ഇടുക്കി: പാൽ ഉൽപാദനരംഗത്ത് സംസ്ഥാനത്തെ സ്വയം പര്യപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികളാണ് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്നതെന്നും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇളംദേശം ബ്ലോക്ക് ക്ഷീരകർഷകസംഗമവും കുടയത്തൂർ ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാർ സ്വീകരിച്ച നയപ്രഖ്യാപനങ്ങളുടെ തുടർച്ചയാണ് ഈ സർക്കാരും കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് 90 ശതമാനം പാൽ ഉൽപാദനം വർധിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പശുക്കളുടെ എണ്ണം വർധിപ്പിക്കുകയെന്ന ആശയത്തിലെത്തിയത്. അതിനെ തുടർന്ന് എല്ലാ ജില്ലകളിലും കിടാരി പാർക്ക് ആരംഭിച്ചു.
ആരോഗ്യവും മികച്ച പാൽ ഉൽപാദന ശേഷിയുമുള്ള കിടാരികളെ വളർത്തിക്കൊണ്ടുവരാനും കിടാരി പാർക്കിലൂടെ സാധിക്കുന്നുണ്ട്. പാലിന്റെ കൊഴുപ്പും ഗുണമേന്‍മയും വര്‍ധിപ്പിക്കാന്‍ സൈലേജ് സംവിധാനം (വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന പച്ചപ്പുല്ല് / ചോളം) പ്രയോജനപ്പെടത്തണം. സൈലേജ് ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ കേരള ഫീഡ്സും മിൽമയും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് കാലിത്തീറ്റ – കോഴിത്തീറ്റ വിപണനത്തിന് മാറ്റമുണ്ടാക്കുന്ന പുതിയനിയമം നിയമസഭ പാസാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിക്കുന്ന കാലിത്തീറ്റ ഉപയോഗിച്ചതു മൂലം പശുക്കൾ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ സംരക്ഷണം മുൻ നിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണത്തിന് പ്രാധാന്യം നൽകി എല്ലാ ജില്ലകളിലും രണ്ട് ബ്ലോക്കുകൾക്ക് വീതം മൊബൈൽ വെറ്റിനറി വാഹനം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യം വച്ച് കിടാരി പാർക്ക്, ക്ഷീരകർഷക സബ്സിഡി, മിൽക്ക് എടിഎം തുടങ്ങി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പഞ്ചാബാണ് പാൽ ഉൽപാദനത്തിൽ മുന്നിലുള്ള സംസ്ഥാനം. രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്.
പാൽ ഉൽപാദനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വക്കുന്ന ജില്ലയാണ് ഇടുക്കി. സംസ്ഥാനത്ത് വയനാടും പാലക്കാടും കഴിഞ്ഞാൽ പാൽ ഉത്പാദനം കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.