സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്‌ളുവന്‍സ, ചെള്ളുപനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഡോക്ടറെ കണ്ടശേഷം ഡോക്ടറുടെ ഉപദേശാനുസരണം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പനിക്കെതിരെ അതീവജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. ഇന്‍ഫ്‌ളുവന്‍സ പ്രതിരോധിക്കുന്നതിനായി നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും പനിയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനും ശ്രദ്ധിക്കണം. ചെള്ളുപനി ബാധ തടയുന്നതിനായി വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികള്‍ ഒഴിവാക്കുക, ചെള്ളുകടിയേല്‍ക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ട്, പാന്റ് എന്നിവ ധരിക്കുക, ജോലികഴിഞ്ഞു വന്നാല്‍ വസ്ത്രം മാറുകയും കുളിക്കുകയും ചെയ്യുക, പനി, ശരീരം വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
എലിപ്പനി ബാധ തടയാനായി ചെളിയിലും വെള്ളത്തിലും ജോലി ചെയ്യുന്ന എല്ലാവരും ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. കയ്യുറ, ഗംബൂട്ട് എന്നിവ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പനി, ശരീരം വേദന, കണ്ണിന് ചുറ്റും വേദന, മൂത്രത്തിന് മഞ്ഞ നിറം എന്നിവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം. വീട്ടില്‍ കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തിരമായി ഡോക്ടറെ കാണേണ്ടതും വീട്ടില്‍ വളര്‍ത്തു മൃഗങ്ങളുള്ള വിവരം ഡോക്ടറെ അറിയിക്കേണ്ടതുമാണ്.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പനി ബാധിച്ചവര്‍ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികള്‍, അസുഖബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഡോക്ടറെ കണ്ട ശേഷം ഡോക്ടറുടെ ഉപദേശാനുസരണം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നന്നായി വിശ്രമിക്കുക. ഇവര്‍ വീട്ടിനകത്തും മാസ്‌ക് ധരിക്കണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പനി ഏതായാലും സ്വയം ചികിത്സ വേണ്ട. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക. കൈകള്‍ ഇടയ്ക്കിടെ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇടക്കിടക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ച്ചയായ വയറുവേദന, ഛര്‍ദ്ദി, ശരീരത്തില്‍ നീര്, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറെ കാണുക.
ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആശുപത്രിയില്‍ വരുന്ന ഏതൊരു പനിയും പകര്‍ച്ചപ്പനിയായി കണ്ട് സ്വയം സംരക്ഷണം ഉറപ്പ് വരുത്തണം. മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഡെങ്കിപ്പനി ബാധിതര്‍ വാര്‍ഡില്‍ ഉണ്ടെങ്കില്‍ കൊതുകുവല നിര്‍ബന്ധമായും നല്‍കണം. ആശുപത്രി പരിസരത്ത് കൊതുക് വളരാനുള്ള സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തുക. ഉപയോഗിക്കുന്ന കസേര, മേശ, മറ്റ് ഫര്‍ണിച്ചറുകള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പനി ലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ചികിത്സ തേടേണ്ടതാണ്.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയ്ക്ക്
രോഗിയെ കാണാന്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുക. രോഗിക്ക് കൃത്യമായ ഇടവേളകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക. രോഗിക്ക് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്വയം കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരത്തില്‍ ലേപനങ്ങള്‍ പുരട്ടുക. ആശുപത്രിയിലും പരിസരത്തും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.