23 November 2024

പ്രധാന വെല്ലുവിളി പ്രേക്ഷകർക്ക് കണക്റ്റ് ആകുമോ എന്ന ചിന്ത തന്നെ ആയിരുന്നു; ‘ഗഗനചാരി’ തിരക്കഥാകൃത്ത് ശിവ സായി പറയുന്നു

എം ടി മുതൽ ഇന്ന് ശ്യാം പുഷ്ക്കർ വരെയുള്ള ആളുകൾ ആഘോഷിക്കപ്പെടുന്നവരാണ്. അവർ വളരെ യൂണിക്‌ ആയിട്ടുള്ള കണ്ടന്റുകൾ എഴുതി മറ്റു സിനിമ പ്രവർത്തകരുമായി പ്രവർത്തിച്ചുകൊണ്ട് വളരെ കൃത്യമായ ഒരു ബ്രാൻഡ് മൂല്യം ഉണ്ടാക്കുന്നുണ്ട്.

| അഭിമുഖം: ശിവ സായി / ശ്യാം സോർബ

മലയാള സിനിമയുടെ ഈ സുവർണ്ണ കാലഘട്ടത്തിൽ ഏറെ വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു ശൈലി ആവിഷ്‌ക്കരിച്ച സിനിമയാണ് ഗഗനചാരി. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്ന ഗഗനചാരി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശിവ സായി സിനിമയെ പറ്റിയും, കാഴ്ചപ്പാടുകളെ പറ്റിയും സംസാരിക്കുന്നു.

?: ഗഗനചാരി കേരളമെങ്ങും മികച്ച പ്രതികരണങ്ങൾ നേടുന്നതിൽ അഭിനന്ദനങ്ങൾ. ഒരു തിരക്കഥകൃത്ത് എന്ന നിലയിൽ ഗഗനചാരിയേ കുറിച്ചു രണ്ട് വാക്ക് പങ്കുവെക്കാമോ

ശിവ സായി: ഗഗനചാരി ഒരു മോക്യൂമെന്ററി ശൈലിയിൽ ഉള്ള സയൻസ് ഫിക്ഷൻ സിനിമയാണ്. അമേരിക്കയിലൊക്കെ വളരെ പ്രശസ്തമായ ദി ഓഫീസ്, മോഡേൺ ഫാമിലി പോലെയുള്ള ടി വി സീരിയലുകളിലൂടെയാണ് ഈ ഒരു രീതി ആളുകളിലേക്ക് എത്തിയത്. അത്തരം ഒരു രീതിയെ ആണ് കൊണ്ടുവരാൻ ശ്രമിച്ചത്. ഇതുനുമുന്പ് ആവാസവ്യൂഹം എന്ന സിനിമയിലാണ് ഈ ശൈലി ഉപയോഗിച്ചിരിക്കുന്നത്. അതിനുശേഷം മെയിൻ സ്ട്രീമിലേക്ക് ഈ ശൈലിയെ കൊണ്ടുവരുന്നത് ഈ സിനിമയിലൂടെയാണ്.

?: വളരെ വ്യത്യസ്തമായ ഒരു സമീപനം ആണ് ഈ സിനിമ. ഇത്തരം ഒരു ആശയത്തിലേക്കുള്ള പ്രചോദനം എങ്ങനെയാണ്?

ശിവ സായി: വ്യത്യസ്തമായ ഒരു ശൈലി വേണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അതെ സമയം മലയാളി പ്രേക്ഷകർക്കും സാധാരണക്കാരായ കാണികൾക്കും ഇത് ഉൾകൊള്ളാനും സാധിക്കണം. അത് ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവരുമ്പോൾ ഒരു പുതുമയും ഉണ്ടാവണം എന്നുള്ളതുകൊണ്ടാണ് മോക്യൂമെന്ററി എന്ന ആശയത്തിലേക്ക് എത്തിയത്.

കഥാപാത്രങ്ങൾ തന്നെ അവരുടെ ലോകത്തെ പറ്റിയും ചുറ്റുപാടുകളെ പറ്റിയും കഥയെ പറ്റിയും പ്രേക്ഷകരോട് സംവദിക്കുന്ന എക്‌സ്‌പോസിഷൻ എന്ന രീതിയാണ് 90 ശതമാനവും സിനിമയിൽ കൊണ്ടുവന്നിരിക്കുന്നത്. അതിനെ എത്രത്തോളം ലളിതമായി ആവിഷ്‌ക്കരിക്കാൻ സാധിക്കും എന്ന തോന്നലിൽ നിന്നുകൂടിയാണ് വ്യത്യസ്തമായ ഈ ശൈലിയിലേക്ക് വരാനുണ്ടായ പ്രചോദനവും.

