16 October 2024

ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ സ്വകാര്യ സേനയ്ക്ക് സഹായം നല്‍കിയ ടാറ്റ

നൂറുകണക്കായ ഗ്രാമീണരെ കൊന്നൊടുക്കിയും സ്ത്രീകള്‍ക്കെതിരായി അക്രമങ്ങള്‍ അഴിച്ചുവിട്ടും ആയിരുന്നു ഗ്രാമീണ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് ആദിവാസികളെ എത്തിച്ചിരുന്നത്.

| കെ സഹദേവന്‍

2005 ജൂണ്‍ 4. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ലോഹാന്‍ഡിഗുഡയില്‍ മെഗാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടാറ്റാ സ്റ്റീല്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി 19,500 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച MoU ഒപ്പുവെക്കുന്നു. ലോഹാന്‍ഡിഗുഡയിലെ 10ഓളം ഗ്രാമങ്ങളില്‍ നിന്നായ് ഏതാണ്ട് 2000 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റൈടുത്ത് ടാറ്റയ്ക്ക് നല്‍കണം എന്നായിരുന്നു കരാറിലെ ഒരു വ്യവസ്ഥ. 1700ഓളം കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതായിരുന്നു പദ്ധതി. പദ്ധതി സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ച കാലംതൊട്ടുതന്നെ ഭൂമി വിട്ടുനല്‍കുന്നതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് കര്‍ഷകര്‍ അധികാരികളെ അറിയിച്ചിരുന്നു.

ജൂണ്‍ 4ന്, ടാറ്റാ സ്റ്റീല്‍ കമ്പനി അധികൃതര്‍ ഛത്തീസ്ഗഢ് സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്ന അതേ അവസരത്തില്‍ ബസ്തര്‍ ജില്ലയിലെ കാന്‍കേര്‍ ബ്ലോക്കിലെ മാട്ട്‌വാഡ ഗ്രാമത്തില്‍ സല്‍വാ ജുദൂം എന്ന സ്വകാര്യ സേനയുടെ ആദ്യ പൊതുയോഗവും നടന്നു. ബിജെപി മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഭരണത്തിലിരിക്കുമ്പോഴായിരുന്നു ടാറ്റയുമായുള്ള ഈ കരാര്‍ ഒപ്പുവെക്കപ്പെട്ടത്.

അതേസമയം സല്‍വാ ജുദൂം എന്ന നിയമവിരുദ്ധ സ്വകാര്യ സേനയെ സംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് കോണ്‍ഗ്രസ്സ് എംഎല്‍എ ആയിരുന്ന മഹേന്ദ്ര കര്‍മ്മയും. മഹേന്ദ്ര കര്‍മ്മ അക്കാലത്ത് ഛത്തീസ്ഗഢില്‍ അറിയപ്പെട്ടിരുന്നത് രമണ്‍ സിംഗ് മന്ത്രിസഭയിലെ 16ാമത്തെ മന്ത്രി എന്ന നിലയിലായിരുന്നു. ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളും വ്യവസായികളും എത്രമാത്രം ഒത്തൊരുമയോടെയായിരുന്നു ആദിവാസികളില്‍ നിന്നും ഭൂമി തട്ടിപ്പറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നത് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

‘സല്‍വാ ജുദൂം’ എന്ന വാക്കിന് സമാധാനപരമായ മുന്നേറ്റം എന്നാണര്‍ത്ഥം. ഛത്തീസ്ഗഢിലെ ധാതുനിക്ഷേപങ്ങളില്‍ കണ്ണുവെച്ച് വന്‍കിട വ്യവസായികളുടെ സാമ്പത്തിക പിന്തുണയോടെയും കേന്ദ്ര-സ്ംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശീര്‍വ്വാദത്തോടെയും രൂപീകരിച്ച ഈ സംഘടനയ്ക്ക് ടാറ്റ ഗ്രൂപ്പ് വന്‍തോതിലുള്ള സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു.
ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന ഗ്രാമീണരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുക എന്നതായിരുന്നു സല്‍വാ ജൂദൂമിന്റെ പ്രാഥമിക ജോലി.

