| എമ്മെസ് ഷൈജു
കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ദ്രോഹങ്ങളിലൊന്നാണ് അക്യുപങ്ചർ എന്ന പേരിൽ പടരുന്ന വ്യാജ ചികിത്സ. മനുഷ്യ ശരീരത്തെ സംബന്ധിച്ചോ അതിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ എ ബി സി ഡി പഠിച്ചിട്ടില്ലാത്തവരടക്കമുള്ളവരാണ് ഈ മേഖലയിൽ വലിയ ചികിത്സകരായി വിലസുന്നത്.
ചിലരൊക്കെ റിട്ടയർമെൻ്റ് ഹോബിയായി കണ്ടാണ് അക്യുപങ്ചർ ചികിത്സകരാകുന്നത്. അത് കൂടാതെ മറ്റ് പല മേഖലകളും പരീക്ഷിച്ച് പരാജയപ്പെടുന്നവർ, പഠിച്ച ഫീൽഡിൽ ഒരു കരിയർ ഉണ്ടാക്കാൻ താത്പര്യമില്ലാത്തവർ തുടങ്ങി പലരും ആറ് മാസത്തെ ഏതൊക്കെയോ സർട്ടിഫിക്കറ്റുകളുമായി മനുഷ്യരെ ചികിത്സിക്കാനിറങ്ങുന്നുണ്ട്. സമയത്തിന് ചികിത്സ കിട്ടേണ്ട പലരും ഇത്തരമാളുകളുടെ പ്രചാരണങ്ങളിൽ വീണ് ആരോഗ്യം ഗുരുതരമാക്കുന്നുമുണ്ട്.
ഒന്നാമതായി, അക്യുപങ്ചർ ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സ രീതിയല്ല. ഏന്നാൽ മനുഷ്യ ശരീരത്തെ സംബന്ധിച്ച് പഠിച്ച ഒരു അംഗീകൃത മെഡിക്കൽ ബിരുദധാരിക്ക് സപ്ലിമെൻ്ററി മെഡിസിൻ പോലെ ഇത് ചെയ്യാമെന്ന് മാത്രം. ഈ സംഗതിയാണ് ആൻജിയോ പ്ലാസ്റ്റിക്കും, കീമോ തെറാപ്പിക്കും, ഡയാലിസിസിനും, സിസേറിയനും ബദലായി ഒരു യോഗ്യതയുമില്ലാത്ത ചിലർ, മനുഷ്യർക്ക് ചെയ്ത് കൊടുത്ത് കൊണ്ടിരിക്കുന്നത്. മോഡേൺ മെഡിസിനോട് ഒരു തരം വിപ്രതിപത്തി പടർത്തിയാണ് ഇത്തരം വ്യാജ ചികിത്സകളിലേക്ക് ആളുകളെ കൊണ്ട് പോകുന്നത്.
ചികിത്സയുടെ ശാസ്ത്രീയതയും പ്രവർത്തന രീതിയും അന്വേഷിക്കുന്നവർക്ക് മുന്നിൽ കുറെ സിദ്ധാന്തങ്ങളും ആളുകളുടെ അനുഭവ സാക്ഷ്യവുമാണ് ഇതിൻ്റെ വക്താക്കൾ നൽകുന്നത്. ഇത് തന്നെയാണ് അത്ഭുത രോഗശാന്തിക്കാരും, മന്ത്രവാദികളും ഉൾപ്പടെയുള്ള മുഴുവൻ വ്യാജ ചികിത്സകരും നൽകുന്നത്.
ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞ് പ്രാക്റ്റീസിന് തയാറെടുക്കുന്ന ഒരു അക്യുപങ്ചർ ചികിത്സകനെ ഈയടുത്ത് കണ്ടു. അധ്യാപകവൃത്തി മടുത്ത്, അതുപേക്ഷിച്ച് അക്യുപങ്ചറിസ്റ്റാവാൻ തയാറെടുക്കുകയാണ് പുള്ളി. സകല അസുഖങ്ങൾക്കും അക്യുപങ്ചർ പരിഹാരമാണ് എന്നാണ് പുള്ളിയുടെ വാദം. സൂചി കുത്തി നോക്കിയിട്ട് ഹാർട്ട് ബ്ലോക്ക് വരെ പുള്ളി പ്രഡിക്റ്റ് ചെയ്ത് കളയും. വെറുതെ ഒരു ഒടക്ക് ചോദ്യമെന്നോണം ഞാൻ ചോദിച്ചു. വഴിയിൽ ആക്സിഡൻ്റായി കിടക്കുന്ന ഒരാളെയോ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്ന ഒരാളെയോ എന്ത് ചെയ്യണം? ഒട്ടും ശങ്കയില്ലാതെ പുള്ളിയുടെ മറുപടിയും വന്നു. “ഞാനാണെങ്കിൽ അക്യുപങ്ചർ ചെയ്ത് ശരിപ്പെടുത്തുകയേ ഉള്ളൂ. ഹോസ്പിറ്റലിൽ കൊണ്ട് പോകില്ല” സത്യത്തിൽ അയാളുടെ ആ ഉറച്ച മറുപടിയിൽ ഞാൻ പകച്ച് പോയിരുന്നു.
അക്യുപങ്ചർ എന്ന പേരിൽ ഇവിടെ വ്യാപിക്കുന്ന സാമൂഹ്യ ദ്രോഹത്തിൻ്റെ ആഴം മനസിലാക്കാൻ ആ ഒരുത്തരം മാത്രം മതി. സിസേറിയന് പകരം അക്യുപങ്ചർ ചികിത്സ നടത്തി ഭാര്യയെയും കുഞ്ഞിനെയും മരണത്തിന് വിട്ട് കൊടുത്തവൻ്റെ അതേ വാദമാണ് ഓരോ അക്യുപങ്ചറിസ്റ്റും ഇവിടെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. അക്യുപങ്ചർ ചികിത്സ തെന്നിയും തെറിച്ചുമോക്കെ പണ്ടേ ഇവിടെയൊക്കെയുണ്ട്. പക്ഷേ മോഡേൺ മെഡിസിന് പകരം വെക്കുന്ന നിലയിൽ ഒരു പ്രോപഗണ്ട പോലെയും സൊലൂഷൻ പോലെയും അത് കടന്ന് വരുന്നതാണ് പ്രശ്നം.
ആശുപത്രിയിൽ പോയി ചെറിയ ചികിത്സ കൊണ്ട് ഭേദപ്പെടേണ്ട പല രോഗാവസ്ഥകളെയും ജീവാപായമുണ്ടാകുന്ന വിധം വഷളാക്കുകയും മനുഷ്യരെ ശാസ്ത്ര വിരുദ്ധമായ തെറ്റായ മനോ നിലകളിൽ തള്ളിയിടുകയും ചെയ്യുന്നതാണ് ഈ വ്യാജ ചികിത്സകർ ചെയ്യുന്ന ദ്രോഹം. കേരളത്തിൻ്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലടക്കം കൂൺ പോലെ മുളച്ച് വരുന്ന അക്യുപങ്ചർ കേന്ദ്രങ്ങളെയും ഒരു യോഗ്യതയുമില്ലാത്ത ചികിത്സകരെയും നിയന്ത്രിക്കാൻ സംവിധാനമുണ്ടായില്ലെങ്കിൽ നമ്മുടെ ആരോഗ്യരംഗം കൈവരിച്ച വളർച്ചകളുടെ എല്ലാ ഗുണഫലങ്ങളും ഇത്തരക്കാർ തകർക്കും.