?: സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തി എന്ന് കരുതുന്നുണ്ടോ? പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണങ്ങൾ എങ്ങനെ നോക്കി കാണുന്നു?

ശിവ സായി: ഇത്തരം സിനിമ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉണ്ട്. ഞങ്ങൾ വിചാരിച്ചതിലും വലുതായി അത് പ്രേക്ഷകരിൽ എത്തി എന്നതാണ് സത്യം. സയൻസ് ഫിക്ഷൻ സിനിമകളും, കോമിക് കഥകൾ പോലെയുള്ള സിനിമകളെയും ഒക്കെ വളരെ കൃത്യമായി ആസ്വദിക്കുന്ന ഒരു ജനെറേഷൻ തന്നെ ഉണ്ടായിവരുന്നുണ്ട്. അവരിലേക്ക് എത്തുന്നതിനൊപ്പം തന്നെ പഴയ ജനെറേഷനുകളിലേക്കും ഈ സിനിമ എത്തി എന്നത് വലിയ സന്തോഷം ആണ്. മലയാളി പ്രേക്ഷകർ ഇത്തരം സിനിമകൾ സ്വീകരിക്കുന്നു എന്നത് നാളെയും പുതുമകൾ ഉള്ള സിനിമകൾ ചെയ്യാനുള്ള വലിയ പ്രചോദനമാണ്.

?: പലപ്പോഴും സിനിമ റിലീസിന് ശേഷം സംവിധായകർ, അഭിനേതാക്കൾ എല്ലാം ആഘോഷിക്കപ്പെടുകയും എന്നാൽ, തിരക്കഥകൃത്ത് അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നതായി തോന്നാറുണ്ടോ?

ശിവ സായി: ഒരു പരിധി വരെ അത് ശരിയാണ്. ഒരു സിനിമ വിജയം ആയാൽ ആഘോഷിക്കപ്പെടുന്നത് സംവിധായകരും അഭിനേതാക്കളുമാണ്. അതെ സമയം അത് പരാജയപ്പെട്ടാലും അക്രമിക്കപ്പെടുന്നതും അവര് തന്നെയാണ്. ഇരട്ട തലയുള്ള ഒരു വാള് പോലെയാണത്. എഴുത്തുകാരെ അല്ലെങ്കിൽ തിരക്കഥാകൃത്തുക്കളുടെ കാര്യം പറയുകയാണെങ്കിൽ അവർ അവരുടേതായ ഒരു സ്പേസ് ഉണ്ടാക്കണം.

എം ടി മുതൽ ഇന്ന് ശ്യാം പുഷ്ക്കർ വരെയുള്ള ആളുകൾ ആഘോഷിക്കപ്പെടുന്നവരാണ്. അവർ വളരെ യൂണിക്‌ ആയിട്ടുള്ള കണ്ടന്റുകൾ എഴുതി മറ്റു സിനിമ പ്രവർത്തകരുമായി പ്രവർത്തിച്ചുകൊണ്ട് വളരെ കൃത്യമായ ഒരു ബ്രാൻഡ് മൂല്യം ഉണ്ടാക്കുന്നുണ്ട്. മുരളി ഗോപിയെ പോലെയുള്ള എഴുത്തുകാർ എഴുതുന്ന ഒരു സിനിമ വരുമ്പോൾ സംവിധായകനെക്കാൾ കൂടുതൽ ആ പേര് ശ്രദ്ധിക്കപ്പെടുന്നത് അതുകൊണ്ടാണ്. അത്തരം ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ എല്ലാവര്ക്കും സാധിക്കും. പക്ഷെ അതിനുവേണ്ടി വ്യത്യസ്തമായ കണ്ടന്റുകൾ ഉണ്ടാക്കുവാനും കഷ്ട്ടപ്പെടുവാനും ആളുകൾ തയ്യാറാകണം.

