അനുവാദം വാങ്ങാതെ പുതിയ പാഠപുസ്തകങ്ങള്‍ തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന ആരോപണവുമായി എന്‍സിഇആര്‍ടി കൗണ്‍സിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രമുഖ അക്കാദമിക് വിദഗ്ധരായ യോഗേന്ദ്ര യാദവും സുഹാസ് പാല്‍ഷിക്കറും .
പുതിയതായി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം ഇതോടെ കൂടുതൽ രൂക്ഷമായി.പാഠപുസ്തകങ്ങളിലെ ഏറ്റവും പുതിയ പരിഷ്‌കരണങ്ങളെ ശക്തമായി എതിര്‍ത്ത് യാദവും പാല്‍ഷിക്കറും എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനിക്ക് കത്തയച്ചു. പാഠപുസ്തകങ്ങള്‍ വികലമാക്കാനും തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കാനും എന്‍സിഇആര്‍ടിക്ക് ധാര്‍മ്മികവും നിയമപരവുമായ അവകാശമില്ലെന്ന് അവര്‍ പറഞ്ഞു.
നിലവിൽ വിപണിയില്‍ ലഭ്യമായ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങള്‍ ബിജെപിയുടെ അയോധ്യാ രഥയാത്രയെയും ബാബറി മസ്ജിദ് തകര്‍ച്ചയുടെ അനന്തരഫലങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കുറച്ച്, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇതിനുപുറമെ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദിന്റെ പേര്് പരാമര്‍ശിക്കുന്നില്ല. ‘മൂന്ന് താഴികക്കുടങ്ങള്‍’ എന്ന് മാത്രമാണ് പരാമര്‍ശം. അയോധ്യയെ കുറിച്ചുള്ള പാഠഭാഗം നാലില്‍ നിന്ന് രണ്ട് പേജുകളായി വെട്ടിക്കുറയ്ക്കുകയും മുന്‍ പതിപ്പില്‍ നിന്ന് വിശദാംശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.പാഠപുസ്തകങ്ങളുടെ പുതുക്കിയ പതിപ്പില്‍ ഇപ്പോഴും യോഗേന്ദ്ര യാദവിന്റെയും സുഹാസ് പലശിക്കറിന്റെയും പേരുകള്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുണ്ട്.
സക്ലാനിക്ക് അയച്ച ഇ-മെയിലില്‍, എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ ലഭ്യമായ പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികളില്‍ തങ്ങളുടെ പേരുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അവര്‍ ആവശ്യപ്പെട്ടു.