ സജീവമാകുക എന്ന ലക്ഷ്യത്തോടെ 2027-ലെ എ.എ.ഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോളിനും 2034 ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
ലോകകപ്പിൻ്റെ ഭാഗമായി നടത്തുന്ന പ്രദർശന മത്സരങ്ങൾക്ക് അർജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 1930ൽ ആദ്യ ഫിഫ ലോകകപ്പ് നടന്നതിൻ്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രദർശന മത്സരങ്ങൾ നടക്കുക.