?: സഹസംവിധായകൻ ആയി മലയാള സിനിമയിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ, അവിടെ നിന്നും ഒരു തിരക്കഥകൃത്തിലേക്ക് ഉള്ള മാറ്റം എങ്ങനെ ആണ്?

ശിവ സായി: ഇത്തരത്തിലുള്ള ഒരു മാറ്റം വളരെ അപ്രതീക്ഷിതവും വളരെ വേഗത്തിൽ ഉള്ളതുമായിരുന്നു. പക്ഷെ അതെ സമയം എന്നെ സംബന്ധിച്ചു നോക്കുമ്പോൾ ഗഗനചാരി എന്ന സിനിമ വളരെ ചെറിയൊരു സിനിമയാണ്. ഒരു തിരക്കഥാകൃത്ത് എന്നതിൽ ഉപരി എല്ലാ മേഖലയിലും ഇടപെട്ടിട്ടുണ്ട്. കോവിഡ് സമയത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്.

അതുകൊണ്ട് തന്നെ വളരെ ചെറിയൊരു ടീം ആയിരുന്നു. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ മാറി നിൽക്കാതെ എല്ലാ മേഖലയിലും ഇടപെടാൻ പറ്റിയത് കൊണ്ട് തന്നെ ഒരു വ്യത്യാസം സത്യം പറഞ്ഞാൽ തോന്നിയില്ല. പക്ഷെ ഈ ഒരു ചാട്ടം വളരെ വലുതായിരുന്നു. സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്താണ് അതിൽ ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്. ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നത് അദ്ദേഹമാണ്.

?: ഒരുപക്ഷെ മലയാളത്തിലെ ആദ്യത്തെ കോമഡി മോക്കുമെന്ററി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയല്ലേ ഗഗനചാരി? ഇങ്ങനെ ഒരു സിനിമയിലേക്ക് കടക്കുമ്പോൾ ഉള്ള വെല്ലുവിളികൾ എന്തൊക്കെ ആയിരുന്നു?

ശിവ സായി: പ്രധാന വെല്ലുവിളി ഇത് പ്രേക്ഷകർക്ക് കണക്റ്റ് ആകുമോ എന്ന ചിന്ത തന്നെ ആയിരുന്നു. മലയാളി പ്രേക്ഷകരെ സംബന്ധിച്ചു നമ്മൾ വളരെ ചെറുപ്പം ആയിട്ടുള്ള ഒരു കൂട്ടമാണ്. പുതിയ ആശയങ്ങളെയും ശൈലികളെയും പരീക്ഷിക്കുന്ന ഒരു വിഭാഗമാണ്. ഇത്തരം ആശയങ്ങളെ പ്രേക്ഷകർ പരിചയപ്പെട്ടു വരുന്നതേയുള്ളു. അങ്ങനെ ഒരു ആളുകളിലേക്ക് ഇത്തരം ഒരു പുതിയ ശൈലിയെ അവതരിപ്പിക്കുമ്പോൾ അത് അവർക്ക് എത്രമാത്രം കണക്റ്റ് ആകും എന്ന ചിന്ത നിരന്തരമായി ഉണ്ടായിരുന്നു.

അതെ സമയം ഈ കഥ, ശൈലി ഒക്കെ ഒരു നിർമ്മാതാവിന് ഇഷ്ടപ്പെടണം, ഷൂട്ട് ചെയ്യുന്ന കാര്യങ്ങൾ കണ്ടു മനസിലാക്കണം, അങ്ങനെ ഉള്ള വെല്ലുവിളികൾ ഉണ്ടായിരുന്നു. കണക്ട് ചെയ്യാത്ത ആളുകൾ ഉണ്ട് എന്നാലും, നെറ്റി ചുളിക്കുന്ന ആളുകളും, ഇഷ്ട്ടപ്പെടാത്ത ആളുകളും വളരെ കുറവായിരുന്നു. പ്രധാനമായും ഇതിലെ നർമ്മം അതിനു സഹായകമായി എന്നാണു കരുതുന്നത്.

?: സംവിധായകനും ആയുള്ള സഹകരണം ചർച്ച ചെയ്യാമോ? താങ്കളുടെ ആശയങ്ങളും രചന ശൈലിയും അദ്ദേഹത്തിന്റെ സംവിധാന വീക്ഷണങ്ങളും എങ്ങനെ സംയോജിപ്പിച്ചു എന്നാണ് കരുതുന്നത്?

