2024 ൽ മലയാള സിനിമയിൽ തരംഗം തീർത്ത ഗിരീഷ് എ ഡി സിനിമ പ്രേമലു വീണ്ടും വരുന്നു. സിനിമയുടെ നിർമ്മാതാക്കൾ ആയ ഭാവന സ്റ്റുഡിയോസ് ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്.
2024 ലെ ബിഗ് സ്റ്റാർ സിനിമകൾക്ക് ഒപ്പം മത്സരിച്ചാണ് റെക്കോർഡ് കളക്ഷൻ നേടി പ്രേമലു തരംഗം തീർത്തത്. 130 കോടിയിൽ അധികമാണ് ആഗോള തലത്തിൽ സിനിമ നേടിയത്. നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി എത്തിയ സിനിമ ഏറെ കാലത്തിനു ശേഷം മലയാളികൾ സ്വീകരിച്ച റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ്. ഏറ്റവും ചെറിയ പ്രായത്തിൽ 100 കോടി കളക്ഷൻ നേടിയ നടൻ എന്ന റെക്കോർഡും നസ്ലിൻ നേടിയിരുന്നു.
2025 ൽ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ഇതേ സ്വീകാര്യത കിട്ടുമോ എന്ന സംശയമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. കാനഡയിലേക്ക് പോയ സച്ചിന് ശേഷം എന്ത് സംഭവിച്ചു എന്നതാകാം രണ്ടാം ഭാഗം എന്ന് തുടങ്ങി കഥ മെനയൽ പ്രേക്ഷകർ ഇതിനോടകം ആരംഭിച്ചുക്കഴിഞ്ഞു.
ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകൻ ഗിരീഷ് എ ഡി യും ഭാവന സ്റ്റുഡിയോസും നസ്ലിൻ മമിത ജോഡിയും വീണ്ടും തരംഗം ഉണ്ടാക്കുമോ എന്ന് 2025 ൽ അറിയാം. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിൽ ആണ് സിനിമ പുറത്തിറങ്ങുന്നത്