ദണ്ഡേവാദയില്‍ ശക്തമായിരുന്ന ഇടത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള മുന്നേറ്റം എന്ന നിലയിലായിരുന്നു ഇതിനെ അവതരിപ്പിച്ചത്. സല്‍വാ ജുദൂമിന്റെ കാലാള്‍പ്പടയില്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ആദിവാസികളായിരുന്നുവെങ്കിലും അതിന്റെ നേതൃസ്ഥാനത്ത് മുഴുവനായും തന്നെ ആദിവാസിയേതര വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

2007ല്‍ സുപ്രീം കോടതി സല്‍വാ ജുദൂമിനെ നിയമവിരുദ്ധ സേനയായി പ്രഖ്യാപിക്കുന്നതുവരെയുള്ള കാലയളവില്‍ ഏതാണ്ട് 644 ഗ്രാമങ്ങളില്‍ നിന്നായി 1 ലക്ഷം മുതല്‍ 3 ലക്ഷം വരെ (ഇതുസംബന്ധിച്ച കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല) ആദിവാസി ഗ്രാമീണരെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയൊഴിപ്പിച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി . തോക്കുകളും ലാത്തികളും അടക്കമുള്ള ആയുധങ്ങള്‍ നല്‍കിയായിരുന്നു സല്‍വാ ജുദൂം സേനയെ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി കയറഴിച്ചുവിട്ടത്.

സല്‍വാ ജുദൂമിന്റെ പിറവിക്ക് പിന്നില്‍ ടാറ്റ മാത്രമാണെന്ന് ആരോപിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യമാണ്. എസ്സാര്‍, ജിന്‍ഡാല്‍ എന്നിവ അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ ജനങ്ങളെ നിയമവിരുദ്ധമായി ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സല്‍വാ ജുദൂമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും സല്‍വാ ജുദൂം സേനാംഗങ്ങള്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ പദവി നല്‍കിക്കൊണ്ട് ഗ്രാമങ്ങളില്‍ അഴിഞ്ഞാടാന്‍ അവസരം നല്‍കുകയുണ്ടായി എന്ന് സല്‍വാ ജൂദൂമിനെക്കുറിച്ച് പിന്നീട് നടത്തിയ ജനകീയാന്വേഷണത്തില്‍ വെളിപ്പെടുകയുണ്ടായി.

നൂറുകണക്കായ ഗ്രാമീണരെ കൊന്നൊടുക്കിയും സ്ത്രീകള്‍ക്കെതിരായി അക്രമങ്ങള്‍ അഴിച്ചുവിട്ടും ആയിരുന്നു ഗ്രാമീണ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് ആദിവാസികളെ എത്തിച്ചിരുന്നത്. സല്‍വാ ജൂദൂമിനെ സംബന്ധിച്ച് രാമചന്ദ്ര ഗുഹയുടെയും നന്ദിനി സുന്ദറുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍ഡിപെന്റഡ് സിറ്റിസണ്‍സ് ഇനീഷ്യേറ്റീവ് 2006 ജൂലൈ 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി അവതരിപ്പിക്കുന്നുണ്ട്. (റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).

ജനകീയ ചെറുത്തുനില്‍പ്പുകളെ തുടര്‍ന്ന് ടാറ്റയുടെ ബസ്തറിലെ സ്റ്റീല്‍ പ്ലാന്റ് സ്വപ്നം തകര്‍ന്നുവെങ്കിലും തങ്ങളുടെ ഭൂമിയില്‍ നിന്നും ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമി തിരികെ ലഭിക്കാന്‍ പിന്നെയും പോരാട്ടം നടത്തേണ്ടി വന്നു. 2016ന് ടാറ്റാ സ്റ്റീല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു. 2016ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭൂപേന്‍ ഭാഗല്‍ ടാറ്റയ്ക്ക് ഏറ്റെടുത്ത ഭൂമി ജനങ്ങള്‍ക്ക് തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചു. എങ്കില്‍ക്കൂടിയും 2019ല്‍ മാത്രമാണ് 1764.61 ഹെക്ടര്‍ ഭൂമി തിരികെ ജനങ്ങള്‍ക്ക് നല്‍കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്.