ശിവ സായി: സംവിധായകനും ഞാനും തമ്മിൽ ഒരു അധ്യാപകനും വിദ്യാർത്ഥിയെയും പോലെയായിരുന്നു. ഹോം വർക്ക് ആയിട്ട് ഒരു സീൻ തരുന്നു, അത് ഞാൻ എഴുതിക്കൊണ്ടു വരുന്നു, അതിന്മേൽ ചർച്ചകൾ നടത്തുന്നു അങ്ങനെ നല്ല രീതിയിലുള്ള ഒരു സംഭാഷണവും സഹകരണവും ആയിരുന്നു പരസ്പ്പരം. അതെ സമയം ഓരോന്നും എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ ചെയ്യാം എന്നുള്ള ആശയങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുകയും, നന്നായി അത് എഴുതാൻ വളരെ അധികം സഹായിക്കുകയും ചെയ്ത ഒരു സംവിധായകൻ ആണ് അദ്ദേഹം. അത്തരത്തിൽ അരുൺ ചന്ദു എന്ന സംവിധായകൻ ഒരു മികച്ച മെന്റർ കൂടിയാണ് എനിക്ക്.

?: താങ്കളുടെ അനുഭവങ്ങളിൽ നിന്നും മലയാള സിനിമ സ്വപ്നം ആയി കാണുന്ന യുവ തിരക്കഥകൃത്തുക്കളോട് താങ്കൾക്ക് പറയാനുള്ള കാര്യങ്ങൾ?

ശിവ സായി: ഉപദേശം കൊടുക്കാൻ മാത്രം ആളല്ല ഞാൻ. എന്നാലും അവരോട് പറയാനുള്ളത് എല്ലാവര്ക്കും വേണ്ടി സിനിമയുണ്ടാക്കുക എന്നാണ്. നിങ്ങളുടെ സെന്സിബിലിറ്റിയിൽ നിങ്ങൾക്ക് മാത്രം ഇഷ്ട്ടപ്പെടുന്ന സിനിമ എന്നതിനും അപ്പുറത്തേക്ക് മറ്റുള്ളവരുമായി സംസാരിക്കുകയും, പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ റിസർച് നടത്തി ഒരു ആശയം ഉണ്ടാക്കിയതിന് ശേഷം വേണം എഴുതാൻ. നമ്മുടെ സംതൃപ്തിക്ക് വേണ്ടി മാത്രമല്ല നമ്മൾ സിനിമ ചെയ്യുന്നത് എന്ന തോന്നലുണ്ടാകണം.

?: നിലവിലെ മലയാള സിനിമയുടെ വളർച്ചയെയും, ഭാവിയെയും എങ്ങനെ നോക്കിക്കാണുന്നു?

ശിവ സായി: ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഉറ്റുനോക്കുന്ന ഒരു സുവർണ്ണ കാലഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. അങ്ങനെ ഒരു കാലഘട്ടത്തിൽ തന്നെ നമ്മുടെ സിനിമയും ഇറങ്ങിയത് സന്തോഷമാണ്. ഈ ഒരു ഗ്രാഫ് സൂക്ഷിച്ചുക്കൊണ്ടു മുന്നോട്ട് പോയാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരുപാട് അംഗീകാരങ്ങൾ മലയാള സിനിമയ്ക്ക് നേടാൻ സാധിക്കും. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതിക സിനിമ പ്രവർത്തകരും ഉള്ള ഇടമാണ് മലയാള സിനിമ.

പുതിയ ആശയങ്ങളെ സ്വീകരിക്കാനും ശ്രമിക്കാനും തയ്യാറാകുന്ന നിർമ്മാതാക്കളും അഭിനേതാക്കളും ഉണ്ടായാൽ , അവർ ഇപ്പോൾ നിൽക്കുന്ന വേലികൾക്കും അപ്പുറത്തേക്ക് സഞ്ചരിക്കാൻ തയ്യാറായാൽ മലയാള സിനിമയെ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ഭാവി വളരെ പ്രതീക്ഷയുള്ളതാണ് , സന്തോഷമുള്ളതാണ്.

