മനുഷ്യന്റെ ചിന്തകൾക്ക് ഒരിക്കലും കടിഞ്ഞാൺ ഇടാൻ സാധ്യമല്ല. നടക്കുന്നതും നടക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ മനുഷ്യർ നിത്യജീവിതത്തിൽ ആലോചിച്ച് കൂട്ടാറുണ്ട്. ഓരോരുത്തരുടെയും ചിന്ത നിലവാരം അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ബാല്യ കൗമാര പ്രായം കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്ന ഒന്നാണ് എതിരെ നിൽക്കുന്ന ആളിന്റെ മനസ് വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നത്. ഈ ചിന്ത ഏകദേശം എല്ലാവർക്കും ഒരു പോലെ ആയിരിക്കും. അത്തരത്തിൽ മറ്റൊരാളുടെ മനസ്സ് വായിക്കാൻ ശേഷിയുള്ള ഒരു യന്ത്രത്തെ കുറിച്ച് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടും ഉണ്ടാകും. പലരുടെയും ഭാവനയിലും അതുണ്ടാകും. എന്നാൽ, ശാസ്ത്രം ഇതിനകം തന്നെ ഇതിനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) ശാസ്ത്രജ്ഞർ ആണ് മനുഷ്യന്റെ മനസ്സ് വായിക്കാനും ചിന്തകളെ തത്സമയം അക്ഷരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും കഴിയുന്ന ഒരു യന്ത്രം വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. യന്ത്രത്തിന് 79% കൃത്യതാ നിരക്ക് ഉണ്ടെന്ന് കണ്ടെത്തിയതായും അവകാശപ്പെടുന്നു. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. 100% കൃത്യതയോടെ ഇത് വിജയകരമായാൽ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിൽ സമൂലമായ മാറ്റമായിരിക്കും ഈ കണ്ടെത്തൽ കൊണ്ടുവരുന്നത്. രണ്ടു വ്യക്തികളുടെ തലച്ചോറുമായി ചെറിയ ഇലക്ട്രോഡുകൾ പതിപ്പിച്ചാണ് ചിന്തിക്കുന്ന കാര്യങ്ങളെ തൽസമയം ഡി കോഡ് ചെയ്ത് എടുക്കുന്നത്. നിലവിൽ കണ്ടെത്തിയ യന്ത്രം ചിന്തകളെ 79% കൃത്യതയോടെ ഡീകോഡ് ചെയ്തെടുക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
എങ്കിൽ കൂടിയും ഈ സാങ്കേതികവിദ്യ ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും വെറും “ആറ് വാക്കുകളിൽ” മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സാങ്കേതികവിദ്യ, വിജയകരമായാൽ സംസാരശേഷിയും ശാരീരികമായി ചലനശേഷിയും ഇല്ലാത്ത രോഗികളെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത്തരം അവസ്ഥകളിൽ ഉള്ളവരുടെ ചിന്തകൾ അറിയിക്കുന്നതിനും മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമായി ഈ കണ്ടെത്തൽ മാറും എന്നും ശാസ്ത്രജ്ഞർ പറയുന്നു.