രാജ്യത്തുടനീളമുള്ള ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ വര്‍ധനവ് ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പുതിയ റിപ്പോര്‍ട്ട്. മൂത്രനാളി അണുബാധ (യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍), രക്തത്തിലെ അണുബാധ, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയുടെ ചികിത്സയില്‍ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഫലം കാണാതായതിനാല്‍ ചികിത്സ കൂടുതല്‍ ബുദ്ധിമുട്ടാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിക്കുന്നതായി കണ്ടെത്തല്‍:
ഐസിഎംആറിന്റെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ്‌വർക്കിന്റെ (AMRSN) ഭാഗമായി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 99,492 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ആന്റിബയോട്ടിക് പ്രതിരോധം രൂക്ഷമായി വര്‍ധിച്ചിരിക്കുന്നത് വ്യക്തമായത്. ഇകോളി, ക്ലെബ്‌സിയെല്ല ന്യുമോണിയെ, സ്യൂഡോമോണാസ് എരുഗിനോസ, സ്‌റ്റെഫലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും പരിശോധിച്ചത്.
റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഇകോളി ബാക്ടീരിയയുടെ ശക്തമായ പ്രതിരോധം ശ്രദ്ധേയമാണ്. സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ 20 ശതമാനത്തില്‍ താഴെ മാത്രം ഫലപ്രാപ്തി കാണപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. സമാനമായി ക്ലെബ്‌സിയെല്ല ന്യുമോണിയെ, സ്യൂഡോമോണാസ് എരുഗിനോസ എന്നിവയ്ക്കും ശക്തമായ ആന്റിബയോട്ടിക് പ്രതിരോധം തെളിയിച്ചിരിക്കുന്നു.
കൂടാതെ, 2017-ല്‍ പൈപ്രാസിലിന്‍-ടസോബാക്ടം എന്ന ആന്റിബയോട്ടിക്ക് 56.8% ഫലപ്രാപ്തി ഉണ്ടായിരുന്നുവെങ്കില്‍, 2023-ല്‍ ഇത് 42.4% ആയി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രക്തം, മൂത്രം, ശ്വാസകോശം തുടങ്ങിയവയില്‍ നിന്ന് ശേഖരിച്ച ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ സംക്രാമണത്തിന് കാരണം ആവുന്നുവെന്നും, സാല്‍മോണെല്ല ടൈഫി പോലുള്ള ബാക്ടീരിയകളുടെ ഫ്ലൂറോക്വിനോളോണ്‍സ് എന്ന ആന്റിബയോട്ടിക്കിനെതിരെ 95% പ്രതിരോധം രൂപപ്പെട്ടുവെന്ന് ഐസിഎംആര്‍ കണ്ടെത്തി.
ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ഭീഷണി വര്‍ധിച്ചുവരുന്നതിന് മറുപടിയെന്ന നിലയില്‍ ആന്റിബയോട്ടിക് ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അതേസമയം, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വേദിയിലൂടെ ലോകാരോഗ്യ സംഘടന (WHO) ആന്റിബയോട്ടിക് പ്രതിരോധത്തെ കുറിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നമായി കണക്കാക്കണമെന്ന് ആഹ്വാനം ചെയ്തു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 39 ദശലക്ഷം ആളുകള്‍ ആന്റിബയോട്ടിക് പ്രതിരോധം മൂലം മരിക്കുമെന്നത് ലാന്‍സെറ്റ് ജേണലിലെ പുതിയ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.