ഛത്തീസ്ഗഢ് അടക്കമുള്ള ആദിവാസി ഇടനാഴികളിലെ ധാതുക്കളിന്മേല്‍ കണ്ണുവെച്ച് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ‘strategic hamletting തന്ത്രങ്ങള്‍ക്ക് അടിത്തറപാകിയത് ‘മൃഗസ്‌നേഹി’യെന്നും ‘ആതുരസേവകനെ’ന്നും ‘കോര്‍പ്പറേറ്റ് ലോകത്തിന്റെ കാരുണ്യമുഖ’മെന്നും പാടിപ്പുകഴ്ത്തപ്പെടുന്ന ഇതേ ടാറ്റ തന്നെയാണ് എന്നുകൂടി ഓര്‍ക്കുക.

Share

More Stories

യുഎസ് വാർത്താ മാധ്യമങ്ങളെ പൂർണമായി അവിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർദ്ധിക്കുന്നു

0
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാരിൽ മൂന്നിലൊന്നിൽ താഴെ ആളുകൾ യുഎസ് വാർത്താ മാധ്യമങ്ങളെ വിശ്വസിക്കുന്നു, ഇത് റെക്കോർഡ് നിരക്കിൽ താഴ്ന്ന കണക്കാണ്. 2023 നെ അപേക്ഷിച്ച് മാധ്യമങ്ങൾ...

അരുണാചൽ പ്രദേശ് ഇപ്പോൾ 36 ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണെന്ന് സർവേ

0
അരുണാചൽ പ്രദേശിൽ നിലവിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവേയിൽ പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുമായി സഹകരിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് (DoEFCC) നടത്തിയ സർവേ അരുണാചൽ പ്രദേശ് വനം മന്ത്രി വാങ്കി ലോവാങ് പുറത്തിറക്കി....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

0
നേതൃത്വവുമായി ഇടഞ്ഞുകൊണ്ടു കോണ്‍ഗ്രസ് പാർട്ടി വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസ് നേതൃത്വവുമായി...

വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്തില്ല; ഹരിയാന, പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സമൻസ്

0
വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാത്തതിന് പഞ്ചാബ്, ഹരിയാന സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി ഒക്ടോബർ 23 ന് നിലപാട് വിശദീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. “ഞങ്ങൾ നിങ്ങൾക്ക് ഒരാഴ്ച...

ബിബിസിയുടെ ഫണ്ടിംഗ് വെട്ടിക്കുറച്ചു; റഷ്യൻ മാധ്യമങ്ങളോടുള്ള ‘പ്രചാരണ’ പോരാട്ടത്തിൽ യുകെ പരാജയപ്പെടുന്നു

0
ബിബിസി വേൾഡ് സർവീസിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചത് റഷ്യൻ, ചൈനീസ് മാധ്യമങ്ങളെ ഗ്ലോബൽ സൗത്തിൽ ഉടനീളം വെല്ലുവിളിയില്ലാത്ത സംപ്രേക്ഷണം അനുവദിച്ചു എന്ന് ബ്രിട്ടീഷ് സ്റ്റേറ്റ് മീഡിയ ബിബിസി ഡയറക്ടർ ജനറൽ പരാതിപ്പെട്ടു. ബിബിസിയുടെ വേൾഡ്...

കേരള രാജ്യാന്തര ചലച്ചിത്ര മേള: മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ, ഒപ്പം കിഷ്കിന്ധ കാണ്ഡവും

0
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യും ഇന്ദു ലക്ഷ്മിയുടെ 'അപ്പുറ'വും ആണ് മത്സരവിഭാഗത്തിലുള്ളത്. മലയാള സിനിമ ഇന്ന്...

Featured

More News