...
Home News International മാഞ്ഞുപോയ സ്വർണത്തിളക്കം; വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സിൽ അയോഗ്യയാക്കി, ശരീരഭാര പരിശോധനയിൽ അധികതൂക്കം

മാഞ്ഞുപോയ സ്വർണത്തിളക്കം; വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സിൽ അയോഗ്യയാക്കി, ശരീരഭാര പരിശോധനയിൽ അധികതൂക്കം

സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്‌തിരുന്നു

284

പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ശരീര ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ ഒഫീഷ്യൽസ് അന്തിമ തീരുമാനം കൈകൊണ്ടത്.

ഗുസ്‌തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സരദിവസം രാവിലെ പരിശോധിച്ചിരുന്നു. ബുധനാഴ്‌ച രാവിലെ നടന്ന ശരീരഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഇതോടെ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ നഷ്‌ടമായി.

ഒളിംപിക്‌സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമാണ് സെമി ഫൈനൽ പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് ലഭിച്ചത്.

ചൊവാഴ്‌ച നടന്ന മത്സരത്തിന് മുമ്പും വിനേഷ് പതിവ് ഭാരപരിശോധനക്ക് വിധേയയായിരുന്നു. വിനേഷിന്‍റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ രാത്രിയോടെ വിനേഷിന്‍റെ ശരീരഭാരം ഏതാണ്ട് രണ്ട് കിലോ ഗ്രാമോളം അധികമായി. സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്‌തിരുന്നു.

രാത്രി ഉറങ്ങാതെ സൈക്ലിംഗലും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ബുധനാഴ്‌ച രാവിലെ നടന്ന ശരീരഭാര പരിശോധനയില്‍ വിനേഷ് പരാജയപ്പെടുകയായിരുന്നു. റിയോ ഒളിംപിക്സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് പിന്നീട് 53 കിലോ ഗ്രാം വിഭാഗത്തിലും മത്സരിച്ചിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ശരീരഭാരം കുറച്ചാണ് പാരീസില്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.