...
Home Entertainments അഡ്വക്കേറ്റ് ചന്ദ്രു വീണ്ടും; ജീവജ്യോതി കേസ് സിനിമയാക്കാൻ ജ്ഞാനവേൽ

അഡ്വക്കേറ്റ് ചന്ദ്രു വീണ്ടും; ജീവജ്യോതി കേസ് സിനിമയാക്കാൻ ജ്ഞാനവേൽ

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്.

269

ജയ് ഭീം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ടിജെ ജ്ഞാനവേൽ. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയിൽ സൂര്യയായിരുന്നു ചന്ദ്രുവായി എത്തിയത്. ഇതിന് പിന്നാലെ രജനികാന്തിനെ നായകനാക്കി വേട്ടയ്യൻ എന്ന ചിത്രവും ജ്ഞാനവേൽ സംവിധാനം ചെയ്തു.

മഞ്ജു വാര്യരും രജനികാന്തും പ്രധാനവേഷങ്ങളിൽ എത്തുന്ന വേട്ടയ്യന്‍ റിലീസ് ചെയ്യുന്നതിന് മുമ്പെ തന്നെ തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് ടി ജെ ജ്ഞാനവേൽ.ജയ് ഭീം പോലെ യഥാർത്ഥ നിയമ പോരാട്ടം അടിസ്ഥാനമാക്കിയാണ് ജ്ഞാനവേൽ ഈ ചിത്രം ഒരുക്കുന്നത്. തമിഴ്നാട്ടിൽ കുപ്രസിദ്ധമായ ശരവണഭവൻ അണ്ണാച്ചി രാജഗോപാലിനെതിരെ ജീവജ്യോതിയെന്ന വിധവ നടത്തിയ നിയമപോരാട്ടമാണ് സിനിമയാകുന്നത്.

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്. തമിഴ്നാട്ടിലെ ഏറ്റവും പ്രബലമായ ബിസിനസ് ഗ്രൂപ്പായി വളർന്ന ശരവണഭവൻ ഉടമയ്ക്കെതിരെ നടന്ന നിയമ പോരാട്ടം വർഷങ്ങളോളം നീണ്ടു.

ജീവജ്യോതിയുടെ അച്ഛൻ രാമസാമി ശരവണഭവൻ ഹോട്ടലില് മാനേജറായിരുന്നു. ഇതിനിടെയാണ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ശ്രമിച്ചത്. തുടക്കത്തിൽ തന്നെ ശക്തിയുക്തം രാജഗോപാലിനെ ജീവജ്യോതിയും ഭർത്താവ് ശാന്തകുമാറും എതിർത്തു. ഇതോടെ വിവാഹത്തിന് തടസമായത് ശാന്തകുമാറാണെന്നും അയാൾ ഇല്ലാതായാൽ ജീവജ്യോതി തന്റെ ഭാര്യയായി കൊള്ളുമെന്നും കരുതിയ രാജഗോപാൽ ശാന്തകുമാറിനെ കൊലപ്പെടുത്തി.

ഇതോടെയാണ് ജീവജ്യോതി രാജഗോപാലിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഹോട്ടൽ മേഖലയിൽ കൊടികുത്തി വാഴുന്ന രാജഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതോടെ സംഭവം തമിഴ്നാട്ടിൽ ചർച്ചയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയെ ജീവജ്യോതി പോയി കണ്ടതോടെ കേസ് അന്വേഷണം വേഗത്തിലായി.

കേസിൽ വാദം കേട്ട ചെന്നൈ സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇതിനെതിരെ രാജഗോപാൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രാജഗോപാലിനെ പോലും ഞെട്ടിച്ചുകൊണ്ട് പത്തുവർഷത്തെ തടവ് ശിക്ഷ ഹെെക്കോടതി ജീവപര്യന്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ രാജഗോപാൽ സമീപിച്ചെങ്കിലും ശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

ഈ നിയമപോരാട്ടമാണ് സിനിമയാകുന്നത്. പ്രമുഖ നിർമാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം ജയ്ഭീമിലെ നായക കഥാപാത്രമായ ജസ്റ്റിസ് ചന്ദ്രു പുതിയ ചിത്രത്തിലും എത്തുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നിയമപോരാട്ടത്തിന്റെ കഥ ആയതിനാൽ തന്നെ ജസ്റ്റിസ് ചന്ദ്രുവായി സൂര്യ ഈ ചിത്രത്തിലും എത്തിയേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചർച്ചകൾ. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുന്നത്.

നിലവിൽ തഞ്ചാവൂരിലാണ് ജീവജ്യോതി രണ്ടാം ഭർത്താവ് ദണ്ഡപാണിക്കും മകനുമൊപ്പം താമസിക്കുന്നത്. ഇതിനിടെ ബിജെപിയിൽ ചേർന്ന ജീവജ്യോതി സംസ്ഥാന കമ്മിറ്റിയിൽ മെമ്പറാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.