കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളെ വളരെയധികം സ്വാധീനിക്കുന്ന ആളുകളാണ് അവരുടെ പ്രിയപ്പെട്ട കൂട്ടുകാർ. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ടെൻഷനടിക്കുന്നതും ഈ കൂട്ടുകാരെ ഓർത്തുതന്നെ!.
കൂട്ടുകാരോടൊപ്പം ഉള്ള കുട്ടികളുടെ കറക്കവും, ഇനി അവർ വല്ല പ്രശ്നങ്ങളിൽ ചെന്ന് ചാടുമോ എന്ന പേടിയുമാണ് മിക്ക മാതാപിതാക്കളുടെയും മനസ്സിൽ. കുട്ടികൾ കൂട്ടുകാർക്കൊപ്പം പുറത്തേക്ക് ഇറങ്ങുകയോ, ഷോപ്പിംഗ് മാളിൽ കറങ്ങുകയോ, ഫോണിൽ തെല്ലുനേരം കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്യുമ്പോൾ വേദനയോടെ, അതിലേറെ ആകാംഷയോടെ അവരുടെ പിന്നാലെ CID പണിയെടുത്ത് നടക്കുന്നവരാണ് മിക്ക മാതാപിതാക്കളും!
7 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് നമുക്ക് ആദ്യകാല കൗമാരക്കാർ എന്ന ഗണത്തിൽപ്പെടുത്തി കൂടുതൽ ശ്രദ്ധയോടെ പരിഗണിക്കേണ്ടവർ.
ഏറ്റവുമധികം കൂട്ടുകാരുടെയോ, സിനിമയുടെയോ, മറ്റ് സോഷ്യൽ മീഡിയയുടെയോ പ്രേരണ മൂലം മ്യൂസിക്, ഡ്രസ്സ്, ഹെയർസ്റ്റൈൽ എന്നിവയൊക്കെ അവരുടെ ആരധനാപാത്രങ്ങളുടെത് പോലെ അനുകരിക്കാനുള്ള ശ്രമം കൗമാരക്കാർ നടത്താറുണ്ട്.
ഈ സമയത്ത് പഠനത്തെക്കുറിച്ചോ, കരിയറിനെ കുറിച്ചോ, ആത്മീയ- സാൻമാർഗിക വശങ്ങളെക്കുറിച്ചൊന്നുമുള്ള വലിയ ബോധമോ, ലക്ഷ്യമോ കുട്ടികൾ കാണിച്ചുവെന്നു വരില്ല. ഇവിടെയാണ് മിക്കപ്പോളും കുട്ടികളും, മാതാപിതാക്കളും തമ്മിൽ തർക്കങ്ങളും, വഴക്കുകളും പതിവായി ഉണ്ടാകാറുള്ളത്. ഒരുപരിധി വരെ അധ്യാപകർക്കും ഇവർ വലിയ തലവേദന സൃഷ്ടിക്കാറുണ്ട്.
ശാരീരികമായി പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങുന്ന ഒരു സമയമാണ് ആദ്യ കൗമാര ഘട്ടം. ഈ ഘട്ടത്തിൽ കുട്ടികൾ 4 അടി 2 ഇഞ്ച് മുതൽ 5 അടി 10 ഇഞ്ച് വരെ ഉയരം വയ്ക്കുന്ന സമയമാണ്.
വൈകാരികപരമായി കുട്ടികൾ പെട്ടെന്ന് തന്നെ പ്രതികരിക്കുന്ന ഒരു ഘട്ടം കൂടിയാണിത്. ഈ സമയം കുട്ടികളുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും, അവരെ വേണ്ട വിധം പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾ നല്ല ശ്രദ്ധ ചെലുത്തേണ്ട ആവശ്യമുണ്ട്. ചെറിയ ക്ലാസുകളിൽ നിന്നും ഉയർന്ന ക്ലാസുകളിലേക്ക് കയറുന്ന കുട്ടികളിൽ സ്കൂൾ മാറ്റം, പുതിയ കൂട്ടുകാർ എന്നിവ ചിലപ്പോൾ മുൻപ് ഉണ്ടായിരുന്ന സ്കൂൾ അല്ലെങ്കിൽ പഠനം എന്നിവയിൽ അവർ കാണിച്ചു വന്നിരുന്ന motivation നഷ്ടപ്പെടുത്തിയെന്ന് വരാം. ഈ സമയത്ത് ചില കുട്ടികളിൽ പഠന കാര്യങ്ങളിൽ തെല്ലു പിന്നാക്കം പോകുന്ന കാര്യം മാതാപിതാക്കൾ തിരിച്ചറിയുകയും ചെയ്യാറുണ്ട്.
സ്കൂൾ മാറ്റം കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്ന അവസരങ്ങളെ നഷ്ടപ്പെടുത്തിയേക്കാം. ചിലപ്പോൾ ടീച്ചേഴ്സിൻ്റെ ഭാഗത്ത് നിന്നും ശ്രദ്ധ കുറഞ്ഞുവന്നു വരാം.
എൻജിനീയറിങ് തലയുള്ള കുട്ടിയെ (അഴിച്ച് പണികളും മറ്റും ചെറുപ്പം മുതൽക്കെ താൽപര്യത്തോടെ ചെയ്യുന്ന) ഡോക്ടർ ആക്കാൻ ശ്രമിച്ചാൽ മാതാപിതാക്കൾ ഉദ്ദേശിക്കുന്ന റിസൽറ്റ് മിക്കപ്പോളും കിട്ടിയെന്ന് വരില്ല. അതിനാൽ കുട്ടിയുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് അവൻ്റെ/ അവളുടെ കഴിവുകളെ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
Dr. Ullas Sebastian
Consultant Psychologist,
AVM hospital, Thodupuzha
9447576122