| ഡോ. ഉല്ലാസ് സെബാസ്റ്റിൻ
നമ്മുടെ കുട്ടികളുടെ/ആളുകളുടെ ദുശ്ശീലങ്ങളെക്കുറിച്ച് ഏറ്റവും അവസാനം അറിയുന്ന ആളുകളാണ് മാതാപിതാക്കൾ അല്ലെങ്കിൽ കുടുംബാംഗങ്ങൾ.
ചുരുങ്ങിയ കൃഷ്ണമണികളും, ചോരക്കണ്ണുകളും, തളർന്ന മയക്കം കാണിക്കുന്ന കൺതടങ്ങളും, വിളർച്ചയുള്ള മുഖവും, ഉറക്ക രീതികളിലുള്ള വ്യത്യാസങ്ങളും, രഹസ്യ കൂട്ടുകെട്ടുകളും, അക്രമങ്ങൾ, മോഷണം, കുറ്റകൃത്യങ്ങൾ, കുടുംബാംഗങ്ങളെ ശ്രദ്ധിക്കാതെ അല്ലെങ്കിൽ വിലകൊടുക്കാതെ ഫോൺ ചെയ്യുക, രഹസ്യ കോഡുകൾ ഉപയോഗിച്ച് ഫോണിൽ മറുപടി കൊടുക്കുക, മുൻപ് സന്തോഷം പ്രധാനം ചെയ്ത കാര്യങ്ങളിൽ ഇപ്പോൾ താല്പര്യം കാണിക്കാതിരിക്കുക, അപകടസാധ്യതകൾ ശ്രദ്ധിക്കാതെ ആപത്കരമായ കാര്യങ്ങളിൽ ചെന്ന് പെടുക, കൂട്ടു ചേർന്നുള്ള പ്രവർത്തനങ്ങൾ (gang activities) ലഹരി വസ്തുക്കളുടെ വിൽപ്പന, റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുക, അവർ ഉപയോഗിക്കുന്ന ലഹരിയിൽ കുടുംബാംഗങ്ങൾ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ചെയ്താൽ അവരെ എതിർക്കുക.
മേൽപ്പറഞ്ഞ കാര്യങ്ങൾ മദ്യ-മയക്കുമരുന്ന് ലഹരി ശീലങ്ങൾക്ക് അടിമപ്പെട്ട ആളുകളിൽ പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങളാണ്.
ഒരു രസത്തിനോ, നേരമ്പോക്കിനോ, തമാശയ്ക്ക് വേണ്ടി മാത്രം തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ശീലങ്ങളിലേക്കും, അതിനെത്തുടർന്ന് ലഹരി വസ്തുക്കളോടുള്ള ആഭിമുഖ്യം കൂടി വരികയും, ഇത് കിട്ടാതെ വന്നാൽ ഉണ്ടാകുന്ന വിഷമങ്ങളെ തരണം ചെയ്യാനുള്ള ആർജ്ജവം വ്യക്തിക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. അല്ലാതെ, ആരും ലഹരി ശീലങ്ങൾ തുടങ്ങുന്നത് നശിക്കാൻ ഉദ്ദേശിച്ചല്ല. മറിച്ച്, ഒരു നേരത്തേക്ക് സന്തോഷത്തെ ഇരട്ടിപ്പിക്കുന്നതിനോ, അല്ലെങ്കിൽ അവരുടെ ദുഃഖത്തെ ലഘൂകരിക്കാൻ വേണ്ടിയോ ആണ്.
മേൽപ്പറഞ്ഞ മാനസികാവസ്ഥയിൽ കൈത്താങ്ങാകാൻ ഉപയോഗിക്കുന്ന ഒരു എളുപ്പമാർഗ്ഗം ആയിരിക്കും ഒരു വ്യക്തിക്ക് അയാളുടെ ആദ്യകാല ലഹരി ഉപയോഗം. എന്നാലോ, തമാശക്ക് തുടങ്ങിയ ഈ ശീലം അവർക്ക് ആജീവനാന്ത കാലത്തേക്കുള്ള ഒരു ഊരാക്കുട് തന്നെയായി മാറിയെന്ന് വരാം.
താഴെപ്പറയുന്ന മൂന്നു ലക്ഷണങ്ങൾ മദ്യ-മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചികിത്സയുടെ ആവശ്യം ഉണ്ട് എന്ന് അവരെതന്നെ ബോധ്യപ്പെടുത്തുന്ന സൂചന പട്ടികയാണ്. മനസ്സിരുത്തി വായിച്ചു നോക്കിയാൽ സ്വയം നമുക്ക് നമ്മെ മനസ്സിലാക്കിയെടുക്കാം.
- ഉപയോഗിക്കുന്ന ഉത്തേജന വസ്തുവിൻറെ അളവ് കൂടി വരുക.
- സമയം, ആരോഗ്യം, പണം മുതലായവ ലഹരി വസ്തുവിനായി മാറ്റിവെക്കുക, മുൻപ് കാണിച്ചിരുന്ന ഉത്തരവാദിത്തങ്ങളിൽ വീഴ്ചകൾ വരുത്തുക.
- ലഹരി ശീലങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ വ്യക്തിക്ക് മാനസികമായോ, ശാരീരികമായോ പിന്മാറ്റ അസ്വസ്ഥതകൾ ഉണ്ടാവുക.
