യുപിയിൽ നിരവധി തെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടി 2024-ന് മുമ്പ് നിര്‍ണായക തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ
ഇപ്പോഴുള്ള യുപിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്ത് മാത്രം സാന്നിധ്യം പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് നിര്‍ണായക പങ്ക് നല്‍കിയേക്കും. രാഹുല്‍ ഗാന്ധി യുഎസ് പര്യടനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെങ്കിലും പ്രിയങ്ക വാദ്ര തന്റെ സഹോദരനൊപ്പം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും റാലികള്‍ നടത്തിയതും കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയതും അവിടെ വിജയത്തിലേക്ക് നയിച്ചതും എല്ലാവരും കണ്ടതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രിയങ്ക വാദ്രയെ ഇപ്പോഴുള്ള ഉത്തര്‍പ്രദേശ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയാല്‍ പകരമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുതിര്‍ന്ന താരിഖ് അന്‍വര്‍, മുന്‍ കേന്ദ്രമന്ത്രി ഭന്‍വര്‍ ജിതേന്ദ്ര സിംഗ്, ദീപേന്ദര്‍ ഹൂഡ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പ്രിയങ്കയുടെ പുതിയ റോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിലവില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത് പറഞ്ഞു. പ്രിയങ്ക സ്ഥാനം ഒഴിഞ്ഞിട്ടില്ല, കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഒരുക്കങ്ങള്‍ നടത്തുകയാണ്, രജ്പുത് പറഞ്ഞു. ‘കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം രാജ്യത്തുടനീളം വര്‍ദ്ധിച്ചു, ഉത്തര്‍പ്രദേശിലും എല്ലാ സംസ്ഥാനങ്ങളിലും അവരുടെ ജനപ്രീതി വര്‍ദ്ധിച്ചു. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.