?: ഈ ഒരു സ്ക്രിപ്റ്റ് ആരംഭം മുതൽ, പൂർത്തീകരണം വരെ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകുമല്ലോ, അത്തരത്തിലുള്ള ചില നിമിഷങ്ങളിലേക്ക് ഒന്ന് കടന്ന് ചെല്ലാൻ പറ്റുമോ? കഥാപാത്രങ്ങൾ ആവിഷ്‌കരിക്കുമ്പോൾ അതിലേക്കുള്ള അഭിനേതാക്കളെ മനസ്സിൽ കൊണ്ട് വരാറുണ്ടായിരുന്നോ?

ശിവ സായി: 90 ശതമാനവും നമ്മൾ എഴുതുന്ന ഒരു ആശയവും അത് സിനിമയായി വരുമ്പോൾ കാണുന്നതും തമ്മിൽ വലിയ അന്തരം ആണ് ഉണ്ടാകാറുള്ളത് . അത് എപ്പഴും അങ്ങനെ തന്നെയാണ്. സിനിമയിലെ ഏറ്റവും മികച്ച സംവിധായകർ പോലും അവർ ആദ്യം ചിന്തിച്ചത് ആകണം എന്നില്ല അത് ആവിഷ്‌ക്കരിക്കുമ്പോൾ. അത് മോശം കാര്യമല്ല, അത് നന്നാക്കറേയുള്ളു. പിന്നെ ഗഗനചാരി എഴുതുമ്പോൾ അഭിനേതാക്കൾ മനസ്സിലുണ്ടായിട്ടില്ല എങ്കിലും ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ മികച്ച അഭിനേതാക്കളെ തന്നെയാണ് ലഭിച്ചത്. അത് ഈ സിനിമയുടെ വലിയ ഭാഗ്യമാണ്.

Share

More Stories

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം; ദമ്പതികൾക്കെതിരെ പൊലീസ് കേസ്

0
ചെന്നൈ സ്വദേശികളായ ദമ്പതികൾ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം നടത്തിയത് വിവാദമായി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന ഗ്രൂപ്പിന്റെ നിർദ്ദേശം അനുസരിച്ച് മനോഹരൻ എന്ന ജെസിബി ഓപ്പറേറ്റർ ഭാര്യ സുകന്യയുടെ...

കറൻസി ദുർബലം; ടോക്കിയോ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്

0
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മികച്ച നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ, പുതിയ റിപ്പോര്‍ട്ടുകൾ പ്രകാരം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. തായ്‌ലന്റിലെ ബാങ്കോക്കിന് ശേഷം ടോക്കിയോയും ലൈംഗിക ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായി...

മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കും; എഐ ഉപകരണം വികസിപ്പിച്ച് ഗവേഷകർ

0
ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകർ മൂഡ് ഡിസോർഡറുകൾ മുൻകൂട്ടി പ്രവചിക്കുന്ന എഐ ഉപകരണം വികസിപ്പിച്ചു. സ്മാർട്ട് വാച്ചുകൾ പോലെത്തന്നെ ധരിക്കാവുന്ന ഈ ഉപകരണം, ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ നിരീക്ഷിച്ച്...

പെറു മുതൽ ബ്രസീൽ വരെ; ബെൽറ്റ് ആൻഡ് റോഡ് സഹകരണം, പുതിയ നാഴികക്കല്ലുകൾ

0
ഭാഷാ തടസ്സമോ പരിമിതമായ പ്രാദേശിക വാർത്താ കവറേജ് കാരണമോ പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെയും ബ്രസീലിലെ റിയോ ഡി ജനീറോയിലെയും ആളുകൾക്ക് ഏഷ്യയിലെയും ആഫ്രിക്കയിലെയും പല സ്ഥലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ബെൽറ്റ് ആൻഡ് റോഡ്...

മേഘങ്ങൾക്ക് മുകളിലൂടെ കോൺകോർഡിൽ യാത്ര; ഉടൻ പറന്നുയരുന്ന വിമാനങ്ങൾ

0
പറക്കാനുള്ള സ്വപ്‌നം മനുഷ്യരാശിയെ എപ്പോഴും കീഴടക്കിയിട്ടുണ്ട്. വിമാന നിർമ്മാണത്തിൻ്റെ മുന്നേറ്റത്തിനുശേഷം മിക്ക ആളുകൾക്കും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കാൻ സാധിച്ചു. എന്നാൽ സാധ്യതകൾ തീർന്നില്ല. പറക്കൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ...

Featured

More News