മലപ്പുറം ജില്ലയിൽ കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന റിപ്പോർട്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണം.
ദിവസങ്ങൾക്ക് മുമ്പാണ് രോഗി കേരളത്തിൽ എത്തിയതെന്നും അസുഖം വന്നതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും കുരങ്ങുപനിയാണെന്ന് സംശയിച്ച് സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്ത് കുരങ്ങുപനി (Mpox) റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹരിയാനയിലെ ഹിസാറിലെ താമസക്കാരനായ 26 കാരന് വൈറസ് പോസിറ്റീവ് ഫലം കണ്ടെത്തുകയും ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത 30 കേസുകൾക്ക് സമാനമായി ഇത് ഒറ്റപ്പെട്ട കേസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചിരുന്നു. കൂടാതെ ഇത് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്‌ത നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമല്ലെന്നും ഇത് ക്ലേഡ് 1-ൻ്റെ ഭാഗമാണെന്നും അടിവരയിട്ടു.
26 കാരനായ ഹിസാർ സ്വദേശിക്ക് പശ്ചിമ ആഫ്രിക്കൻ ക്ലേഡ് -2ൻ്റെ എംപോക്‌സ് വൈറസിന് പോസിറ്റീവ് ഉണ്ടായതായി അതിൽ പറയുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നത് കണക്കിലെടുത്ത് രണ്ടാം തവണയും എംപോക്‌സിനെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻ്റർനാഷണൽ കൺസേൺ (PHEIC) ആയി പ്രഖ്യാപിച്ചിരുന്നു.
Mpox അണുബാധകൾ സാധാരണയായി സ്വയം പരിമിതപ്പെടുത്തുന്നു. രണ്ടോ നാലോ ആഴ്‌ചകൾ നീണ്ടുനിൽക്കും. കൂടാതെ രോഗികൾ സാധാരണയായി സപ്പോർട്ടീവ് മെഡിക്കൽ കെയറും മാനേജ്മെൻ്റും ഉപയോഗിച്ച് സുഖം പ്രാപിക്കുന്നു. രോഗബാധിതനായ രോഗിയുമായുള്ള ദീർഘവും അടുത്തതുമായ സമ്പർക്കത്തിലൂടെ ആണ് പകരുന്നത്. സാധാരണയായി പനി, ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ എന്നിവയിൽ പ്രകടമാവുകയും നിരവധി മെഡിക്കൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
നിപ ബാധിച്ച് 24 കാരൻ മരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ സ്ഥാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളം ജാഗ്രതയിലാണ്. സെപ്തംബർ 9ന് മരിച്ചയാൾക്ക് നിപ വൈറസ് ബാധയുണ്ടെന്ന് ഞായറാഴ്‌ച സർക്കാർ സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ ഉള്ളവരിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
ജൂലൈ 21ന് നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഒരു കുട്ടി മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ വർഷം ആദ്യമായി നിപ ബാധ സ്ഥിരീകരിച്ച കേസാണിത്.
2018, 2021, 2023 വർഷങ്ങളിൽ കോഴിക്കോട് ജില്ലയിലും 2019ൽ എറണാകുളം ജില്ലയിലും നിപ ബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് ആൻ്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.