(പിന്മാറ്റ അസ്വസ്ഥതകൾ അഥവാ withdrawal symptoms എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വിറയൽ, അസ്വസ്ഥത, പെട്ടെന്ന് ദേഷ്യപ്പെടുക, ചെവിയിൽ ശബ്ദം കേൾക്കുക, പഞ്ചേന്ദ്രിയങ്ങളിൽ അനുഭവപ്പെടുന്ന ഇല്ലാത്ത അനുഭവങ്ങൾ അഥവാ ഹാലൂസിനേഷൻ, സംശയ രീതി റം ഫിറ്റ്സ് എന്നിവ രോഗിയിൽ കാണപ്പെടുക)
ഒറ്റപ്പെടുത്തൽ അല്ല ഇതിനുള്ള പ്രതിവിധി
- വ്യക്തിയുമായി തുറന്നു സംസാരിക്കാനുള്ള സമീപനം കുടുംബാംഗങ്ങൾ എടുക്കുക. ശാന്തതയും കുറ്റപ്പെടുത്താതെയുള്ള സംസാരരീതിയുമാണ് ഇവിടെ ഏറ്റവും അനുയോജ്യം.
- രോഗിയുടെ അഭിപ്രായങ്ങളും, സംശയങ്ങളും സാകൂതം കേൾക്കുക. പ്രഭാഷണങ്ങളോ, അയാളെ പേടിപ്പെടുത്തുന്ന വിധത്തിലുള്ള സംസാരങ്ങളും കുടുംബനഗങ്ങൾ ഒഴിവാക്കുക.
- രസത്തിനുവേണ്ടി തുടങ്ങുന്ന ലഹരി ശീലങ്ങൾ മിക്കപ്പോഴും അപകടകരമായ രീതിയിൽ ഒരാളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന യുക്തിപൂർവ്വമായ സംഭാഷണം തുടരുക.
- നമ്മുടെ സഹായം ആവശ്യമുള്ള ആളാണ് രോഗി എന്ന കാര്യം കുടുംബാംഗങ്ങൾ ഓർക്കുക. നമ്മുടെ സഹായത്തിന് ഒരുങ്ങുന്ന രോഗിയോട് നമ്മൾ എന്തു വിധേനയും സഹായിക്കാം എന്നുള്ള ഉറപ്പ് കൊടുക്കുക. അയാളെ കുറ്റപ്പെടുത്താതെ ഇരിക്കുക.
- കൂട്ടുകാർ കൊടുക്കുന്ന സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യാം എന്നുള്ള കാര്യം രോഗിയെ പഠിപ്പിച്ചു കൊടുക്കുക.
6.രോഗി ലഹരി ഉപയോഗിക്കാൻ സാധ്യതയുള്ള സമയം, സാഹചര്യം എന്നിവയിൽ കുടുംബാംഗങ്ങൾ നല്ല പ്രൊട്ടക്ഷൻ കൊടുക്കുക.
- ചികിത്സയിൽ അല്ലെങ്കിൽ കൗൺസിലിംങിൽ, AA മീറ്റിംഗിൽ ഇവയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാക്കുക.
- ലഹരി ശീലങ്ങളിൽ നിന്നും മാറിനിൽക്കുന്ന ആളുകളെക്കൊണ്ട്അവരുടെ അനുഭവസാക്ഷ്യങ്ങൾ ഷെയർ ചെയ്യിപ്പിക്കുക.
- അഥവാ രോഗി വീണ്ടും വീണുപോയാൽ (relapse) അയാളെ കുറ്റപ്പെടുത്താതെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്ത് ലഹരി രഹിത ജീവിതം നയിക്കാനായി സഹായിക്കുക.
- Relapse എന്നത് ഒരു നാണയതിൻ്റെ മറ്റൊരുവശമാണ് എന്ന് കരുതുക. നാമാരും ചോറ്, കറി, ദോശ, ചപ്പാത്തി, ഇടിയപ്പം, ഊത്തപ്പം എന്നീ വിധ ഭക്ഷണസാധനങ്ങളോട് അടിമത്തം പുലർത്താറില്ല. മേൽ വിവരിച്ച ലഹരിവസ്തുക്കൾ പലതും, മനസ്സിനെ ഉത്തേജിപ്പിക്കുന്ന വസ്തുക്കൾ ആയതിനാൽ തമാശയ്ക്ക് തുടങ്ങുന്ന ശീലങ്ങൾ നമ്മെ ആജീവനാന്ത പടുകുഴിയിലേക്ക് നയിച്ചെന്നുവരാം. അതിൽനിന്നും മടങ്ങിവരാനോ, ലഹരി രഹിത ജീവിതം നയിക്കാനോ പലപ്പോഴും ആളുകൾക്ക് സാധിച്ചെന്നുവരില്ല അതിനാൽ, നമുക്കെല്ലാവർക്കും ലഹരി ഇല്ലാത്ത ഒരു ജീവിതത്തിനായി കൈകോർക്കാം.
ഡോ. ഉല്ലാസ് സെബാസ്ററ്യൻ
കൺസൾട്ടന്റ് സൈക്കോളജിസ്റ്
AVM ഹോസ്പിറ്റൽ
കരിംകുന്നം, തൊടുപുഴ